നീതി നൽകാത്ത കമീഷൻ

പട്ടികജാതി–ഗോത്രകമീഷൻ അംഗങ്ങൾ കേസുകൾ ഒതുക്കിത്തീർക്കാൻ പാരിതോഷികം വാങ്ങുന്നതായി വിജിലൻസിന് ലഭിച്ച പരാതികൾ നിരവധി . അതിൽ കഴമ്പുണ്ടെന്ന് തിരിച്ചറിഞ്ഞ് വിജിലൻസ് ഡയറക്ടർ കമീഷൻ ചെയർമാന് കത്തുനൽകി. കത്തിൽ വിജിലൻസിന് ലഭിച്ച പരാതികൾ അക്കമിട്ടു നിരത്തുന്നുണ്ട്. വയനാട് ജില്ലയിൽ ആദിവാസികൾക്ക് ലഭിക്കേണ്ട ഭൂമി നിയമവിരുദ്ധമായി ശ്രേയാംസ് കുമാർ കൈയടക്കിവെച്ചിരിക്കുന്നതായി  കമീഷന് രാജൻ എന്നയാൾ പരാതിനൽകി. കേസ് ഹൈകോടതിയിൽ വിചാരണയിലിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞിട്ടും കമീഷൻ ഫയലിൽ സ്വീകരിച്ചു. ചെയർമാൻ എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. ഇതേ കാലത്ത് ചെയർമാെൻറ കവിത ‘എടക്കൽ ഗുഹ’ ഒരു വാരികയിൽ പ്രസിദ്ധീകരിച്ചു. അവരേർപ്പെടുത്തിയ അവാർഡും ചെയർമാൻ കൈപ്പറ്റി. കവിത പ്രസിദ്ധീകരിച്ചതിനുശേഷം ഹൈകോടതിയിൽ വിചാരണനടക്കുന്ന കേസാണെന്ന് ചൂണ്ടിക്കാണിച്ച് പരാതി തള്ളി. സർക്കാർ ഉത്തരവുപ്രകാരം അനുവദിക്കപ്പെട്ട ഉദ്യോഗസ്ഥരെ കൂടാതെ, സ്വന്തം ഇഷ്ടപ്രകാരം നടപടിക്രമം പാലിക്കാതെ നിശ്ചിത യോഗ്യതയില്ലാത്തവരെ ചെയർമാൻ കമീഷനിൽ കരാറടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട്. മെംബർ സെക്രട്ടറിയുടെ അനുമതിയില്ലാതെ ഫുൾ കമീഷൻ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിൽനിന്നുള്ള കമീഷൻ അംഗത്തിനെതിരെയും  ആദിവാസികൾ ആരോപണമുന്നയിക്കുന്നുണ്ട്.

കോട്ടയം ജില്ലയിലെ മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ ആദിവാസി സ്ത്രീകളായ മേരിശാമുവേലും ലൈസമ്മ ജോർജും ഐ.ജി ടോമിൻ ജെ. തച്ചങ്കരിക്കും ഗുണ്ടകൾക്കുമെതിരെ എന്ന തലക്കെട്ടിൽ  ഒരു പരാതി മലയരയ സംരക്ഷണസമിതി ഗോത്ര കമീഷനും സമർപ്പിച്ചു. ആദിവാസിഭൂമി കൈയേറി മുൻ ചീഫ് വിപ്പ് പി.സി. ജോർജിെൻറ മകനും  ടോമിൻ തച്ചങ്കരിയും കരിങ്കൽക്വാറി നടത്തുന്നുവെന്നായിരുന്നു പരാതി. 2015 മാർച്ച് 18ന് ചെയർമാൻ ഉൾപ്പെടെ മുഴുവൻ കമീഷൻ അംഗങ്ങളും കോട്ടയത്തെ മേലുകാവ്, മൂന്നിലവ് , മുട്ടം ഗ്രാമപഞ്ചായത്തുകൾ സന്ദർശിച്ചു.  
പരാതിക്കാരെയും എതിർകക്ഷികളെയും കമീഷൻ നേരിൽകണ്ടു. ഫാദർ മാമച്ചൻ ഐസക് വെള്ളാറിലെ രണ്ടു ക്വാറികളും മുട്ടത്ത് ക്വാറിക്കായിവാങ്ങിയ 2000ത്തിലധികം ഏക്കറും സന്ദർശിക്കണമെന്ന് കമീഷനോട് ആവശ്യപ്പെട്ടു. എന്നാൽ, മങ്കൊമ്പ്, പി.വി. ഗ്രാനൈറ്റ് ക്വാറികൾ പൊതുജനജീവിതത്തെ സാരമായി ബാധിക്കുന്നില്ലെന്നാണ് കമീഷൻ കണ്ടെത്തൽ. തച്ചങ്കരി അഞ്ചിലധികം ആദിവാസികുടുംബങ്ങളുടെ ഭൂമികൈക്കലാക്കിയെന്ന് ചൂണ്ടിക്കാണിച്ച് നേരത്തെ മലയരയ സംരക്ഷണസമിതി ആഭ്യന്തരമന്ത്രി, ഡി.ജി.പി, പ്രതിപക്ഷനേതാവ് എന്നിവർക്കും പരാതി നൽകിയിരുന്നു.

മൂന്നിലവിലെ വിവാദ ക്വാറി
 

കോട്ടയം ജില്ലയിലെ ഏക പട്ടികവർഗ പഞ്ചായത്താണ് മൂന്നിലവ്. ആദിവാസികളായ മലയരയരുടെ ആവാസ ഭൂമിയാണിവിടം. ഇവിടത്തെ ആവാസവ്യവസ്ഥയെ തകർക്കുംവിധമാണ് രണ്ട് പാറമടകളുള്ളത്. ലൈസൻസ് ലഭിക്കാൻ സർക്കാറിെൻറ എല്ലാവകുപ്പുകളിൽനിന്നുമുള്ള അനുമതിപത്രങ്ങൾ ഉടമകൾ പഞ്ചായത്തിൽ ഹാജരാക്കിയിട്ടുണ്ട്. ഇതിനാൽ ഗ്രാമപഞ്ചായത്ത് ക്വാറി തുടങ്ങാനുള്ള അനുമതിയും നൽകിയെന്നാണ് വാദം.  പി.വി. ഗ്രാനൈറ്റ് കോടതിയിൽ പോയപ്പോഴും ലൈസൻസിന് അപേക്ഷനൽകിയപ്പോഴും ഉടമ പി.സി. ജോർജിെൻറ മകനായിരുന്നു. കമീഷന് മുന്നിൽ ഹാജരായതാകട്ടെ ആദിവാസിയായ  ജോഷ്വായുടെ മകൻ ജോഷി. അതിനാൽ ഗോത്ര കമീഷൻ ഇതിനെ ആദിവാസികൾ തമ്മിലുള്ള പ്രശ്നമായിട്ടാണ് വിലയിരുത്തിയത്. മൂന്നിലവ് പഞ്ചായത്തിൽ യു.ഡി.എഫിന് മൃഗീയഭൂരിപക്ഷമുണ്ട്. അതും കേരള കോൺഗ്രസ് മാണിഗ്രൂപ്പിെൻറ തട്ടകം. ആകെയുള്ള 13 അംഗങ്ങളിൽ എട്ടും കേരള കോൺഗ്രസ് മാണിക്കുതന്നെ. സി.പി.എമ്മിനും സി.പി.ഐക്കും ഓരോ സീറ്റുകൾ. ആദിവാസികൾക്കായി സംവരണംചെയ്ത മൂന്നു സീറ്റുകളിൽ രണ്ടെണ്ണം മാണിക്ക് സ്വന്തം. മാണിയുടെ ആദിവാസിപ്രതിനിധികളായ പി. ഐ. ജോസഫ് പ്രസിഡൻറും ലീലാമ്മ ജോയി വൈസ്പ്രസിഡൻറുമാണ്. ഈ പഞ്ചായത്ത് സമിതിയാണ് മങ്കൊമ്പ് ഗ്രാനൈറ്റിന് മൂന്നിലവ് വില്ലേജിൽ സർവേ നമ്പർ– 46 /1, 46/1–2, 46/1–1, 46/1–3 സ്ഥലത്ത് എം.എ. നളിനാക്ഷൻനായർക്ക് (ചിറപ്പിള്ളി വീട്, നടക്കൽ പി.ഒ ഈരാറ്റുപേട്ട) മാഗസിൻ സ്ഥാപിക്കാനും സ്ഫോടകവസ്തുക്കൾ സൂക്ഷിക്കാനും പാറമട നടത്താനും 2011 സെപ്റ്റംബർ 16ന് അനുമതിനൽകിയത്.

മൂന്നിലവ്–നെല്ലാപ്പാറ റോഡ് കുത്തനെയുള്ള കയറ്റമാണ്. മലകൾ വെട്ടിയൊരുക്കിയാണ് റോഡ് നിർമിച്ചത്. റോഡിെൻറ കിഴക്കുവശം അടിവശത്താണ് പരാതിക്കാരുടെ വസ്തുവകകൾ. റോഡില്ലാതെ വലയുന്ന ആദിവാസികളെ സഹായിക്കാനാണ് റോഡ് നിർമിക്കുന്നതെന്ന് പഞ്ചായത്ത് പറഞ്ഞു. യഥാർഥത്തിൽ പാറമടക്കുവേണ്ടിയാണ് റോഡ് നിർമിച്ചത്. അവർ പ്രൈവറ്റ്റോഡ് എന്ന് ബോർഡ് സ്ഥാപിക്കുകയും ചെയ്തു. പാറമടക്ക് ചുറ്റുമുണ്ടായിരുന്ന നീർച്ചാലുകളായിരുന്നു ജനങ്ങളുടെ ആശ്രയം. ഇതിെൻറ അടിസ്ഥാനത്തിലാണ് കുടിവെള്ളപദ്ധതി നടപ്പാക്കിയത്. പൈപ്പുകൾ മുഴുവൻ ഹിറ്റാച്ചിയും മണ്ണുമാന്തിയന്ത്രവും ഉപയോഗിച്ച് തകർത്തു.

സ്വാശ്രയ കോളജിലെ അവസാനവർഷ പട്ടികജാതി വിദ്യാർഥിയെ കോളജ് അധികൃതർ പരീക്ഷയെഴുതാൻ അനുവദിക്കുന്നില്ലെന്നും കമീഷൻ ഇടപെട്ട് അനുമതിനൽകണമെന്നും ആവശ്യപ്പെട്ട് ഒരു പരാതിലഭിച്ചു. കേസ് ഫയലിൽ സ്വീകരിച്ച് കമീഷൻ  ആദ്യം ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ, ഒടുവിൽ കേസ് തള്ളിയതായി ഉത്തരവ് വന്നു. ഇതിന് പ്രത്യുപകാരമായി കോളജ് അധികൃതർ കമീഷനിലെ ഉയർന്നതലത്തിലെ വ്യക്തിക്ക് ലാപ്ടോപ് സമ്മാനമായി നൽകിയെന്നും  വിജിലൻസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. മാത്രമല്ല, കമീഷൻ ചെയർമാനും കമീഷൻ അംഗങ്ങളും തങ്ങളുടെ സ്ഥാനമാനങ്ങൾ ദുരുപയോഗംചെയ്യുന്നതായി അതേ പരാതിയിലുണ്ട്. ചെയർമാനും രണ്ടംഗങ്ങളും മെംബർ സെക്രട്ടറിയും (എസ്.സി/ എസ്.ടി പ്രിൻസിപ്പൽ സെക്രട്ടറി) ഉൾപ്പെട്ടതാണ് കമീഷൻ. എന്നാൽ, യോഗത്തിൽ മെംബർ സെക്രട്ടറിയെ ക്ഷണിക്കുകയോ അജണ്ടയോ മിനുട്സോ കാണിക്കുകയോചെയ്യാതെ ഫുൾ കമീഷൻ തീരുമാനമെന്ന് രേഖപ്പെടുത്തി വിധി പ്രസ്താവിക്കുന്നത് ചട്ടവിരുദ്ധമാണ്. കമീഷൻ അംഗമായ എഴുകോൺ നാരായണെൻറ ഔദ്യോഗിക വാഹനം അദ്ദേഹത്തിെൻറ മണ്ഡലത്തിലെ കോൺഗ്രസ് പാർട്ടി പ്രവർത്തനത്തിന് ഉപയോഗിക്കുന്നതായും പരാതിയിലുണ്ട്.

 

ഐ.ജി സിവിലിയൻ വേഷത്തിൽ പാറമടയിലെത്തിയാണ് ഇതരസംസ്ഥാന തൊഴിലാളികളെക്കൊണ്ട് റോഡ് വെട്ടിച്ചതെന്ന് സി.എസ്.ഐ ഈസ്റ്റ് കേരള ഇടവക ബിഷപ് മുമ്പാകെ സമർപ്പിച്ച പരാതിയിൽ ആദിവാസികൾ ചൂണ്ടിക്കാണിച്ചു. ഈസ്റ്റ് കേരള മഹാ ഇടവകയുടെ 32ാം സമ്മേളനത്തിൽ പാറമടകൾക്കെതിരേ പ്രമേയം പാസാക്കാൻ ആദിവാസികൾ ശ്രമിച്ചെങ്കിലും  തിരുമേനി അനുവദിച്ചില്ല.  തിരുമേനിയുടെ പാറമടക്കനുകൂലമായ തീരുമാനത്തെ അദ്ദേഹത്തിനുനൽകിയ കത്തിൽ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ദൈവത്തിെൻറ നാമത്തിൽ തിരുമേനിക്കു കൈവന്ന പദവികൾ സ്വാർഥ ലാഭത്തിന് ദുരുപയോഗംചെയ്യുന്നതിനെ ആദിവാസികൾ ചോദ്യംചെയ്തു. ഇതിനൊന്നും വലിയ ഫലമുണ്ടായില്ല.ഗോത്ര കമീഷനിലെ ഒരംഗം ആദിവാസികളോട് നിർദേശിച്ചത് ക്വാറി പ്രശ്നം പറഞ്ഞ് തീർക്കാനാണ്.

കമീഷൻ ചെയർമാൻ പി.എൻ. വിജയകുമാർ 1.41 ലക്ഷവും അംഗങ്ങളായ എഴുകോൺ നാരായണൻ 1.32 ലക്ഷവും മനോജ് 1.40 ലക്ഷവും ശമ്പളമായി പ്രതിമാസം കൈപ്പറ്റുന്നുണ്ട്. മൂന്നുപേരുംകൂടി പ്രതിമാസം 4.14 ലക്ഷം രൂപയാണ് വാങ്ങുന്നത്. അതിന് പുറമെയാണ് യാത്രപ്പടിയും മറ്റും. എന്നിട്ടും പട്ടികവിഭാഗങ്ങളുടെ  ഗൗരവമായ ജീവിതപ്രശ്നങ്ങളിലൊന്നും അവരിടപെടില്ല. ഇടപെടുന്ന വിഷയത്തിലാകട്ടെ ഉത്തരവുകൊണ്ട് ജനങ്ങൾക്ക് പ്രയോജനവും ലഭിച്ചില്ല.  മലയാളം അക്ഷരം ചേർത്തുവായിക്കാൻപോലും അറിയാത്ത നിരക്ഷരരായ പട്ടികവിഭാഗങ്ങളെ കമീഷൻ തീർപ്പുകൽപിച്ച ഉത്തരവ് ഇംഗ്ലീഷിൽ നൽകിയാണ് പറ്റിക്കുന്നത്. അതുപോലെ പരാതിക്കാരിൽ പലരും തീർപ്പുകൽപിച്ച വിവരമറിയാറുമില്ല. പലകാര്യത്തിലും കമീഷന് അധികാരമില്ലെന്നാണ് ചെയർമാെൻറ പല്ലവി. ഇക്കാര്യത്തിൽ അദ്ദേഹം സംസ്ഥാന മനുഷ്യാവകാശ കമീഷൻ മുൻ ആക്ടിങ് ചെയർമാൻ ഡോ. എസ്. ബലരാമനെ ഓർക്കുന്നത് നല്ലതാണ്. മുത്തങ്ങയിൽ പൊലീസ് നടത്തിയ നിയമലംഘനങ്ങൾ അക്കമിട്ട് വ്യക്തമാക്കാൻ അദ്ദേഹത്തിെൻറ റിപ്പോർട്ടിന് കഴിഞ്ഞു. സമരംകഴിഞ്ഞ്  ഒന്നര പതിറ്റാണ്ട് ആവുമ്പോഴും  മുത്തങ്ങസമരത്തിൽ പങ്കെടുത്തവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാറിെൻറ മുന്നിലുള്ള ചരിത്രരേഖയാണ്ബലരാമൻ റിപ്പോർട്ട്. അതുപോലെ ശക്തവും സത്യസന്ധവുമായി റിപ്പോർട്ട് തയാറാക്കുന്നതിനുള്ള അധികാരം ഇപ്പോഴത്തെ ഗോത്ര കമീഷനുണ്ട്. പട്ടികജാതി–പട്ടികവർഗക്കാരുടെ രക്ഷാകേന്ദ്രമായി മാറേണ്ട ഗോത്ര കമീഷനിപ്പോൾ പരാതികൾ അട്ടിമറിക്കുന്ന കേന്ദ്രമാണോ? അടുത്തിടെ എ.ജി ഉദ്യോഗസ്ഥർ കമീഷനിലെ ചില ഫയലുകൾ ആവശ്യപ്പെട്ടു. അവരോട് ചെയർമാൻ പറഞ്ഞത് എ.ജിയുടെ പരിധിയിൽ കമീഷൻ വരില്ലെന്നാണ്. ഒടുവിൽ ചെയർമാന് ഫയലുകൾ പലതും കൈമാറേണ്ടിവന്നു.
(തുടരും)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.