തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥികളില്‍ അഞ്ച് ശതമാനത്തിന് മലയാള അക്ഷരങ്ങള്‍പോലും അറിയില്ളെന്ന് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജുക്കേഷനല്‍ റിസര്‍ച് ആന്‍ഡ് ട്രെയ്നിങ് (എസ്.സി.ഇ.ആര്‍.ടി) പഠന റിപ്പോര്‍ട്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളിലെ അഞ്ച്, ഏഴ് ക്ളാസുകളിലെ വിദ്യാര്‍ഥികളില്‍ നടത്തിയ സാമ്പ്ള്‍ സര്‍വേ ഫലത്തിലാണ് കണ്ടത്തെല്‍.
മലയാളം, ഇംഗ്ളീഷ്, പരിസ്ഥിതി പഠനം, ഗണിതം, അടിസ്ഥാന ശാസ്ത്രം എന്നീ വിഷയങ്ങളിലായിരുന്നു സര്‍വേ. നാലാം ക്ളാസിലെ 47.5 ശതമാനം വിദ്യാര്‍ഥികള്‍ക്ക് മലയാള ഭാഷയിലെ ലളിതമായ ചോദ്യങ്ങള്‍ക്കുപോലും ഉത്തരം എഴുതാന്‍ കഴിയുന്നില്ല. ഇംഗ്ളീഷില്‍ 25 ശതമാനം പിന്നിലാണ്. ഗണിതത്തില്‍ 63 ശതമാനം പിന്നിലാണ്. പരിസ്ഥിതി പഠനത്തില്‍ 73 ശതമാനത്തിനും എ ഗ്രേഡ് നേടാന്‍ കഴിഞ്ഞില്ല. എസ്.സി.ഇ.ആര്‍.ടി റിസര്‍ച് ഓഫിസര്‍ ഡോ. ശോഭാ ജേക്കബ് കോഓഡിനേറ്ററായാണ് പഠനം നടത്തിയത്.
ഏഴാം ക്ളാസില്‍ മലയാള ബോധനത്തില്‍ 35 ശതമാനം പിന്നിലാണ്. ഇംഗ്ളീഷില്‍ 30 ശതമാനം കുട്ടികള്‍ക്ക് നിശ്ചിത നിലവാരമില്ല. 2.95 ശതമാനം കുട്ടികള്‍ക്ക് അക്ഷരമറിയില്ല. അടിസ്ഥാന ശാസ്ത്രത്തില്‍ 85 ശതമാനം പിന്നിലാണ്. അതില്‍ 15.47 ശതമാനവും വളരെ താഴെയാണ്. ഗണിതത്തില്‍ 27.13 ശതമാനം മാത്രമാണ് നിലവാരം പുലര്‍ത്തിയത്. 10.88 ശതമാനത്തിന് അടിസ്ഥാന ഗണിത ബോധം പോലുമില്ല. ഏഴാം ക്ളാസില്‍ 61 ശതമാനത്തിന് മലയാളം എഴുതാനുള്ള ശേഷിയില്‍ മുഴുവന്‍ സ്കോറും ലഭിച്ചു. 38 ശതമാനം പിന്നിലാണ്. പദസമ്പത്തില്‍ 95 ശതമാനം നിലവാരം പുലര്‍ത്തി. വ്യാകരണത്തില്‍ 26.44 ശതമാനം നിലവാരം പുലര്‍ത്തി. ഇംഗ്ളീഷില്‍ 45 ശതമാനത്തിനാണ് വായനാ നൈപുണിയുള്ളത്. 55 ശതമാനം പിന്നിലാണ്.
നാലാം ക്ളാസില്‍ ഗണിതത്തില്‍ 37.35 ശതമാനം എ ഗ്രേഡും 22.89 ബി ഗ്രേഡും 17.21 ശതമാനം സി ഗ്രേഡും 11.02 ശതമാനം ഡി ഗ്രേഡും 11.53 ശതമാനം ഇ ഗ്രേഡുമാണ് നേടിയത്. അഖിലേന്ത്യാ സേവ് എജുക്കേഷന്‍ സംസ്ഥാന കമ്മിറ്റിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സ്കൂള്‍ അക്കാദമിക നിലവാരത്തകര്‍ച്ചക്ക് അടിസ്ഥാനകാരണമായ പാഠ്യപദ്ധതിയും പഠന സമ്പ്രദായവും പൂര്‍ണമായി ഉപേക്ഷിച്ച് കുറ്റമറ്റ ബോധനരീതികളും മൂല്യനിര്‍ണയവും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം. ഷാജര്‍ഖാന്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.