സാക്ഷികള്‍ ഹാജരാകുമെന്ന് ഉറപ്പുവരുത്തണമെന്ന് സര്‍ക്കാറിനോട് സോളാര്‍ കമീഷന്‍

കൊച്ചി: സോളാര്‍ കമീഷന്‍ മുമ്പാകെ സരിത എസ്. നായരും അവരുടെ ഡ്രൈവറുടെ സഹോദരന്‍ അനുകുമാറും ഹാജരായില്ല. ഇതേതുടര്‍ന്ന്, സാക്ഷികള്‍ തെളിവെടുപ്പിന് ഹാജരാകുന്നുണ്ടെന്നും കമീഷന്‍ നടപടികള്‍ വലിച്ചിഴയുന്നില്ളെന്നും ഉറപ്പുവരുത്തണമെന്ന് സര്‍ക്കാറിനോട് കമീഷന്‍ നിര്‍ദേശിച്ചു. സരിതക്കുവേണ്ടി അഭിഭാഷകന്‍ അഡ്വ. സി.ഡി. ജോണിയും ഹാജരായില്ല. പകരം എത്തിയ അദ്ദേഹത്തിന്‍െറ ജൂനിയര്‍ അഡ്വ. ഹാരിസിന് സരിതയുടെ വക്കാലത്തുണ്ടായിരുന്നില്ല. കൊണ്ടുവന്ന വക്കാലത്തില്‍ അദ്ദേഹത്തെ സാക്ഷിപ്പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരുന്നത്.
അനുകുമാര്‍ ചെന്നൈയിലാണെന്ന് അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, ഹാരിസിന് അനുകുമാറിന്‍െറയും വക്കാലത്തുണ്ടായിരുന്നില്ല. ഇത് കമീഷനെ ചൊടിപ്പിച്ചു. എന്ന് തെളിവെടുപ്പിന് ഹാജരാകാന്‍ പറ്റുമെന്ന് സരിതയോട് ഫോണില്‍ അന്വേഷിച്ചുവരാന്‍ ആവശ്യപ്പെട്ട് അഭിഭാഷകനെ കമീഷന്‍ പുറത്തേക്കയച്ചു. തിരിച്ചത്തെിയ അദ്ദേഹം ഡിസംബര്‍ 15ന് എത്താമെന്ന് സരിത പറഞ്ഞതായി അറിയിച്ചു. ഇതോടെ കമീഷന്‍ രോഷാകുലനായി. തന്നെ കളിയാക്കുകയാണോ എന്ന് കമീഷന്‍ ചോദിച്ചു. കമീഷനെ കളിപ്പിക്കരുതെന്ന് അഡ്വ. ജോണിയോട് പറയാന്‍ അഡ്വ. ഹാരിസിനോട് ആവശ്യപ്പെടുകയും ചെയ്തു.
ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉള്ളതിനാല്‍ വ്യാഴാഴ്ച എത്താനാവില്ളെന്നാണ് അഭിഭാഷകന്‍ മുഖേന സരിത അറിയിച്ചത്. ഇത് തെളിയിക്കാന്‍ ഹാജരാക്കിയ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ രേഖ പര്യാപ്തമല്ളെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ളെന്നും കമീഷന്‍ വിലയിരുത്തി. രേഖയില്‍ സരിത ചൂണ്ടിക്കാണിച്ചതില്‍ രോഗത്തിന്‍െറ ഗൗരവം ഇല്ളെന്നും കമീഷന്‍ പറഞ്ഞു. തുടര്‍ന്ന്, ഡിസംബര്‍ ഏഴിന് ഹാജരാകാന്‍ സരിതയോടും അനുകുമാറിനോടും ഉത്തരവിട്ടു. ഇതിന് നോട്ടീസ് അയക്കില്ളെന്നും അഭിഭാഷകന്‍ കക്ഷികളെ അറിയിക്കണമെന്നും പറഞ്ഞു.
കക്ഷികള്‍ ഹാജരാകുന്നില്ളെങ്കില്‍ അത് നേരത്തേ കമീഷനെ അറിയിക്കണമെന്നും നിര്‍ദേശിച്ചു. ഇക്കാര്യം സര്‍ക്കാറിനെ കമീഷന്‍ രേഖാമൂലവും അറിയിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.