കോഴിക്കോട്: പ്രമുഖ സാഹിത്യനിരൂപകനും കാലിക്കറ്റ് സര്‍വകലാശാലാ മലയാള പഠനവകുപ്പ് മുന്‍ മേധാവിയുമായ ഡോ. എം.എം. ബഷീറിനെതിരെ തീവ്രഹിന്ദുത്വവാദികളുടെ സംഘടിത നീക്കം. രാമായണ മാസാചരണ വേളയില്‍ ‘മാതൃഭൂമി’യില്‍ ശ്രീരാമനെ അപമാനിക്കുന്ന തരത്തില്‍ എഴുതിയെന്ന് ആരോപിച്ചാണ് ഒരുവിഭാഗം ഹിന്ദുത്വ പ്രവര്‍ത്തകരുടെ രംഗപ്രവേശം. സാമൂഹികമാധ്യമങ്ങളിലൂടെയും നേരിട്ടും തെറിവിളികളും പ്രതിഷേധവും ശക്തമായതോടെ മാതൃഭൂമിയിലെ കോളം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നു. ‘രാമായണം ജീവിത സാരാമൃതം’ എന്ന കോളത്തില്‍ ആഗസ്റ്റ് മൂന്നുമുതല്‍ ഏഴുവരെയാണ് എം.എം. ബഷീറിന്‍െറ കോളം പ്രസിദ്ധീകരിച്ചത്. ആഗസ്റ്റ് മൂന്നിന് രാമന്‍െറ ക്രോധം എന്ന പേരില്‍ ആദ്യരചന വന്നതോടെയാണ് പ്രതിഷേധങ്ങളുടെ തുടക്കം.
രാമായണത്തെ കുറിച്ച് മുസ്ലിമായ ഒരാള്‍ മോശമായി എഴുതുന്നുവെന്നും ഹിന്ദു സമൂഹത്തെ അപമാനിക്കുന്ന പത്രം ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടുള്ള വാട്സ്ആപ് സന്ദേശങ്ങളാണ് പ്രചരിച്ചത്. ഇതോടെ, എഴുത്തുകാരന്‍െറയും പത്രത്തിന്‍െറയും ഓഫിസുകളിലേക്ക് ഫോണ്‍ വിളികള്‍ വന്നു. തെറിയും ഭീഷണിയുമൊക്കെയാണ് മിക്കതിന്‍െറയും ചുരുക്കം. അഗ്നിപരീക്ഷ, ഉടലെടുത്ത ദു$ഖം, അന്തര്‍ധാനം, പാപബോധം തുടങ്ങിയ തലക്കെട്ടുകളില്‍ തുടര്‍ന്നും കോളങ്ങള്‍ വന്നതോടെ പ്രതിഷേധം മറനീക്കി. ഹനുമാന്‍ സേനാ പ്രവര്‍ത്തകര്‍ മാതൃഭൂമി കോഴിക്കോട് ഓഫിസിനു മുന്നില്‍ പത്രം കത്തിച്ച് പ്രകടനവും നടത്തി. തെറിയും ഭീഷണിയുമെല്ലാം കൂടിയതോടെ കോളം പാതിവഴിയില്‍ നിര്‍ത്തുകയാണുണ്ടായത്. ഭീഷണി വര്‍ധിച്ചതോടെ ഡോ.എം.എം ബഷീറിനെ ഇപ്പോള്‍ ടെലിഫോണില്‍പോലും കിട്ടുന്നില്ല.
എഴുത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. രാമായണ മാസാചരണ വേളയില്‍ എല്ലാ വിഭാഗത്തിലെ എഴുത്തുകാരെയും ഉള്‍പ്പെടുത്തിയാണ് മാതൃഭൂമി കോളം തയാറാക്കുന്നത്. മുന്‍ വര്‍ഷങ്ങളിലും ഇത്തരം രചനകള്‍ ഉള്‍പ്പെടുത്തിയെങ്കിലും എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. അതേസമയം ദേശീയ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയതോടെ വിഷയം വന്‍ ചര്‍ച്ചയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.