മോഹന്‍ ഭാഗവത് പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: കേരളത്തിലത്തെിയ ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് വിവിധ രംഗങ്ങളിലെ പ്രമുഖരുമായി ചര്‍ച്ച നടത്തി. രാഷ്ട്രീയ-മാധ്യമ നിരീക്ഷകര്‍, വിവരാവകാശ പ്രവര്‍ത്തകര്‍, ആശുപത്രി മേധാവികള്‍, മുന്‍ ന്യായാധിപന്മാര്‍, സമുദായ നേതാക്കള്‍ തുടങ്ങിയവരുമായാണ് ചര്‍ച്ച നടത്തിയത്. ‘വിശേഷ സമ്പര്‍ക്ക യോജന’ എന്ന പദ്ധതിയുടെ ഭാഗമായി, ആര്‍.എസ്.എസ് നിലപാടുകള്‍ സംബന്ധിച്ച് വിവിധ തലങ്ങളിലുള്ളവരുടെ അഭിപ്രായം അറിയുകയായിരുന്നു ലക്ഷ്യം.

മാധ്യമങ്ങളെ ഒഴിവാക്കി തികച്ചും സ്വകാര്യമായിരുന്നു കൂടിക്കാഴ്ച. പനമ്പിള്ളി നഗറില്‍ വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ എസ്.ജെ.ആര്‍ കുമാറിന്‍െറ വസതിയിലായിരുന്നു കൂടിക്കാഴ്ച. അഡ്വ. ഡി.ബി. ബിനു, അഡ്വ. ശിവന്‍ മഠത്തില്‍, ടി.ജി. മോഹന്‍ദാസ്, ആര്‍.എസ്.എസ് നേതാക്കള്‍ തുടങ്ങിയവര്‍ രാവിലെ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. മോഹന്‍ ഭാഗവതുമൊത്തുള്ള ഉച്ചഭക്ഷണത്തിന് റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് പി.കെ. ബാലസുബ്രഹ്മണ്യമടക്കമുള്ള പ്രമുഖരും ഉണ്ടായിരുന്നു.

ഡോ. റിച്ചാര്‍ഡ് ഹെ എം.പി., ഹരിജന സമാജം സംസ്ഥാന അധ്യക്ഷന്‍ എം.കെ. കുഞ്ഞോല്‍ എന്നിവരും എത്തിയിരുന്നു. ഉച്ചക്കുശേഷം കൊച്ചിയിലെ ആശുപത്രി ഉടമകളുമായുള്ള കൂടിക്കാഴ്ചയില്‍ 15 പേര്‍ പങ്കെടുത്തു. പിന്നീട് ആര്‍.എസ്.എസ് കടവന്ത്ര ശാഖയിലും ഭാഗവത് സംബന്ധിച്ചു. രാത്രി കൊച്ചിയിലെ ഉത്തരേന്ത്യന്‍ സമൂഹവുമായി സംവദിച്ചു. വ്യാഴാഴ്ച രാവിലെ അദ്ദേഹം ഇന്‍ഡോറിലേക്ക് മടങ്ങും. ആര്‍.എസ്.എസ് പ്രാന്തസംഘചാലക് പി.ഇ.ബി മേനോന്‍, ജി. സ്ഥാണുമാലയന്‍, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍,  പി.ആര്‍. ശശിധരന്‍ എന്നിവരും സന്നിഹിതരായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.