ഇന്ത്യനൂർ ഗോപി: പരിസ്​ഥിതിയെ രാഷ്ട്രീയവുമായി കൂട്ടിയിണക്കിയ ആദർശപുരുഷൻ

പാലക്കാട്: പരിസ്ഥിതി, സാമൂഹിക പ്രവർത്തനങ്ങളെ മുഖ്യധാര രാഷ്ട്രീയ പ്രവർത്തനവുമായി ഉൾച്ചേർക്കാൻ ശ്രമിച്ച ആദ്യകാല കമ്യൂണിസ്റ്റും ആദർശത്തിെൻറ ആൾരൂപവുമായിരുന്നു അന്തരിച്ച ഇന്ത്യനൂർ ഗോപി. മലപ്പുറം ജില്ലയിൽ കോട്ടക്കലിനടുത്ത് ഇന്ത്യനൂർ ഗ്രാമത്തിൽ ജനിച്ച് പാലക്കാട് ജില്ലയിലെ അടക്കാപുത്തൂർ സ്കൂളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച ഗോപി സി.പി.ഐ നേതാവ് എന്നതിലുപരി പരിസ്ഥിതി–പുഴ സംരക്ഷണ പ്രവർത്തനങ്ങളുടെ മുന്നണി പോരാളിയായാണ് അറിയപ്പെട്ടത്. സാക്ഷരത, ഗ്രന്ഥശാല പ്രസ്ഥാനങ്ങളെ മുന്നിൽനിന്നു നയിച്ചു.

തികഞ്ഞ രാഷ്ട്രീയ ധിഷണശാലിയായ ഗോപി മാസ്റ്റർക്ക് മുൻ മുഖ്യമന്ത്രിയും സി.പി.ഐ നേതാവുമായ സി. അച്യുതമേനോനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ‘സി.പി.എമ്മിെൻറ വാലായി നിൽക്കുന്ന സി.പി.ഐ പിരിച്ചുവിടുകയാണ് നല്ലത്. സി.പി.എമ്മിനാണ് ഭാവി. അതിൽ വിശ്വസിക്കുന്നവർക്ക് അതിൽപോയി രക്ഷപ്പെടാം. താൻ ഇനി മറ്റു പാർട്ടികളിലേക്ക് പോകുന്നില്ല’ എന്ന പരാമർശത്തോടെ സി. അച്യുതമേനോൻ 1991ആഗസ്റ്റ് ഏഴിന് എഴുതിയ കത്ത് കഴിഞ്ഞ വർഷം ഇന്ത്യനൂർ ഗോപി പുറത്തുവിട്ടത് രാഷ്ട്രീയ വിവാദമായിരുന്നു. തെക്കുംഭാഗം മോഹനൻ എഴുതിയ അച്യുതമേനോനെക്കുറിച്ചുള്ള പുസ്തകത്തിൽ ഇ.എം.എസിനെക്കുറിച്ച് മോശം പരാമർശമുള്ളതിനാൽ പ്രഭാത് ബുക്ക് ഹൗസ് പുസ്തകം പിൻവലിച്ചതിനെ തുടർന്നുണ്ടായ വിവാദത്തെ തുടർന്നാണ് ഗോപി രഹസ്യമായി സൂക്ഷിച്ച കത്ത് പുറത്തുവിട്ടത്.

ജില്ലാ ബോർഡ് പ്രൈമറി സ്കൂളിലും കോട്ടക്കൽ രാജാസ് ഹൈസ്കൂളിലുമായിരുന്നു സ്കൂൾ പഠനം. കോയമ്പത്തൂർ ഗവ. ആർട്സ് കോളജിൽനിന്ന് ബിരുദം നേടി. 1947–48 കളിൽ സോഷ്യലിസ്റ്റ് പാർട്ടിയുമായി ബന്ധം സ്ഥാപിച്ചു. 1949ൽ കമ്യൂണിസിറ്റ് പാർട്ടിയുമായി അടുത്തു. ഫ്രണ്ട്സ് ഓഫ് ദ സോവിയറ്റ് യൂനിയൻ, ഓൾ ഇന്ത്യ പീസ് കൗൺസിൽ, ഡെമോക്രാറ്റിക് ലീഗ് എന്നീ സംഘടനകളിൽ സജീവമായി. ഓൾ ഇന്ത്യ സ്റ്റുഡൻറ്സ് ഫെഡറേഷൻ ദേശീയ കൗൺസിൽ അംഗമായി. കെ.പി. കേശവമേനോൻ, സി. അച്യുതമേനോൻ, പ്രഫ. ജോസഫ് മുണ്ടശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ 1953ൽ കോയമ്പത്തൂരിൽ നടത്തിയ ഐക്യകേരള സമ്മേളനത്തിെൻറ കൺവീനറായിരുന്നു.

1955ൽ ഏറനാട് താലൂക്ക് കമ്യൂണിസ്റ്റ് പാർട്ടി ആക്ടിങ് സെക്രട്ടറിയായി. പിന്നീട്, പി.ടി. ഭാസ്കരപണിക്കർ ചെയർമാനായ മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിലെ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകനായും പ്രവർത്തിച്ചു. 1957ൽ തലശ്ശേരി ട്രെയ്നിങ് കോളജിലെ ആദ്യത്തെ കോളജ് യൂനിയൻ ചെയർമാനായി. ആദ്യബാച്ചിൽ തന്നെ പരിശീലനം പൂർത്തിയാക്കി. 1958ൽ കോട്ടക്കൽ രാജാസ് ഹൈസ്കൂളിൽ അധ്യാപകനായി ചുരുങ്ങിയ കാലം സേവനമനുഷ്ഠിച്ചു. പിന്നീട്, പാലക്കാട് അടക്കാപുത്തൂർ ഹൈസ്കൂളിലേക്ക് മാറി. 1958 മുതൽ 1988 വരെ വരെ അടക്കാപുത്തൂർ ഹൈസ്കൂൾ പ്രധാനാധ്യാപകനായി.

1958–60 കാലത്ത് അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് ടീച്ചേഴ്സ് ഫെഡറേഷന് കീഴിൽ വിദ്യാഭ്യാസ ബില്ല് സംരക്ഷണ പ്രക്ഷോഭങ്ങൾക്ക് മലപ്പുറം, പാലക്കാട് ജില്ലകളിൽ നേതൃത്വം നൽകി. സിംഗിൾ ടീച്ചേഴ്സ് അസോസിയേഷൻ, ജില്ലാ ബോർഡ് ടീച്ചേഴ്സ് യൂനിയൻ, പി.എസ്.ടി.എ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻസ് പുരോഗമന കലാസാഹിത്യ സംഘം, യുവകലാസാഹിതി എന്നീ പ്രസ്ഥാനങ്ങളുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. 1987ൽ സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് പാരിസ്ഥിതിക–സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 1989ൽ ഭാരതപ്പുഴ സംരക്ഷണ സമിതി, കേരള ഗ്രന്ഥശാലാ സംഘം, സാക്ഷരതാ പ്രവർത്തനം എന്നീ മേഖലകളിൽ പ്രവർത്തിച്ചു.

മലപ്പുറം ജില്ലയിലെ കാൻഫെഡ് പ്രോജക്ട് ഡയറക്ടറായി. അട്ടപ്പാടിയിലെ നിരക്ഷരരെ സാക്ഷരരാക്കാനായും സ്കൂളിൽനിന്ന് കൊഴിഞ്ഞുപോകുന്ന ആദിവാസി കുട്ടികൾക്കായും പ്രത്യേക സിലബസ് തയാറാക്കുന്നതിെൻറ ചുമതല വഹിച്ചു. കേന്ദ്ര സർക്കാറിെൻറ സഹായത്തോടെ നടപ്പാക്കിയ ആദിവാസി വൈദ്യ പഠന പരിപാടിയുടെ പ്രോജക്ട് ഡയറക്ടറായും പ്രവർത്തിച്ചു. ആദിവാസി മരുന്നുകളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചുമുള്ള രണ്ട് റിപ്പോർട്ടുകൾ കാൻഫെഡിന് സമർപ്പിച്ചു. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ, മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി, കിസാൻ സഭ സംസ്ഥാന പ്രസിഡൻറ് വി. ചാമുണ്ണി, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ് എന്നിവർ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.