ക്ഷേത്രങ്ങളില്‍ ഭിക്ഷാടനത്തിനും ലോട്ടറിക്കും നിരോധം

കൊച്ചി: തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ ഭിക്ഷാടനവും ലോട്ടറി വില്‍പനയും ഹൈകോടതി നിരോധിച്ചു. ആചാരപരമായ കാരണങ്ങളാല്‍ ഭിക്ഷാടനം തടയാനാവാത്ത ക്ഷേത്രങ്ങളൊഴികെ മുഴുവന്‍ ക്ഷേത്രങ്ങളിലും പരിസരങ്ങളിലും ഭിക്ഷാടനം നിരോധിച്ചാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാക്യഷ്ണ്‍, ജസ്റ്റിസ് അനുശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്‍െറ ഉത്തരവ്.
ക്ഷേത്രങ്ങളിലും പരിസരങ്ങളിലും ഭിക്ഷാടനം നടക്കുന്നില്ളെന്ന് ജില്ലാ കലക്ടര്‍, ആര്‍.ഡി.ഒ, തഹസില്‍ദാര്‍ തുടങ്ങിയ റവന്യൂ ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. ഭിക്ഷാടനത്തിന് ആളെ എത്തിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംഘടിത ഭിക്ഷാടനം അവയുടെ പവിത്രത നഷ്ടപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ വിഷയത്തില്‍ ഇടപെട്ടത്.
ശബരിമല, പമ്പ തുടങ്ങിയിടങ്ങളില്‍ മാത്രമല്ല ഇടത്താവളങ്ങളിലും ഭിക്ഷക്കാര്‍ തമ്പടിച്ച് പണപ്പിരിവ് നടത്തുന്നു. ലോട്ടറി കച്ചവടക്കാര്‍ റോഡില്‍നിന്ന് ക്ഷേത്രത്തിലേക്ക് വില്‍പനയുമായി എത്തിയിരിക്കുന്ന അവസ്ഥയിലാണ്. ലോട്ടറി വില്‍പനക്കെതിരെ റവന്യൂ അധികൃതര്‍ പൊലീസിനെ ഉപയോഗിച്ച് നിയമപരമായ നടപടി സ്വീകരിക്കണം. ലോട്ടറി വില്‍പനയും ക്ഷേത്ര പരിസരങ്ങളില്‍ അനുവദിക്കാനാവില്ല. ക്ഷേത്രങ്ങളുടെ ചുറ്റമ്പലത്തിനുള്ളില്‍ മാത്രമല്ല പുറത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന പരിധിക്കകത്തും ഭിക്ഷാടനവും ലോട്ടറി വില്‍പനയും അനുവദിക്കരുത്.
സംസ്ഥാന പൊലീസ് മേധാവിയും കൊച്ചി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളും ഇതു സംബന്ധിച്ച് നോട്ടീസ് പ്രസിദ്ധപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി. ഭിക്ഷാടനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെയും റവന്യൂ ഉദ്യോഗസ്ഥരെയും ക്ഷേത്രം അധികൃതര്‍ വിവരമറിയിക്കണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.