സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക്

തിരുവനന്തപുരം: മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങളും നിയമനടപടികളും തീര്‍ത്ത അനിശ്ചിതത്വം ഏറക്കുറെ നീങ്ങിയതോടെ സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഏതു വിധേനയും വിജയം കൊയ്യാനുള്ള തന്ത്രങ്ങളൊരുക്കുകയാണ് രാഷ്ട്രീയ കക്ഷികളും മുന്നണികളും. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ഒരു മാസത്തിലേറെ ശേഷിക്കെ സീറ്റ് വിഭജനം അടക്കമുള്ള നടപടികളിലേക്ക് ഇവര്‍ ഉടന്‍ കടക്കും. തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നടപടികള്‍ സര്‍ക്കാറും തെരഞ്ഞെടുപ്പ് കമീഷനും വേഗത്തിലുമാക്കും.
തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമീഷന്‍ തിങ്കളാഴ്ച ഉത്തരവ് പുറത്തിറക്കി. അതേസമയം, റദ്ദായ ഗ്രാമപഞ്ചായത്തുകളുടെ വിഷയം ഈ മാസം 14ന് കോടതിയുടെ പരിഗണനക്കത്തെുന്നുണ്ട്. ഇതിലെ കോടതി നിലപാടും നിര്‍ണായകമാകും.
തദ്ദേശ തലത്തില്‍ വിജയമുറപ്പിക്കാനുള്ള നീക്കങ്ങള്‍  രാഷ്ട്രീയ കക്ഷികള്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷത്തോളമായി. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കവേ തദ്ദേശ വിജയം ഇരുമുന്നണികള്‍ക്കും ഒപ്പം ബി.ജെ.പിക്കും നിര്‍ണായകമാണ്. ഇക്കുറി ഒട്ടേറെ പുതിയ കക്ഷികളും തെരഞ്ഞെടുപ്പ് രംഗത്തുണ്ടാവും.
മാലിന്യ പ്രശ്നം, ജൈവ കൃഷി എന്നിവയില്‍ സജീവമായ ഇടപെടല്‍ നടത്തിയാണ് സി.പി.എം നേരത്തേതന്നെ കളത്തിലിറങ്ങിയത്. റോഡ് വികസനം, പ്രാദേശിക പ്രശ്നങ്ങള്‍ എന്നിവയിലെല്ലാം ഇവര്‍ കഴിഞ്ഞ മാസങ്ങളില്‍ സമരരംഗത്തുണ്ടായിരുന്നു. ഇടതു പാര്‍ട്ടികളെല്ലാം ഇതിനു പിന്നാലെയുണ്ട്. കോണ്‍ഗ്രസാകട്ടെ പുതിയ മുനിസിപ്പാലിറ്റികളും ഗ്രാമപഞ്ചായത്തുകളും യാഥാര്‍ഥ്യമാക്കി നേട്ടം കൊയ്യാനാണ് നീക്കം നടത്തിയത്.
എന്നാല്‍, 69 ഗ്രാമപഞ്ചായത്തുകള്‍ യാഥാര്‍ഥ്യമാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. സര്‍ക്കാറിന്‍െറ വിവിധ ക്ഷേമ പദ്ധതികള്‍ താഴേ തട്ടില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ഇരുമുന്നണികള്‍ക്കുമെതിരെ കടുത്ത പോര്‍ മുഖം തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ്  ബി.ജെ.പി. തദ്ദേശ തെരഞ്ഞെടുപ്പ് നീളുന്നത് സര്‍ക്കാറിനെതിരെ ഇടതുപക്ഷവും ബി.ജെ.പിയും ആയുധമാക്കും.
28 പുതിയ മുനിസിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പറേഷനും യാഥാര്‍ഥ്യമാകുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്‍െറ പ്രത്യേകത. 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ളോക് പഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍, ആറ് കോര്‍പറേഷനുകള്‍, 14 ജില്ലാപഞ്ചായത്തുകള്‍ എന്നിവയിലേക്കാണ് തെരഞ്ഞെടുപ്പ് . ഇവയിലെല്ലാമായി 22000 ത്തിലേറെ വാര്‍ഡുകള്‍  ഉണ്ടാകും. കാലാവധി അവസാനിക്കാത്തതിനാല്‍ മട്ടന്നൂര്‍ നഗരസഭയില്‍  ഇപ്പോള്‍ തെരഞ്ഞെടുപ്പില്ല. 935 ഗ്രാമപഞ്ചായത്തുകളിലും 122 ബ്ളോക്കുകളിലും 59 മുനിസിപ്പാലിറ്റികളിലും നാല് കോര്‍പറേഷനുകളിലും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലും വാര്‍ഡ് വിഭജനമില്ല.
ആറ് ഗ്രാമപഞ്ചായത്തുകളിലും കണ്ണൂര്‍, കൊല്ലം കോര്‍പറേഷനുകളിലും 30 ബ്ളോക്കുകളിലും 28 മുനിസിപ്പാലിറ്റികളിലും 13 ജില്ലാ പഞ്ചായത്തുകളിലുമാണ് അതിര്‍ത്തി പുനര്‍നിര്‍ണയം നടക്കുക.  മുനിസിപ്പാലിറ്റികളുടെ വാര്‍ഡ് വിഭജനം അന്തിമ ഘട്ടത്തിലാണ്. 30 ബ്ളോക്കുകള്‍ പുന$ക്രമീകരിക്കുന്നതിന്‍െറ കരട് വിജ്ഞാപനത്തില്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാനുള്ള  സമയ പരിധി കഴിഞ്ഞു. വെറും 30 പരാതികളാണ് ലഭിച്ചിട്ടുള്ളത്. വേഗത്തില്‍ ഇതിലെ നടപടികള്‍ പൂര്‍ത്തീകരിക്കാനാകും.സര്‍ക്കാറാണ്  ഇത് ചെയ്യേണ്ടത്. ബ്ളോക് വാര്‍ഡ് നിര്‍ണയ നടപടികള്‍ ഡീലിമിറ്റേഷന്‍ കമീഷനാണ് നടത്തേണ്ടത്.
ഇതിനു ശേഷം13 ജില്ലാ പഞ്ചായത്തുകളില്‍ വാര്‍ഡ് വിഭജനം നടക്കും. എല്ലാ നടപടികളും ഒക്ടോബര്‍ 15 നകം പൂര്‍ത്തിയാക്കാനാണ് നേരത്തെ ലക്ഷ്യമിട്ടതെങ്കിലും ഇതിനു മുമ്പ് തീര്‍ക്കാനാകുമെന്നാണ് പ്രതീക്ഷ.  ശബരിമല തീര്‍ഥാടന കാലത്തിനു മുമ്പ് വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മറ്റു നടപടികള്‍ വേഗത്തിലായാല്‍ മണ്ഡലകാലത്തിനു മുമ്പ് വോട്ടെുപ്പ് നടത്താനാകും.
നവംബര്‍ 17നാണ് വൃശ്ചികം ഒന്ന്. നടപടികള്‍ വേഗത്തിലായാല്‍ ഒക്ടോബര്‍ ആദ്യം തെരഞ്ഞെടുപ്പ് പ്രഖ്യാപനവും പകുതിയോടെ വിജ്ഞാപനവും വരും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.