സ്‌ഫോടനം നടത്തി ഒമ്പതുപേരെ കൊല്ലാന്‍ ശ്രമിച്ചയാള്‍ ജീവനൊടുക്കിയ നിലയില്‍

വൈക്കം: ഗ്യാസ് തുറന്നുവിട്ട് അയല്‍വാസികളുടെ വീടുകള്‍ തകര്‍ത്ത് പിഞ്ചുകുഞ്ഞടക്കം ഒമ്പതുപേരെ കൊലപ്പെടുത്താന്‍ പദ്ധതി ആസൂത്രണം ചെയ്ത ഗൃഹനാഥനെ വീട്ടില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടത്തെി. വൈക്കം പള്ളിപ്രത്തുശേരി ചിറ്റേട്ട് രാജുവാണ് (48) മരിച്ചത്. ശക്തമായ മഴയില്‍ തീപിടിത്തം വിഫലമായതോടെ അഞ്ച് വയസ്സുകാരടനക്കം ഒമ്പതുപേരുടെ  ജീവന്‍ രക്ഷപ്പെട്ടു.
ബുധനാഴ്ച പുലര്‍ച്ചെ നാലിനാണ് നാടിനെ നടുക്കിയ സംഭവം. രാജുവിന്‍െറ വീടിന്‍െറ തെക്കുഭാഗത്തെ രാമചന്ദ്രപ്രഭുവിന്‍െറയും പടിഞ്ഞാറുഭാഗത്തെ മണിയപ്പന്‍െറയും വീടുകള്‍ സ്ഫോടനത്തില്‍ തകര്‍ക്കാന്‍ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. തീപിടിത്തമുണ്ടാക്കി അയല്‍വാസികളെ അപായപ്പെടുത്താന്‍ ഗ്യാസ് സിലണ്ടറില്‍നിന്ന് പ്രത്യേക ട്യൂബ് വഴി ഇരുവരുടെ വീടുകളുടെ മുറിയലേക്ക് ഗ്യാസ് തുറന്നുവിടുകയായിരുന്നു. കൂടാതെ രാമചന്ദ്രന്‍െറ വീട്ടിലേക്ക് രാജുവിന്‍െറ വീട്ടില്‍നിന്ന് വൈദ്യുതി കടത്തിവിട്ട് അപകടമുണ്ടാക്കാനുള്ള സജ്ജീകരണവും ഒരുക്കിയിരുന്നു. മണിയപ്പന്‍െറ വീടിനുചുറ്റും പ്ളാസ്റ്റിക് വയര്‍, ടയര്‍, വെടിമരുന്ന്, പെട്രോള്‍, ടിന്നര്‍ എന്നിവയും വെച്ചിരുന്നു. കൂടാതെ വീടിന് മുന്‍വശത്ത് കിടക്ക, തുണികള്‍ എന്നിവ കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചിരുന്നു. രാമചന്ദ്രന്‍െറ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൈപ്പിട്ട് ഓണ്‍ ചെയ്ത നിലയിലുമായിരുന്നു.
 മണിയപ്പന്‍െറ വീടിനുമുന്നില്‍ തുണിയില്‍ പൊതിഞ്ഞ് വെടിമരുന്ന് തിരപോലെ ഇട്ടിരുന്നതിന് തീ കൊടുത്തപ്പോള്‍ ഉണ്ടായ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് മണിയപ്പന്‍ ഉണര്‍ന്നത്. പുകയും തീജ്വാലകളും ഉയരുന്നത് കണ്ട് അയല്‍വാസികളെ വിളിച്ചുണര്‍ത്തുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതംമൂലം വരാന്തയുടെ മുകള്‍ഭാഗവും മുന്‍വശത്തെ വാതിലും കത്തിനശിച്ചു. മഴയായതിനാല്‍ ഉദ്ദേശിച്ച രീതിയില്‍ സ്ഫോടനം നടക്കാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി.
 

സ്ഫോടനത്തില്‍ തകര്‍ന്ന മണിയപ്പന്‍െറ വീടിന്‍െറ മുന്‍ഭാഗം
 

മരിച്ച രാജുവിന്‍െറ വീടിന്‍െറ ഇറയത്തും മുറിയിലും പെട്രോള്‍, ടിന്നര്‍ മുതലായവ ഒഴിക്കുകയും വീടിനുചുറ്റും വെടിമരുന്ന് വിതറുകയും ചെയ്തിരുന്നു. അപകടം മനസ്സിലാക്കിയ വീട്ടുകാര്‍ അഗ്നിശമനസേനയെയും പൊലീസിനെയും വിളിച്ചുവരുത്തുകയായിരുന്നു. കൊലപാതകശ്രമത്തിന് പിന്നില്‍ എന്താണെന്ന് വ്യക്തമായിട്ടില്ല. പദ്ധതി വിഫലമായതിന്‍െറ മനോവിഷമത്തില്‍ വീടിനുള്ളിലേക്ക് കയറി തീകൊളുത്തുകയായിരുന്നു. രാജുവിനെ കൂടാതെ വീട്ടിനുള്ളില്‍ ഉറങ്ങുകയായിരുന്ന 85 കാരനായ പിതാവും അപകടം കൂടാതെ രക്ഷപ്പെട്ടു. രാജുവിന്‍െറ വീട് കോണ്‍ക്രീറ്റ് ആയതിനാലും രാത്രിയിലെ മഴയുമാണ് തീപടരാതിരിക്കാന്‍ കാരണമെന്ന് അഗ്നിശമനസേന അധികൃതര്‍ പറഞ്ഞു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വെച്ചുപുലര്‍ത്തുന്ന പെയ്ന്‍റിങ് തൊഴിലാളിയായ രാജുവിന്‍െറ ഭാര്യ രജിതയും രണ്ടുമക്കളും ആപ്പാഞ്ചിറയില്‍ ട്രെയിന് മുന്നില്‍ചാടി ആത്മഹത്യ ചെയ്തിരുന്നു. മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. ഇതോടെ, മനോനില തകര്‍ന്ന രാജു നാട്ടുകാരുമായി അകന്ന് കഴിയുകയായിരുന്നു. വൈക്കത്തുനിന്ന് രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്സ് എത്തി പരിസരത്ത് വിതറിയിരുന്ന സ്ഫോടകവസ്തുക്കളും ഗ്യാസും നിര്‍വീര്യമാക്കി. വൈക്കം പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.