തദ്ദേശ തെരഞ്ഞെടുപ്പ്: സ്റ്റാന്‍ഡിങ് കോണ്‍സലുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: തിങ്കളാഴ്ച നടക്കാനിരിക്കുന്ന സര്‍വകക്ഷിയോഗത്തിനുമുന്നോടിയായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ കമീഷന്‍െറ ഹൈകോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സലുമായി ചര്‍ച്ചനടത്തി.
സുപ്രീംകോടതിയിലെ വിരമിച്ച ജഡ്ജിമാരടക്കമുള്ളവരുടെ നിയമോപദേശവും തേടി. സ്റ്റാന്‍ഡിങ് കോണ്‍സല്‍ മുരളി പുരുഷോത്തമനുമായാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് കമീഷണര്‍ കെ. ശശിധരന്‍നായര്‍ വിശദമായ ചര്‍ച്ചനടത്തിയത്.
സര്‍വകക്ഷിയോഗത്തിന്‍െറ അടിസ്ഥാനത്തിലായിരിക്കും തദ്ദേശതെരഞ്ഞെടുപ്പ് തീയതി കമീഷന്‍ തീരുമാനിക്കുക.
പുതുതായി രൂപവത്കരിച്ച 28 മുനിസിപ്പാലിറ്റികളെയും കണ്ണൂര്‍ കോര്‍പറേഷനെയും ഉള്‍പ്പെടുത്തി നവംബറിലും പുതിയ നഗരസഭകളെ ഒഴിവാക്കി 2010 ലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ഒക്ടോബറിലും തെരഞ്ഞെടുപ്പ് നടത്താന്‍ മറ്റ് തടസ്സങ്ങളില്ളെന്നാണ് കമീഷന്  ലഭിച്ച നിയമോപദേശം. നാളെ രാവിലെ 11ന് തൈക്കാട് ഗെസ്റ്റ്ഹൗസില്‍ നടക്കുന്ന സര്‍വകക്ഷിയോഗത്തിലെ നിര്‍ദേശങ്ങള്‍ പരിഗണിച്ച ശേഷം കമീഷന്‍ യോഗംചേര്‍ന്ന് തെരഞ്ഞെടുപ്പ്തീയതി സംബന്ധിച്ച് തീരുമാനമെടുക്കും.
ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിധിയില്‍ ഇനിയും ചില സങ്കീര്‍ണതകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പുതുതായി രൂപവത്കരിച്ച 28 നഗരസഭകള്‍ക്ക് അംഗീകാരം നല്‍കിയ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിധിയുടെ അടിസ്ഥാനത്തില്‍ ഇതിന് നിയമസാധുത ലഭിച്ചതായി ചൂണ്ടിക്കാട്ടുന്നു. ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ചില നിയമപോരാട്ടങ്ങള്‍ കൂടി മുന്‍കൂട്ടി കണ്ടാകും കമീഷന്‍ തീരുമാനം എടുക്കുക. തെരഞ്ഞെടുപ്പ് അനന്തമായി നീട്ടാനുള്ള വഴികള്‍ അടക്കേണ്ടതും അനിവാര്യമാണ്.
നിയമനടപടികളുമായി ചിലര്‍ മുന്നോട്ടു പോകാനുള്ള സാധ്യതയും നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.
 ശ്രീകൃഷ്ണജയന്തി പ്രമാണിച്ച് ഇന്നലെ അവധിയായിരുന്നെങ്കിലും ചര്‍ച്ചകള്‍ക്കായി തെരഞ്ഞെടുപ്പ് കമീഷണറും ഉദ്യോഗസ്ഥരും രാത്രി വൈകുംവരെ ഓഫിസിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.