മുല്ലപ്പെരിയാർ: ഒരു സ്പിൽവേ ഷട്ടർ അടച്ചു; ജലനിരപ്പ് 141.7 അടി

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ചൊവ്വാഴ്ച തുറന്ന മൂന്ന് സ്പിൽവേ ഷട്ടറുകളിൽ ഒരെണ്ണം വീണ്ടും അടച്ചു. വൃഷ്ടി പ്രദേശത്തു നിന്നും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ഷട്ടർ അടച്ചത്. നിലവിൽ സെക്കൻഡിൽ 2405 ഘനയടിയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്. മുല്ലപ്പെരിയാറിൽ ഇപ്പോൾ 141.7 അടിയാണ് ജലനിരപ്പ്. ചൊവ്വാഴ്ച രാവിലെയാണ് സ്പിൽവേയിലെ രണ്ട്, മൂന്ന്, ഏഴ് ഷട്ടറുകൾ അരയടി തുറന്ന് മൂന്ന് ഷട്ടറുകൾ വഴിയും 600 ഘന അടി ജലം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കാൻ തുടങ്ങിയത്. അതേസമയം, റവന്യു മന്ത്രി അടൂർ പ്രകാശ് മുല്ലപ്പെരിയാർ അണക്കെട്ടും പെരിയാറിന്‍റെ തീരപ്രദേശങ്ങളും സന്ദർശിക്കും.
 
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് തിങ്കളാഴ്ച രാത്രി എട്ടോടെയാണ് 142 അടിയിലേക്ക് ഉയർന്നത്. പെരിയാർ വനമേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് സെക്കൻഡിൽ 7000 ഘന അടിയായി ഉയർന്നതോടെ തമിഴ്നാട് അധികൃതരുടെ കണക്കുകൂട്ടലുകൾ തെറ്റി. ജലനിരപ്പ് 142ന് മുകളിലെത്തുമെന്ന് ഉറപ്പായതോടെ പരിഭ്രാന്തരായ തമിഴ്നാട് ഉദ്യോഗസ്ഥർ കേരളത്തിലെ ഉദ്യോഗസ്ഥരെ വിവരം അറിയിക്കാതെ സ്പിൽവേ ഷട്ടറുകൾ ഉയർത്തുകയായിരുന്നു. ജലനിരപ്പിൽ നേരിയ കുറവു വന്നതോടെ ചൊവ്വാഴ്ച പുലർച്ചെ 5.30ന് ഷട്ടറുകൾ മുഴുവൻ താഴ്ത്തി ഇടുക്കിയിലേക്ക് ജലം ഒഴുക്കുന്നത് തമിഴ്നാട് നിർത്തി.
 
അണക്കെട്ടിലെ എട്ട് സ്പിൽവേ ഷട്ടറുകൾ വഴിയാണ് ഒന്നേകാൽ ദശലക്ഷം ഘന അടിയോളം ജലം ഇടുക്കിയിലേക്ക് ഒഴുകിയത്. 5.79 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം ലഭിച്ചതായി വൈദ്യുതി ബോർഡ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.