സ്വകാര്യ സര്‍വകലാശാല: ചിലരുടെ നീക്കം സമുദായ വിദ്വേഷമുണ്ടാക്കാന്‍ -കാത്തലിക് ഫെഡറേഷന്‍

കൊച്ചി: സ്വകാര്യ സര്‍വകലാശാല രൂപവത്കരണവുമായി ബന്ധപ്പെട്ട് ചിലര്‍ ദുഷ്ടലാക്കോടെ പ്രസ്താവന നടത്തി സമുദായവിദ്വേഷം ജനിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ ആരോപിച്ചു. സംസ്ഥാനത്തെ മത സമുദായ സൗഹാര്‍ദം തകര്‍ക്കരുതെന്ന് സീറോ മലബാര്‍ സഭാ മെത്രാന്‍ സമിതി (കെ.സി.ബി.സി) ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് അഭ്യര്‍ഥിച്ചു. കാത്തലിക് ഫെഡറേഷന്‍ അല്‍മായ നേതൃയോഗം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 നൂറ്റാണ്ടുകളായി വിദ്യാഭ്യാസരംഗത്ത് കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന സമുദായങ്ങള്‍ക്ക് സ്വകാര്യ സര്‍വകലാശാല അനുവദിക്കുന്നതില്‍ വിവേചനം സര്‍ക്കാര്‍ കാണിക്കേണ്ടതില്ല. ഉന്നതവിദ്യാഭ്യാസ രംഗത്തെ കാര്യക്ഷമതയില്ലായ്മയും നിരുത്തരവാദിത്തവുമാണ് സ്വകാര്യ സര്‍വകലാശാലകളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നതെന്നും ഫാ. വള്ളിക്കാട്ട് ചൂണ്ടിക്കാട്ടി.
പ്രസിഡന്‍റ് പി.ഐ. ലാസര്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോസ് കോട്ടയില്‍, ജനറല്‍ സെക്രട്ടറി നെല്‍സണ്‍ ഫെര്‍ണാണ്ടസ്, കെ.എല്‍.സി.എ സംസ്ഥാന പ്രസിഡന്‍റ് ഷാജി ജോര്‍ജ്, കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് വി.വി. അഗസ്റ്റിന്‍, എം.സി.എ പ്രസിഡന്‍റ് പി.കെ. ജോസഫ്, അല്‍മായ കമീഷന്‍ സെക്രട്ടറി അഡ്വ. ആന്‍റണി അമ്പാട്ട്, കെ.സി.സി സെക്രട്ടറി വി.സി. ജോര്‍ജുകുട്ടി, ഡയറക്ടര്‍മാരായ ഫാ. ജേക്കബ് പാലക്കാപ്പിള്ളി, ഫാ. ജോണ്‍ തുണ്ടിയത്ത്, പ്രഫ. ജേക്കബ് എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.