ഹൈറേഞ്ച് സംരക്ഷണ സമിതിക്കെതിരെ വൈദികന്‍െറ കത്ത്


നെടുങ്കണ്ടം: ഹൈറേഞ്ച് സംരക്ഷണ സമിതിയും ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കലും ചേര്‍ന്ന് സമാന്തര രൂപതയുണ്ടാക്കി അതിന്‍െറ തീരുമാനങ്ങള്‍ ഇടുക്കി രൂപതയുടെ മേല്‍ അടിച്ചേല്‍പിച്ചിരിക്കുകയാണെന്ന് വൈദികനും നെടുങ്കണ്ടം കരുണാ ആശുപത്രി ഡയറക്ടറുമായ ഫാ. ഫിലിപ്പ് പെരുനാട്ട്. ഹൈറേഞ്ച് സംരക്ഷണ സമിതി പുറത്തിറക്കിയ ‘കര്‍ഷകഭൂമി’ എന്ന പത്രത്തില്‍ നമുക്ക് നേട്ടം ഉണ്ടാകണമെങ്കില്‍ ഇനിയും സമരം നടത്തേണ്ടിവരുമെന്ന ലേഖനത്തോട്് പ്രതികരിച്ചിറക്കിയ നോട്ടീസിലാണ് സമിതിക്കെതിരെ പെരുനാട്ടിന്‍െറ രൂക്ഷ വിമര്‍ശം.

‘സമിതിക്ക് അന്ത്യകൂദാശ’ എന്ന തലക്കെട്ടിലാണ് നോട്ടീസ്. രൂപതയറിയാതെ രൂപതയെ ഒറ്റുകൊടുത്തിരിക്കുകയാണ് സമിതി. പ്രധാനമന്ത്രിയുടെ ഓഫിസില്‍ പോയി ഇ.എസ്.എ പ്രശ്നം പറയാന്‍ ജോയിസ് ജോര്‍ജ് എം.പിക്ക് ധൈര്യം കിട്ടിയിട്ടില്ല. ഇ.എസ്.എ ഇത്രമാത്രം പ്രശ്നമാണെങ്കില്‍ എന്തുകൊണ്ട് ഇടുക്കിയിലെ എം.എല്‍.എ മാരെ കൂട്ടി കേന്ദ്രത്തില്‍ പോയില്ല. വികസന കുതിപ്പും സമ്പല്‍സമൃദ്ധിയും ഉണ്ടായിരുന്ന നാട്ടില്‍ സമിതി എന്ന ദുര്‍ഭൂതം ജനങ്ങളുടെ സമാധാനവും സമ്പത്തും തകര്‍ക്കുകയാണ് ചെയ്തത്. ഒരുകോടി രൂപ വിലയുണ്ടായിരുന്ന ഭൂമിക്ക് പത്തുലക്ഷം പോലും ഇന്ന് ലഭിക്കുന്നില്ല. മഹാനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ തരം താഴ്ത്തരുത്, പൗവത്തില്‍ പിതാവിനെ കരിതേക്കരുത്, ആനിക്കുഴിക്കാട്ടില്‍ പിതാവിനെ അപമാനവിധേയനാക്കരുത് അദ്ദേഹത്തെ അനുസരിക്കണം, ആലഞ്ചേരി പിതാവിന്‍െറ മനസ്സറിയാമല്ളോ, ഇ.എസ്.എ പ്രശ്നം പരിഹരിച്ചില്ളെങ്കില്‍ കൊച്ചുപുരക്കലച്ചന്‍ ഉള്‍പ്പെടെയുള്ളവരെ ഇടുക്കി രൂപത പടിയടച്ച് പിണ്ഡംവെക്കും തുടങ്ങിയ പരാമര്‍ശങ്ങളും നോട്ടീസിലുണ്ട്. ‘പ്രിയ ഇടുക്കികാരെ നമുക്ക് പഴയ രക്ഷകന്മാരെ മതി, പുതിയ രക്ഷകന്മാര്‍ വ്യാജ പ്രവാചകന്മാരാണ്’ എന്ന സന്ദേശത്തോടെയാണ് നോട്ടീസ് അവസാനിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.