കരിപ്പൂര്‍: രാജ്യത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കായി നടപ്പാക്കിയ ഏകീകൃത ബാഗേജ് സമ്പ്രദായം അടുത്ത വര്‍ഷം മുതല്‍ പിന്‍വലിച്ചേക്കും. വ്യാഴാഴ്ച മുംബൈയില്‍ ചേര്‍ന്ന ഹജ്ജ് കമ്മിറ്റി അവലോകന യോഗത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഈ ആവശ്യം വീണ്ടും ഉന്നയിച്ചിട്ടുണ്ട്. ഏകീകൃത ബാഗേജ് സമ്പ്രദായം നടപ്പാക്കാനായി കഴിഞ്ഞ വര്‍ഷം മുതല്‍ തീര്‍ഥാടകരില്‍ നിന്ന് 5100 രൂപ ഈടാക്കിയിരുന്നു.
വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ഹജ്ജ് കമ്മിറ്റി യോഗത്തില്‍ കേരളം ഈ വിഷയം ഉന്നയിച്ചിരുന്നു. ടെന്‍ഡര്‍ നടപടികളടക്കം അവസാന ഘട്ടത്തിലായതിനാല്‍ ഒന്നും ചെയ്യാനാകില്ളെന്നായിരുന്നു ഹജ്ജ് കമ്മിറ്റി നിലപാട്. ഇത്തവണ ഈ വിഷയം നേരത്തെ തന്നെ ഉന്നയിച്ചതിനാല്‍ ഏകീകൃത ബാഗേജ് സംവിധാനം ഒഴിവാക്കിയേക്കും. ബി കാറ്റഗറിയിലുള്‍പ്പെട്ട, അഞ്ച് വര്‍ഷമായി അപേക്ഷിക്കുന്ന എല്ലാ തീര്‍ഥാടകര്‍ക്കും സീറ്റ് അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ കേരളത്തിന് അനുവദിച്ച ക്വോട്ട 5633 ആയിരുന്നു.
ഇത്തവണയും ഇതേ ക്വോട്ടയാണെങ്കില്‍ സംവരണ വിഭാഗത്തിലുള്‍പ്പെടുന്ന ഭൂരിഭാഗം പേര്‍ക്കും പോകാനാകില്ല. 5600ല്‍ രണ്ടായിരത്തോളം സീറ്റുകള്‍ 70 വയസ്സിന് മുകളിലുള്ളവര്‍ക്കായിരിക്കും. ബാക്കിയുളള 3600 സീറ്റുകള്‍ മാത്രമേ അഞ്ചാം വര്‍ഷവും അപേക്ഷിക്കുന്നവര്‍ക്കുണ്ടാകൂ. എന്നാല്‍, കഴിഞ്ഞ വര്‍ഷവും നാലാം വര്‍ഷവും അപേക്ഷിച്ചവരില്‍ 8500ഓളം പേര്‍ക്ക് അവസരം ലഭിച്ചിട്ടില്ല.
മുന്‍ വര്‍ഷത്തെ രീതിയിലാണ് ക്വോട്ട അനുവദിക്കുന്നതെങ്കില്‍ ബി കാറ്റഗറിയില്‍പ്പെട്ട അയ്യായിരത്തോളം പേര്‍ക്ക് പോകാനാകില്ല. ഇവര്‍ക്കെല്ലാം അവസരം ലഭിക്കണമെങ്കില്‍ പതിനായിരത്തോളം സീറ്റുകള്‍ സംസ്ഥാനത്തിന് വേണ്ടി വരും. ഈ വിഷയം പരിഗണിക്കുമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികളെ അറിയിച്ചത്.
ഹജ്ജിന് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. നിലവില്‍ ആദ്യമായി അപേക്ഷിക്കുന്നവരും അവസരം ലഭിക്കില്ളെങ്കിലും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുള്‍പ്പെടെ എല്ലാം അപേക്ഷയോടൊപ്പം നല്‍കണം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാകണം ഇത്തരം നടപടികള്‍. ഓരോ വര്‍ഷവും പുതുതായി അപേക്ഷിക്കുന്നതിന് പകരം അപേക്ഷ പുതുക്കാനുള്ള സംവിധാനം വേണമെന്നും കേരളം യോഗത്തില്‍ ആവശ്യപ്പെട്ടു. കേരള ഹജ്ജ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് അംഗം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, അസി. സെക്രട്ടറി ഇ.സി മുഹമ്മദ്, കോഓഡിനേറ്റര്‍ മുജീബ് പുത്തലത്ത് എന്നിവര്‍ സംബന്ധിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഖൈസര്‍ ഷമീം അധ്യക്ഷത വഹിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അതാഉറഹ്മാന്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.