അഖില്‍രാജ്: അതിജീവനത്തിന്‍െറ മറ്റൊരു പേര്

വടകര: ‘പുതിയ ബാഗും പുതുവസ്ത്രങ്ങളുമായി എല്ലാവര്‍ഷവും സ്കൂള്‍ തുറക്കുന്ന ദിവസം കുട്ടികള്‍ കൂട്ടത്തോടെ പോകുന്നത് കാണാറുണ്ട്. അപ്പോഴൊക്കെ എനിക്കും സ്കൂളില്‍ പോകണമെന്ന് ഞാന്‍ അച്ഛനോട് പറയാറുണ്ട്. അമ്മ പറയും അടുത്തവര്‍ഷം പോകാമെന്ന്. അങ്ങനെയിരിക്കെ എനിക്ക് രോഗത്തെ കുറിച്ച് ബോധ്യമായി. പെട്ടെന്നൊരുനാള്‍ മാറില്ല. പിന്നെ സ്വയം പഠിക്കാന്‍ തീരുമാനിച്ചു. പലരും പഠിപ്പിച്ചു. ഒന്നു കൃത്യതയുള്ളതായിരുന്നില്ല. അപ്പോഴാണ്, എന്‍െറ ജീവിതത്തില്‍ വിപ്ളവകരമായ മാറ്റം നടത്തിയ സാക്ഷരതാസംവിധാനത്തെ അറിയുന്നത്. അതുവഴി നാല്, ഏഴ്, 10 ക്ളാസുകള്‍ പഠിച്ചു. സര്‍ട്ടിഫിക്കറ്റും കിട്ടി. ഇപ്പോള്‍ പ്ളസ് വണിന് പഠിക്കുന്നു. വെറുതെയിരിക്കാന്‍ കഴിയില്ല. അപ്പോള്‍ പഠിപ്പിക്കുന്ന അധ്യാപകരെ ഓര്‍മവരും...’ വടകര എസ്.ജി.എം.എസ്.ബി സ്കൂളില്‍ ഈ അധ്യയനവര്‍ഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് ജന്മനാസെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച എസ്.ആര്‍. അഖില്‍ രാജ് പറഞ്ഞ വാക്കുകളാണിത്. വാക്കുകള്‍ക്ക് വ്യക്തത കുറവാണെങ്കിലും അഖിലിനെ കേട്ടിരുന്ന വിദ്യാര്‍ഥികളും അധ്യാപകരും അദ്ഭുതപ്പെട്ടു.
വിദ്യാഭ്യാസത്തെ എത്രമാത്രം ഈ ചെറുപ്പക്കാരന്‍ സ്നേഹിക്കുന്നുവെന്ന് അനുഭവിക്കുകയായിരുന്നു. അങ്ങനെ, അതിജീവനത്തിന്‍െറ മറ്റൊരു പേരായി അഖില്‍ മാറി. വീണ്ടുമൊരു സാക്ഷരതാദിനം കടന്നുപോകുമ്പോള്‍ നാടിന്‍െറ അഭിമാനമായി മാറുകയാണ് കവികൂടിയായ ഇദ്ദേഹം. നക്ഷത്രങ്ങളെത്തേടി, മഴ നനഞ്ഞ് എന്നീ രണ്ടു കവിതസമാഹാരങ്ങള്‍ പുറത്തിറക്കി. മനസ്സ് ഹിരോഷിമയാകുന്നുവെന്ന സമാഹരത്തിന്‍െറ പണിപ്പുരയിലാണിപ്പോള്‍. പേരിടാത്തൊരു തിരക്കഥയും അഖില്‍ പൂര്‍ത്തീകരിച്ചു. ഇതിനിടെ, ഡി.ടി.പി പഠിച്ചു. ഇനി കമ്പ്യൂട്ടറില്‍ തന്‍െറ സാഹിത്യരചന ആരംഭിക്കണമെന്നാണ് ആഗ്രഹം.  ഇത്തവണ സര്‍ക്കാറിന്‍െറ അംഗപരിമിതര്‍ക്കുള്ള സംസ്ഥാന കമീഷണറേറ്റിന്‍െറ മികച്ച കവിതസമാഹാരത്തിനുള്ള രണ്ടാമത്തെ പുരസ്കാരം ഈ ചെറുപ്പക്കാരനാണ് സ്വന്തമാക്കിയത്.
എം.ടി, ടി. പത്മനാഭന്‍, എം. മുകുന്ദന്‍, പുനത്തില്‍, പൗലോ കൊയ്ലോ, മാധവിക്കുട്ടി, ബെന്യാമിന്‍ എന്നിവരെയെല്ലാം വായിച്ച അഖിലിന് കഥയിലിഷ്ടം ടി. പത്മനാഭനെയാണ്. ഏറെ ഇഷ്ടപ്പെടുന്ന സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് തന്‍െറ തിരക്കഥ കാണിക്കണമെന്ന് മോഹമുണ്ട്. രാഷ്ട്രീയക്കാരില്‍ പ്രിയം വി.എസ്. അച്യുതാനന്ദനോടാണ്. ഇപ്പോള്‍ വായിക്കുന്നത് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍െറ ‘ചിദംബര സ്മരണ’. അമ്മയുടെ സഹോദരിയാണ് വായനയുടെ വഴിയിലത്തെിച്ചത്. 14ാം വയസ്സിലാണ് ആദ്യമായി കവിതയെഴുതിയത്. നടക്കാന്‍ പരസഹായം ആവശ്യമാണെങ്കിലും തളര്‍ന്നിരിക്കാന്‍ ഇയാള്‍ ഒരുക്കമല്ല.  എല്ലാവരും സഹതാപത്തോടെ നോക്കിക്കണ്ടപ്പോള്‍ സാക്ഷരതാ ക്ളാസില്‍ മാത്രമാണ് അത്തരമൊരു അനുഭവമില്ലാത്തതെന്ന് പറയുന്നു. സഹപാഠികള്‍ക്കൊപ്പം എല്ലാത്തരം വിനോദത്തിനും ഒരുക്കമാണ്.  യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നു. കവിതകൊണ്ട് ലഭിക്കുന്ന പണം യാത്രകള്‍ക്ക് ഉപയോഗിക്കാനാണ് പദ്ധതി. വടകര-പുതിയ ബസ്സ്റ്റാന്‍ഡിനടുത്ത് വീരാടത്ത് വീട്ടില്‍ 1992ലാണ് അഖില്‍ ജനിച്ചത്. പിതാവ് രാജന്‍ കുവൈത്തിലെ അല്‍മറായി പാല്‍ കമ്പനിയില്‍ ജീവനക്കാരനാണ്. മാതാവ്. കല്ലറക്കല്‍ സജിത.  അഖിലിന്‍െറ ‘ഞാന്‍’ എന്ന കവിതയിലെ വരികളിങ്ങനെ-‘തളിര്‍ക്കില്ല പൂക്കില്ല, തണലില്ലയെന്നില്‍, കിളികള്‍ക്ക് കൂടുകെട്ടാന്‍പോലും, പറ്റില്ളെന്‍ ശിഖരങ്ങള്‍, മണ്ണിനു വളമായെങ്കിലും അലിയുന്നില്ല ഞാന്‍’...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.