വിദ്യാഭ്യാസ മേഖലയില്‍ കുറ്റകരമായ അനാസ്ഥ -മാര്‍ താഴത്ത്


തൃശൂര്‍: അധ്യാപക ദിനത്തില്‍ സര്‍ക്കാറിനെയും വിദ്യാഭ്യാസ വകുപ്പിനെയും രൂക്ഷമായി വിമര്‍ശിച്ച് കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് വിദ്യാഭ്യാസ കമീഷന്‍ ചെയര്‍മാനും തൃശൂര്‍ അതിരൂപത ആര്‍ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ കടുത്ത അനാസ്ഥ തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്‍െറ പ്രതിഷേധ സംഗമം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ താഴത്ത്.
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗം അസ്വസ്ഥമാണ്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ആരംഭിച്ച പ്രശ്നങ്ങള്‍ ഈ സര്‍ക്കാറും പരിഹരിച്ചിട്ടില്ല. പ്രശ്ന പരിഹാരത്തിന് ഇറക്കിയ ഉത്തരവുകളില്‍ പലതും ഭരണഘടനാനുസൃതമോ കേന്ദ്രനിയമങ്ങളുമായി പൊരുത്തപ്പെടുന്നതോ ആയിരുന്നില്ല. അതുകൊണ്ട് അവ കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടു, അകാല ചരമമടഞ്ഞു. രാഷ്ട്രീയനേതൃത്വം യാഥാര്‍ഥ്യബോധവും പ്രായോഗികതയും ആത്മാര്‍ഥതയും കാണിക്കണം. രാഷ്ട്രീയ നേതൃത്വത്തെ ഉദ്യോഗസ്ഥ വൃന്ദം നയിക്കുകയാണ്. ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഭരണ നേതൃത്വത്തിന് കൈമോശം വന്നു.
വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നത് ആര് എന്നതല്ല, എപ്രകാരം എന്നതാണ് പ്രധാനം. വിദ്യാഭ്യാസ രംഗത്ത് നിസ്തുല സേവനങ്ങള്‍ ചെയ്ത വിഭാഗങ്ങളെ അവഗണിക്കാന്‍ ശ്രമം നടക്കുന്നില്ളേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ മാര്‍ച്ച് പത്തിന്  എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും താന്‍ ഉള്‍പ്പെടെയുള്ള മാനേജര്‍മാരുമായി മുഖ്യമന്ത്രിയും ആറു മന്ത്രിമാരും നടത്തിയ ചര്‍ച്ചയില്‍ അധ്യാപക -വിദ്യാര്‍ഥി അനുപാതം 1:30 ആക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, അതനുസരിച്ച ഉത്തരവല്ല ഇറങ്ങിയത്. തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ ഏകപക്ഷീയമായി പിറകോട്ട് പോയി. അതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. സര്‍ക്കാറിന്‍െറ വികലമായ നയങ്ങള്‍ പൊതുവിദ്യാഭ്യാസത്തിന്‍െറ തകര്‍ച്ചക്ക് ആക്കം കൂട്ടും. ഏകജാലകം ദുരിത ജാലകമായിട്ടുണ്ട്. എസ്.എസ്.എല്‍.സി ഫലം വന്ന് അഞ്ചു മാസമായിട്ടും പ്ളസ് ടു അവസാന അഡ്മിഷന്‍ പൂര്‍ത്തിയായിട്ടില്ല.ഓണപ്പരീക്ഷ വൈകിപ്പിച്ചിട്ടും ചോദ്യപേപ്പര്‍ തയാറായില്ല. വിദ്യാഭ്യാസ മേഖലയോടുള്ള ഈ അവഗണന വരും തലമുറയോടുള്ള വെല്ലുവിളിയാണെന്നും നമ്മുടെ വിദ്യാഭ്യാസ മേഖലയെ ദൈവം രക്ഷിക്കട്ടെയെന്നും ആര്‍ച് ബിഷപ് പറഞ്ഞു.  
ടീച്ചേഴ്സ് ഗില്‍ഡ് പ്രസിഡന്‍റ് ജോഷി വടക്കന്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.