കീടനാശിനി നിരോധം: ചീഫ് സെക്രട്ടറിക്ക് കമ്പനികളുടെ വക്കീല്‍ നോട്ടീസ്

തൃശൂര്‍: സംസ്ഥാനത്ത് ഒമ്പത് കീടനാശിനികളുടെ ഉപയോഗം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തതിനെതിരെ ചീഫ് സെക്രട്ടറി ജിജി തോംസണ് കീടനാശിനി നിര്‍മാണ കമ്പനികളുടെ സംഘടന വക്കീല്‍ നോട്ടീസ് അയച്ചു.
ഡല്‍ഹി ആസ്ഥാനമായ ക്രോപ് കെയര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് കഴിഞ്ഞമാസം 22ന് മുംബൈ ഹൈകോടതിയിലെ അഭിഭാഷകന്‍ ഹിരണ്യ പാണ്ഡേ മുഖനേ നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം ആവശ്യപ്പെട്ട വിവരങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് കാണിച്ചിട്ടുണ്ട്. കീടനാശിനി നിരോധിക്കാന്‍ സംസ്ഥാനത്തിനുള്ള അധികാരം ചോദ്യം ചെയ്താണ് നോട്ടീസ്.
1968ലെ ഇന്‍സെക്ടിസൈഡ്സ് ആക്ട് ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ ഒന്നാംപട്ടികയില്‍ ആര്‍ട്ടിക്ക്ള്‍ 246ല്‍പെടുന്നതാണെന്നും അതുകൊണ്ട് കേന്ദ്ര സര്‍ക്കാറിന്‍െറ പൂര്‍ണ നിയന്ത്രണത്തിലുള്ള വിഷയമാണെന്നും നോട്ടീസില്‍ പറയുന്നു.
2011 മേയ് ഏഴിന് കേരള സര്‍ക്കാര്‍ 14 കീടനാശിനികള്‍ നിരോധിച്ചതിനെതിരായ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ കഴിഞ്ഞ ജൂലൈ 28ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കൃഷിവകുപ്പ് ഒമ്പത് കീടനാശിനികള്‍ക്ക് കൂടി നിരോധമോ നിയന്ത്രണമോ ഏര്‍പ്പെടുത്തിയതാണ് സംഘടനയെ ചൊടിപ്പിച്ചത്.
ഇത്തരം നിരോധം ഏര്‍പ്പെടുത്താന്‍ സംസ്ഥാനത്തിനുള്ള സ്റ്റാറ്റ്യൂട്ടറി അധികാരം ബോധിപ്പിക്കണമെന്നാണ് ഒരു ആവശ്യം. പൂര്‍ണമായും കേന്ദ്രത്തിന്‍െറ പരിധിയിലുള്ള ഒരു നിയമത്തില്‍ കേരള സര്‍ക്കാര്‍ എങ്ങനെ ഇടപെടുമെന്ന് വ്യക്തമാക്കണം.
ഇന്‍സെക്ടിസൈഡ്സ് ആക്ട് പ്രകാരം രാജ്യവ്യാപക ഉപയോഗത്തിന് രജിസ്റ്റര്‍ ചെയ്ത കീടനാശിനികള്‍ സ്ഥിരമായി നിരോധിക്കാന്‍ കേരള സര്‍ക്കാറിന് അധികാരമുണ്ടോ എന്ന് ചോദിക്കുന്ന സംഘടന, ആക്ടിലെ സെക്ഷന്‍ 27 പ്രകാരം അത്തരമൊരു അധികാരമില്ളെന്ന് ചൂണ്ടിക്കാട്ടുന്നു.
ചില കീടനാശിനികള്‍ നിരോധിക്കാനും മറ്റു ചിലത് അനുവദിക്കാനും കേരള സര്‍ക്കാര്‍ അവലംബിച്ച ശാസ്ത്രീയ മാര്‍ഗങ്ങള്‍ എന്തെല്ലാമെന്ന് ബോധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേരള സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവുകളുടെ അധികാരിയെന്ന നിലക്കാണ് ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയക്കുന്നതെന്നും കേന്ദ്ര സര്‍ക്കാറിലെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നോട്ടീസിന്‍െറ പകര്‍പ്പ് അയച്ചതായും സൂചിപ്പിച്ചിട്ടുണ്ട്.
സംസ്ഥാന ഭക്ഷ്യസുരക്ഷാ കമീഷണര്‍ ടി.വി. അനുപമയെ കീടനാശിനി നിര്‍മാതാക്കളുടെ സംഘടന ഭീഷണിപ്പെടുത്തിയെന്ന വിവാദം നിലനില്‍ക്കുമ്പോഴാണ് ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസ് അയച്ചത് പുറത്തായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.