നിയമസഭാ സമ്മേളനം നാളെ മുതല്‍

തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികള്‍ക്കൊടുവില്‍ കൈവരിച്ച തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയത്തിന്‍െറ ആത്മവിശ്വാസവുമായാണ് പ്രതിപക്ഷം ഇത്തവണ സഭയിലേക്ക് വരുന്നതെങ്കില്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആഘാതത്തിന് പിന്നാലെ കോഴ ആരോപണത്തില്‍ കുടുങ്ങി മന്ത്രിസ്ഥാനത്ത് നിന്നുള്ള കെ.എം മാണിയുടെ രാജി സൃഷ്ടിച്ച അങ്കലാപ്പിലാണ് ഭരണപക്ഷത്തിന്‍െറ വരവ്. നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്‍െറ മുന്നൊരുക്കമായാണ് ഇരുകൂട്ടരും നടപ്പുസമ്മേളനത്തെ കാണുന്നത്. അതിനാല്‍തന്നെ ഇത്തവണ സഭ സുഗമമായി നടക്കുമോയെന്ന ആശങ്കയും ശക്തമാണ്. കൂറുമാറ്റത്തിന്‍െറ പേരില്‍ അയോഗ്യനാക്കപ്പെട്ട പി.സി. ജോര്‍ജിന്‍െറ അസാന്നിധ്യവും മന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ച മാണിയുടെ ഇരിപ്പിടമാറ്റവും സമ്മേളനത്തില്‍ പ്രതിഫലിക്കും.

തദ്ദേശ തെരഞ്ഞെടുപ്പ് ജയം ഇടതുമുന്നണിക്ക് പ്രത്യേകിച്ച്  സി.പി.എമ്മിന് വലിയ ഊര്‍ജമാണ് പകര്‍ന്നുനല്‍കിയിരിക്കുന്നത്. ഇതിന്‍െറ പ്രതിഫലനം സഭക്കുള്ളിലും പ്രകടമാകും. ബാര്‍ കോഴ തന്നെയായിരിക്കും ഇത്തവണയും ഇവരുടെ തുറുപ്പ്ചീട്ട്. വിലക്കയറ്റം പോലുള്ള പൊതുവിഷയങ്ങളും ഉപയോഗിക്കും. അതേസമയം, പൊതു സ്വീകാര്യതയുള്ള ഹര്‍ത്താന്‍ നിയന്ത്രണ ബില്ലും ഹോട്ടലുകളിലെ വില നിയന്ത്രണ ബില്ലും അവതരിപ്പിച്ച് സഭയില്‍ മേല്‍ക്കൈ നേടാനുള്ള ഒരുക്കത്തിലാണ് ഭരണപക്ഷം.

 നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നയപ്രഖ്യാപനത്തിനും ബജറ്റ് അവതരണത്തിനുമായി ഒരിക്കല്‍ക്കൂടി സഭ സമ്മേളിക്കുമെങ്കിലും അത് വെറും ചടങ്ങ് മാത്രമായിരിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്നത് ഈ സമ്മേളനത്തോടെ ആയിരിക്കും. ആംഗ്ളോ ഇന്ത്യന്‍ പ്രതിനിധി ഉള്‍പ്പെടെ 141 അംഗങ്ങളാണ് സഭയില്‍ ഉള്ളതെങ്കിലും ജോര്‍ജ് അയോഗ്യനാക്കപ്പെട്ടതോടെ അംഗബലം 140 ആയി കുറഞ്ഞിട്ടുണ്ട്. ഡപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് രണ്ടിന് നടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പാലോട് രവിയാണ് ഭരണമുന്നണി സ്ഥാനാര്‍ഥി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.