ഇതര സംസ്ഥാന തൊഴിലാളി ക്ഷേമപദ്ധതി നിര്‍ബന്ധിതമാക്കുന്നു


കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികളുടെ സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ രൂപംനല്‍കിയ കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി നിര്‍ബന്ധിതമാക്കുന്നു. ഇപ്പോള്‍  ഇത് ഐച്ഛികമാണ്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലെ തൊഴിലിടങ്ങളില്‍ ഇതര സംസ്ഥാനതൊഴിലാളികള്‍ക്കെതിരായി നിയമലംഘനം നടക്കുന്നുവെന്ന വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ നീക്കം നടത്തുന്നത്. ഇതുസംബന്ധിച്ച വിശദ പദ്ധതിരേഖ സര്‍ക്കാറിന് സമര്‍പ്പിച്ചതായും അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇത് ബില്ലായി അവതരിപ്പിക്കപ്പെടുമെന്നും ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍ ബി. അരുണ്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. 1979ല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ഇന്‍റര്‍സ്റ്റേറ്റ് വര്‍ക്ക്മെന്‍ ആക്ടിനെ പിന്തുടര്‍ന്നാണ് കേരളത്തില്‍ 2010ല്‍ കേരള കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി സര്‍ക്കാര്‍ നടപ്പാക്കിയത്. ഇതുപ്രകാരം അഞ്ചില്‍ കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്ത് ക്ഷേമപദ്ധതിയില്‍ ചേര്‍ക്കുകയും തൊഴില്‍സുരക്ഷ, പാര്‍പ്പിടം, ചികിത്സ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കുകയും വേണം.
അംഗത്വം നിലനില്‍ക്കെ അംഗം മരിച്ചാല്‍ ധനസഹായമായി 50,000 രൂപ, ജോലിക്കിടെ ആറുമാസത്തില്‍ കുറയാതെ ചികിത്സയിലായാല്‍ 10,000, മാരകരോഗങ്ങള്‍ ബാധിച്ചയാള്‍ക്ക് ദിവസം 50 നിരക്കില്‍ രണ്ടായിരം രൂപ വരെ നല്‍കണം, അഞ്ചുവര്‍ഷത്തിലധികം അംഗമായ ആള്‍ക്ക് വാര്‍ഷിക അധിക ധനസഹായം, മരിച്ചാല്‍ ഭൗതിക ശരീരം നാട്ടിലത്തെിക്കാന്‍ ധനസഹായം, മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം എന്നിവ ഈ പദ്ധതി നിര്‍ദേശിക്കുന്നു. എന്നാല്‍, നിര്‍ബന്ധിത സ്വഭാവം ഇല്ലാത്തതിനാല്‍ തൊഴിലുടമകള്‍ തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യുകയോ ആനുകൂല്യങ്ങള്‍ നല്‍കുകയോ ചെയ്യാറുണ്ടായിരുന്നില്ല. തുല്യജോലിക്ക് തുല്യകൂലി എന്നാണ് നിയമമെങ്കിലും പത്തും പതിനാലും മണിക്കൂര്‍ കഠിന ജോലിചെയ്ത് കൊടിയ ചൂഷണമാണ് ഇവര്‍ നേരിടുന്നത്. മിക്കയിടത്തും വൃത്തിയുള്ള താമസ സൗകര്യങ്ങളും ഇല്ല. ഇക്കാര്യങ്ങളില്‍ പരാതിപ്പെട്ടാലും രേഖയില്‍ ഇല്ലാത്തവരായതിനാല്‍ നടപടിയെടുക്കാനും തൊഴില്‍വകുപ്പിന് കഴിഞ്ഞിരുന്നില്ല. ഈ രംഗത്ത് നിരന്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി മനുഷ്യാവകാശ കമീഷനും ബാലാവകാശ കമീഷനും ചൂണ്ടിക്കാട്ടിയിരുന്നു.
കോഴിക്കോട്ട് കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യം ആവശ്യപ്പെട്ടതിന് സ്ത്രീയെയും രണ്ടുമക്കളെയും ജോലിയില്‍നിന്ന് പിരിച്ചുവിടുകവരെയുണ്ടായി.
കോഴിക്കോട്ട് വ്യാഴാഴ്ചയുണ്ടായ മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച രണ്ടുപേരുടെ വിവരങ്ങളും കരാര്‍ കമ്പനി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഒരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ് ഇവര്‍ ജീവന്‍ അപായപ്പെടുത്തി മാന്‍ഹോളില്‍ ഇറങ്ങിയത്. സംസ്ഥാനത്ത് 25 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളാണ് ഉള്ളത്. എന്നാല്‍, പത്തുശതമാനത്തില്‍ താഴെമാത്രം തൊഴിലാളികളെയാണ് ക്ഷേമ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. ബിഹാര്‍ 18.1, അസം 17.28, യു.പി.14.83, ഒഡിഷ 6.67 എന്നിങ്ങനെയാണ് തൊഴിലാളികളുടെ ശതമാനക്കണക്ക്. അതേസമയം, കഴിഞ്ഞ ആറുമാസക്കാലമായി സംസ്ഥാനത്ത് തൊഴിലാളി രജിസ്ട്രേഷന്‍ മരവിപ്പിച്ച നിലയിലുമാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.