കല്‍പറ്റ: പ്രസവവേദനയില്‍ പുളഞ്ഞ് വാളാട്ടെ കോളനിയില്‍നിന്ന് ജില്ലാ ആശുപത്രിയിലത്തെിയ ആദിവാസി യുവതി അനിതക്ക് (27) നേരിടേണ്ടിവന്നത് ജീവിതത്തിലെ ഏറ്റവും വലിയ അഗ്നിപരീക്ഷണങ്ങളിലൊന്ന്. ഒരു കുഞ്ഞിക്കാലുകാണാന്‍ വര്‍ഷങ്ങളായി കാത്തുകാത്തിരുന്ന അനിതക്ക് പക്ഷേ, ജില്ലാ ആശുപത്രിയില്‍ മാനുഷിക പരിഗണനയൊന്നും ലഭിച്ചില്ല.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ലക്ഷ്യമാക്കിയുള്ള മരണപ്പാച്ചിലിനിടെ ആദ്യ 31 കിലോമീറ്ററിനുള്ളില്‍ മൂന്നു പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അനിത ജന്മംനല്‍കി. എന്നാല്‍, ചികിത്സ കിട്ടാതെ വലയുന്ന വയനാടന്‍ ജനതയുടെ മുഴുവന്‍ ദൈന്യതയും വരച്ചുകാട്ടിയ ഒരു വന്‍ ദുരന്തചിത്രമായി ആ മൂന്നു പിഞ്ചോമനകളും മരണത്തിനു കീഴടങ്ങിയപ്പോള്‍.
വയനാട്ടിലെ സാധാരണക്കാര്‍ക്ക് ലഭ്യമാവുന്ന ചികിത്സാ സൗകര്യങ്ങളുടെ ‘വ്യാപ്തി’ മറനീക്കി പുറത്തുവന്ന സംഭവത്തില്‍ വിവിധ ആശുപത്രികളില്‍നിന്ന് അനിതക്ക് കിട്ടിയ ചികിത്സയും പരിഗണനയും എങ്ങനെയായിരുന്നുവെന്ന് മാധ്യമം നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്...
ഏഴുമാസം ഗര്‍ഭിണിയായ അനിതക്ക് പ്രസവവേദന വന്നത് ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിനാണ്. വാഹനം ലഭിക്കാത്തതിനാല്‍ 500 മീറ്ററോളം ഇവരെ ബന്ധുക്കള്‍ കോളനിയില്‍നിന്ന് ചുമന്നു.
പിന്നീട് 6.30ന് ജീപ്പില്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലത്തെിച്ചു. ഗൈനക്കോളജിസ്റ്റായ ഡോ. സുഷമ ആശുപത്രിയിലുണ്ടായിരുന്നില്ല. കാഷ്വാലിറ്റി ഡോക്ടര്‍ അനിതയെ പരിശോധിച്ച് ഗൈനക്കോളജിസ്റ്റിനെ വിളിക്കാന്‍ നഴ്സിനോട് നിര്‍ദേശിച്ചു. ഇതനുസരിച്ച് ഡ്യൂട്ടി നഴ്സ് ഡോ. സുഷമയെ ഫോണില്‍ ബന്ധപ്പെട്ടു. വിവരങ്ങള്‍ ഫോണില്‍ കേട്ട ഡോക്ടര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഗര്‍ഭിണിയെ പറഞ്ഞയക്കാനായിരുന്നു നിര്‍ദേശിച്ചത്.
ട്രൈബല്‍ ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക്
ഇതനുസരിച്ച് ട്രൈബല്‍ ആംബുലന്‍സില്‍ അനിതയെയും ബന്ധുക്കളെയും മടക്കിയയച്ചു. അടിയന്തരസാഹചര്യമായിട്ടും ആശുപത്രി ജീവനക്കാരാരും ഇവരോടൊപ്പം പോയില്ല. തുടക്കം മുതല്‍ തന്നെ മാനന്തവാടി ആശുപത്രിയില്‍ അനിത ചികിത്സ തേടിയിരുന്നു. വിവാഹം കഴിഞ്ഞ് ആറു വര്‍ഷത്തിന് ശേഷമാണ് അനിത ആദ്യമായി ഗര്‍ഭം ധരിക്കുന്നത്. ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. നസീറ ബാനുവാണ് അനിതയെ ആദ്യം ചികിത്സിച്ചിരുന്നത്. മകളുടെ പ്രസവത്തോടനുബന്ധിച്ച് ഈ ഡോക്ടര്‍ രണ്ടുമാസമായി അവധിയിലാണ്. മറ്റൊരു ഡോക്ടര്‍ പരിശോധിച്ച രോഗിയായിരുന്നതിനാലാണ് അനിതയെ ഡോ. സുഷമ പരിശോധിക്കാന്‍ തയാറാകാതിരുന്നതത്രേ. ആശുപത്രിയില്‍ ഇത് പതിവാണെന്നും ആരോപണമുണ്ട്.
പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ അഭയം
വഴിമധ്യേ വേദന അസഹ്യമായപ്പോള്‍ ഡ്രൈവര്‍ പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആംബുലന്‍സ് കയറ്റി. അപ്പോള്‍ സമയം രാവിലെ 7.30. ഇവിടത്തെ നഴ്സ് ഉടന്‍ തന്നെ ആശുപത്രിക്കടുത്തുതന്നെ താമസിച്ചിരുന്ന മെഡിക്കല്‍ ഓഫിസര്‍ ഡോ. ദഹര്‍ മുഹമ്മദിനെ വിളിച്ചു. ഉടന്‍ തന്നെ ഡോക്ടര്‍ ആശുപത്രിയിലത്തെി.
ഇതിനകം തന്നെ നഴ്സ് അനിതയെ തിയറ്ററില്‍ കയറ്റി ആദ്യ പ്രസവമെടുത്തു. ആണ്‍ കുഞ്ഞായിരുന്നു. പനമരം ആശുപത്രിയില്‍ തുടര്‍ ചികിത്സ നല്‍കാനുള്ള സൗകര്യങ്ങളുണ്ടായിരുന്നില്ല. ഇതിനാല്‍ ഓക്സിജനും മറ്റ് അടിയന്തര മുന്‍കരുതലുകളുമെടുത്തു. കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ വിളിച്ച് ഗൈനക്കോളജിസ്റ്റും പീഡിയാട്രീഷ്യനും ഉണ്ടെന്ന് ഉറപ്പുവരുത്തി.
നഴ്സിനെയും അസിസ്റ്റന്‍റിനെയും ആംബുലന്‍സില്‍ അനിതക്കൊപ്പം കയറ്റിയാണ് കല്‍പറ്റ ജനറല്‍ ആശുപത്രിയിലേക്ക് അയച്ചത്. പണിമുടക്കായതിനാല്‍ നഴ്സിന് തിരിച്ചുവരാനായി മറ്റൊരു വാഹനവും പിറകെ അയച്ചിരുന്നു. പനമരം ആശുപത്രി വരാന്തയിലാണ് പ്രസവം നടന്നതെന്നത് തെറ്റാണെന്നും ആവശ്യമായ ചികിത്സ നല്‍കിയിരുന്നതായും ഡോ. ദഹര്‍ മുഹമ്മദ് പറഞ്ഞു.  
രണ്ടാമത്തെ പ്രസവം ആംബുലന്‍സില്‍
പച്ചിലക്കാടത്തെിയപ്പോള്‍ അനിത ആംബുലന്‍സില്‍തന്നെ രണ്ടാമത്തെ പെണ്‍കുഞ്ഞിനെയും പ്രസവിച്ചു. കൂടെയുണ്ടായിരുന്ന പനമരം ആശുപത്രിയിലെ നഴ്സായിരുന്നു കുട്ടിയെ കൈയിലെടുത്തത്.
എന്നാല്‍, ഉടന്‍ തന്നെ കുഞ്ഞ് മരിച്ചു. രാവിലെ 9.30ഓടെ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ അനിത എത്തുമ്പോള്‍ ഗുരുതര നിലയിലായിരുന്നു. ഗൈനക്കോളജിസ്റ്റും പീഡിയാട്രീഷ്യനും അപ്പോള്‍ ആശുപത്രിയിലുണ്ടായിരുന്നു. ഉടന്‍തന്നെ തിയറ്ററില്‍ കയറ്റി അടുത്ത പെണ്‍കുഞ്ഞിനെയും പുറത്തെടുത്തു. എന്നാല്‍, ഉള്ളില്‍നിന്നുതന്നെ ജീവന്‍പോയ നിലയിലായിരുന്നു കുഞ്ഞെന്ന് കല്‍പറ്റ ആശുപത്രി സൂപ്രണ്ട് ഡോ. അജിത്കുമാര്‍ പറഞ്ഞു. പനമരം ആശുപത്രിയില്‍നിന്ന് പ്രസവിച്ച കുഞ്ഞിന് മതിയായ അടിയന്തര ചികിത്സയും നല്‍കിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയച്ചത്. എന്നാല്‍, മൂന്നു മണിക്കൂര്‍ യാത്രക്കുശേഷം അവിടെയത്തെിച്ച കുഞ്ഞിന്‍െറ ജീവനും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
‘സൗകര്യങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ആ കുഞ്ഞിനെ രക്ഷിക്കാമായിരുന്നു’
കല്‍പറ്റ ആശുപത്രിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും ഇവിടെ അതിനനുസൃതമായ സൗകര്യങ്ങള്‍ ഇല്ല. സൗകര്യങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇവിടെതന്നെ കിടത്തി ചികിത്സ നല്‍കാമായിരുന്നെന്നും ബാക്കിയായ കുഞ്ഞിനെയെങ്കിലും രക്ഷിക്കാന്‍ സാധ്യതയുണ്ടായിരുന്നതായും ഡോ. അജിത്കുമാര്‍ പറഞ്ഞു.
മാനന്തവാടി ജില്ലാ ആശുപത്രിയില്‍നിന്ന് പുറപ്പെട്ട് ഒരു മണിക്കൂറായപ്പോഴേക്കും പനമരം ആശുപത്രിയില്‍നിന്ന് അനിത പ്രസവിച്ചിരുന്നു. പരിമിതമായ സൗകര്യങ്ങള്‍ക്കിടിയിലും നഴ്സും ഡോക്ടറും ഇതിനുള്ള സൗകര്യമൊരുക്കി.
എന്നാല്‍, ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടായിട്ടും മാനന്തവാടി ജില്ലാ ആശുപത്രിയില്‍നിന്ന് ഇവരെ മടക്കിയയക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍തന്നെ ഒരു മണിക്കൂറിനകം പ്രസവം നടക്കുമെന്ന് അറിയാമായിരുന്നു. എന്നിട്ടും യുവതിയെ മടക്കിയയച്ച ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സുഷമയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് വിലയിരുത്തപ്പെടുന്നു. സംഭവത്തില്‍ ഡോ. സുഷമയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രതികരണത്തിനായി നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ഡോക്ടര്‍ ഫോണ്‍ എടുത്തില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.