മെഡിക്കല്‍ പ്രവേശം: റാങ്ക് ലിസ്റ്റിലുള്ളവര്‍ കടുത്ത ആശങ്കയില്‍

കോഴിക്കോട്: മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശത്തിനുള്ള മൂന്നാം അലോട്ട്മെന്‍റ് നടപടികള്‍ ആരംഭിച്ചിട്ടും റാങ്ക് ലിസ്റ്റിലുള്ളവര്‍ കടുത്ത ആശങ്കയില്‍. പ്രവേശപ്രക്രിയ സെപ്റ്റംബറോടെ അവസാനിക്കാനിരിക്കെ ഏതാനും സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സിലിന്‍െറ അംഗീകാരം പുതുക്കി ലഭിക്കാത്തതാണ് പ്രശ്നം.
കഴിഞ്ഞവര്‍ഷം 2800ാം റാങ്കുകാരനുവരെ ലഭിച്ച മെഡിസിന്‍ സീറ്റ് ഇത്തവണ കിട്ടുമോ എന്നത് സംശയമാണ്.
ഒമ്പത് സര്‍ക്കാര്‍ കോളജുകളിലെ ഏറക്കുറെ ഭൂരിഭാഗം സീറ്റുകളിലെയും പ്രവേശം രണ്ട് അലോട്ട്മെന്‍േറാടെ പൂര്‍ത്തിയായി. പ്രോസ്പെക്ടസില്‍ കാണിച്ച 14 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മെറിറ്റ് സീറ്റുകളിലാണ് വിദ്യാര്‍ഥികളുടെ പ്രതീക്ഷ. എന്നാല്‍, മാനേജ്മെന്‍റുകളുമായി ധാരണയിലത്തൊന്‍ കഴിയാത്തതിനാല്‍ ഭൂരിപക്ഷം വരുന്ന ഈ കോളജുകള്‍ ആദ്യ അലോട്ട്മെന്‍റില്‍  ഉള്‍പ്പെട്ടില്ല. ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സിലിനു കീഴിലെ അമല, പുഷ്പഗിരി, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജുകളും പരിയാരം സഹകരണ കോളജിനെയും ഉള്‍പ്പെടുത്തി ഏറെ വൈകിയാണ് രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചത്. ഇരു അലോട്ട്മെന്‍റുകള്‍ക്കുശേഷം സെപ്റ്റംബര്‍ അഞ്ചിനാണ് മൂന്നാം അലോട്ട്മെന്‍റ് തുടങ്ങിയത്.
എസ്.യു.ടി അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സ്, ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ സി.എസ്.ഐ മെഡിക്കല്‍ കോളജ്, ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവയാണ് മൂന്നാം അലോട്ട്മെന്‍റില്‍ ഉള്‍പ്പെട്ടത്. പ്രോസ്പെക്ടസിലുള്ള അസീസിയ കോളജിന് ന്യൂനപക്ഷ പദവി ലഭിച്ചതിനാല്‍ മുഴുവന്‍ സീറ്റിലേക്കും ഇത്തവണ സ്വന്തം നിലക്ക് പ്രവേശം നടത്തും. പെരിന്തല്‍മണ്ണ എം.ഇ.എസ്, കോഴിക്കോട് കെ.എം.സി.ടി തുടങ്ങിയ കോളജുകളും സ്വന്തം നിലക്കാണ് പ്രവേശം നടത്തുന്നത്.
ശേഷിക്കുന്ന അഞ്ച് കോളജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സിലിന്‍െറ അംഗീകാരം ലഭിച്ചിട്ടില്ല. അംഗീകാരം ലഭിച്ചശേഷം ഈ കോളജുകളുമായി സര്‍ക്കാര്‍ ധാരണയുണ്ടാക്കി നാലാം അലോട്ട്മെന്‍റില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. സെപ്റ്റംബര്‍ 30നകം പ്രവേശനടപടികള്‍ അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കെ ഈ കാര്യങ്ങള്‍ നടന്നില്ളെങ്കില്‍ റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ട 500ഓളം പേര്‍ക്കെങ്കിലും മെറിറ്റ് സീറ്റ് ഈ വര്‍ഷം അപ്രാപ്യമാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.