കൽപറ്റ: മുത്തങ്ങ കാടിനോടടുത്ത കല്ലൂർ തിരുവണ്ണൂർ കോളനിയിലെ കൊച്ചുകൂരയിൽ വെള്ളയും കുടുംബവും പട്ടിണിയിലാണ്. വികലാംഗനായ വെള്ളക്ക് പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാൻപോലും കഴിയില്ല. മൂത്ത മകൻ ബാബുവും ജന്മനാ വികലാംഗനാണ്. ഇഷ്ടികക്കളത്തിൽ പണിക്കുപോകുന്ന 19 വയസ്സുള്ള രണ്ടാമത്തെ മകൻ ശിവദാസാണ് ഒമ്പതംഗങ്ങളുള്ള ഈ കുടുംബത്തിെൻറ അത്താണി. ഇളയ മൂന്നു സഹോദരങ്ങളുടെ പഠനഭാരവും ശിവദാസിെൻറ ചുമലിലാണ്. എന്നാൽ, ഒന്നര മാസമായി ശിവദാസ് ജയിലിലാണ്. അതോടെ കുടുംബം പട്ടിണിയിലായി. പ്രായപൂർത്തിയാകാത്ത പെണ്ണിനെ കല്യാണം കഴിച്ചതാണ് ശിവദാസിനെ കുടുക്കിയത്. ലൈംഗികാതിക്രമങ്ങളിൽനിന്ന് കുട്ടികളെ തടയുന്ന നിയമം (പോക്സോ) ചുമത്തിയാണ് ഈ യുവാവിനെ ജയിലിലടച്ചത്.
പണിയ വിഭാഗത്തിൽ പെണ്ണും ചെക്കനും ഇഷ്ടപ്പെട്ടാൽ പിന്നീട് കല്യാണം ചടങ്ങായി നടക്കുന്നത് വിരളമാണ്. പെൺകുട്ടി വയസ്സറിയിച്ചാൽ ഇഷ്ടപ്പെട്ടയാളോടൊപ്പം താമസിക്കാമെന്നതാണ് സമുദായ കീഴ്വഴക്കം. ഈരിൽ ഉത്സവമോ മറ്റെന്തെങ്കിലും പരിപാടികളോ നടക്കുമ്പോൾ പെൺകുട്ടി ചെറുക്കെൻറ വീട്ടിലെത്തി താമസം തുടങ്ങും. ഇങ്ങനെ ഒന്നിച്ചു താമസിക്കുന്ന വിവരം ലഭിച്ചാൽ പൊലീസ് യുവാക്കളെ പിടിച്ചുകൊണ്ടുപോയി കടുത്ത കുറ്റകൃത്യങ്ങൾ എഫ്.ഐ.ആറിൽ എഴുതിച്ചേർക്കുകയാണെന്നാണ് ആക്ഷേപം. ‘ഭർത്താവ്’ ജയിലിലാകുന്നതോടെ പെൺകുട്ടികളുടെ ജീവിതവും നിയമക്കുരുക്കിലാകും. കൈക്കുഞ്ഞുങ്ങളുമായി കേസ് നടത്താനെത്തുന്നവരുമുണ്ട്.
വയനാട്ടിൽ മുപ്പതിലധികം ആദിവാസി യുവാക്കളാണ് ‘പോക്സോ’ പ്രകാരം ജയിലിലുള്ളത്. ഇവരിലേറെയും പണിയ വിഭാഗക്കാരാണ്. മിക്കവരും ശിവദാസിനെപ്പോലെ കുടുംബത്തിെൻറ അത്താണിയാണ്. ‘പോക്സോ’യും ഒപ്പം 376ാം വകുപ്പും ചുമത്തുന്നതോടെ പിന്നീട് ജാമ്യം പോലും കിട്ടാത്ത അവസ്ഥയിൽ കാലങ്ങളായി തടവറയിൽ കഴിയുന്നവർ ഒരുപാട്. ജാമ്യ ഉടമ്പടി പൂർത്തിയാകണമെങ്കിൽ ഒറിജിനൽ ആധാരം വേണമെന്നതിനാൽ സ്വന്തമായി ഭൂമിയില്ലാത്ത ആദിവാസി യുവാക്കൾ ജാമ്യം കിട്ടിയാലും ജയിലഴികൾക്കുള്ളിൽ തന്നെയാവും. പണിയ വിഭാഗക്കാർ പരമ്പരാഗതമായി ചെറുപ്രായത്തിൽ വിവാഹിതരാവുന്നത് പതിവാണ്. ഇതിനെതിരെ ബോധവത്കരണവും നടക്കാറില്ല. ഈ സാഹചര്യത്തിൽ, ‘പോക്സോ’ കേസുകൾ പ്രത്യേകമായി പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്.
വയനാട് ചൈൽഡ് ലൈനിെൻറ കണക്കനുസരിച്ച് 2010 ഏപ്രിൽ മുതൽ 2015 മാർച്ച് വരെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് 66 പരാതികളാണ് ലഭിച്ചത്. ഇതിലേറെയും ആദിവാസി കോളനികളിൽനിന്നാണ്. പെൺകുട്ടിയുമൊത്തുള്ള താമസം നിയമത്തിനെതിരാണെന്നു ബോധ്യമില്ലാത്ത ആദിവാസി യുവാക്കളെ ജയിലിലടക്കുന്നതിനെക്കുറിച്ച് പുനർവിചിന്തനം വേണമെന്ന് കേരള പണിയർ സമാജം സംസ്ഥാന പ്രസിഡൻറ് ബൽറാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.