കേടായ വാഹനം നന്നാക്കുന്നതിനിടെ വാഹനമിടിച്ച് രണ്ടുപേര്‍ മരിച്ചു

ആലത്തൂര്‍: ദേശീയപാത എരിമയൂര്‍ തോട്ടുപാലത്തിനടുത്ത് കേടായ മിനിലോറി നന്നാക്കുന്നതിനിടെ മറ്റൊരു മിനി ലോറിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. കോയമ്പത്തൂര്‍ മേട്ടുപ്പാളയം എസ്.എം നഗര്‍ രണ്ടില്‍ ബഷീര്‍ അഹമ്മദിന്‍െറ മകന്‍ ഷബീര്‍ അഹമ്മദ് (34), മേട്ടുപ്പാളയം തങ്കവേലുവിന്‍െറ മകന്‍ ഗുരുനാഥന്‍ (34) എന്നിവരാണ് മരിച്ചത്. പച്ചക്കറി വാഹനത്തിന്‍െറ ക്ളീനര്‍ മേട്ടുപ്പാളയം സ്വദേശി ഇജാജിനാണ്(30) പരിക്കേറ്റത്. ഇയാളെ തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ 6.10നാണ് അപകടം. മേട്ടുപ്പാളയത്തുനിന്ന് പച്ചക്കറി കയറ്റി എറണാകുളത്തേക്ക് പോകുന്ന മിനിലോറി കേടായതിനെ തുടര്‍ന്ന് നാലുവരിപ്പാതയിലെ നടുവിലെ ഡിവൈഡറിനോട് ചേര്‍ത്തിയാണ് നിര്‍ത്തിയിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനാണ് വാഹനം കേടായത്. വിവരം അറിയിച്ചതനുസരിച്ച് ഗുരുനാഥനും ഷബീര്‍ അഹമ്മദും കൂടി ബൈക്കില്‍ സ്ഥലത്തത്തെി വാഹനം നന്നാക്കുകയായിരുന്നു. ഈ സമയം മുട്ട കയറ്റി തമിഴ്നാട്ടില്‍നിന്ന് എറണാകുളത്തേക്ക് പോകുന്ന മറ്റൊരു മിനിലോറിയാണ് ഇവരെ ഇടിച്ചത്. ഇടിച്ച ലോറിയുടെ ഡ്രൈവര്‍ ചെങ്കല്‍പേട്ട് സ്വദേശി സുന്ദറിനെ (25) ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
മറിയം ബീവിയാണ് മരിച്ച ഷബീര്‍ അഹമ്മദിന്‍െറ മാതാവ്. ഭാര്യ: സീനത്ത്. മക്കള്‍: ഷഹന, ഷാഹിര്‍. സഹോദരങ്ങള്‍: ഖനി മുഹമ്മദ്, ഇബ്രാഹിം, ഫക്കീര്‍, ഫാത്തിമ ഖനി. മരതകമാണ് മരിച്ച ഗുരുനാഥന്‍െറ മാതാവ്. ഭാര്യ: ശശികല. മക്കള്‍: ദര്‍ശ, താരിക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.