മുല്ലപ്പെരിയാര്‍ നിറഞ്ഞു; ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അണക്കെട്ടില്‍ തങ്ങുന്നു

കുമളി: ജനത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി മുല്ലപ്പെരിയാര്‍ അണക്കെട്ട് നിറയുന്നു. ഞായറാഴ്ച വൈകീട്ടത്തെ കണക്കുകള്‍ പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 141.70 അടിയാണ്. കനത്ത മഞ്ഞും മഴയും പ്രദേശത്ത് നിറയുന്നതിനിടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ശക്തമായി. അണക്കെട്ടിലെ ജലനിരപ്പ് തിങ്കളാഴ്ച പുലര്‍ച്ചെയോടെ 142ലത്തെുമെന്നാണ് വിലയിരുത്തല്‍. സ്ഥിതി വിലയിരുത്താന്‍ തമിഴ്നാട് പൊതുമരാമത്ത്സൂപ്രണ്ടിങ് എന്‍ജിനീയര്‍ വള്ളിയപ്പന്‍, എക്സി. എന്‍ജിനീയര്‍ മാധവന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം അണക്കെട്ടില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

അണക്കെട്ടിലെ വിവരങ്ങള്‍ ശേഖരിക്കാനും വിലയിരുത്താനും കേരളത്തിന്‍െറ മുല്ലപ്പെരിയാര്‍ ഉപസമിതി അംഗങ്ങളായ ജോര്‍ജ് ദാനിയേല്‍, പ്രസീദ് എന്നിവര്‍ കുമളിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് ഞായറാഴ്ച രാവിലെ 141ന് മുകളിലത്തെിയതോടെ ചെയര്‍മാന്‍ ഉമ്പര്‍ജി ഹരീഷ് ഗിരീഷിന്‍െറ നേതൃത്വത്തില്‍ ഉപസമിതി അണക്കെട്ട് സന്ദര്‍ശിച്ചെങ്കിലും പിന്നീട് യോഗം ചേരാതെ ചെയര്‍മാന്‍ മടങ്ങി. ജലനിരപ്പ് ഉയര്‍ന്നതോടെ അണക്കെട്ടിന്‍െറ ഗാലറിക്കുള്ളിലൂടെ പുറത്തേക്ക് ഒഴുകുന്ന സീപേജ് ജലത്തിന്‍െറ അളവ് വര്‍ധിച്ചിട്ടുണ്ട്. മിനിറ്റില്‍ 148.52 ലിറ്ററായാണ് സീപേജ് വര്‍ധിച്ചത്. പ്രധാന അണക്കെട്ടിലും ബേബി ഡാമിന് പിന്നിലും കാണപ്പെട്ട ചോര്‍ച്ചക്കും ശക്തിയേറി.

ഇതിനിടെ, ജലനിരപ്പ് 142ന് മുകളിലേക്ക് ഉയര്‍ന്നാല്‍ ജലം എങ്ങോട്ട് തുറന്നുവിടണമെന്ന കാര്യത്തില്‍ തമിഴ്നാട്ടില്‍  ആശയക്കുഴപ്പം തുടരുകയാണ്. മഴ വീണ്ടും ശക്തിപ്പെട്ടാല്‍ ജലം സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി ഇടുക്കിയിലേക്കും ഇല്ളെങ്കില്‍ തേക്കടി ഷട്ടര്‍ തുറന്ന് സെക്കന്‍ഡില്‍ 2000 ഘനയടിയെന്ന തോതില്‍ തമിഴ്നാട്ടിലേക്കും ഒഴുക്കാനാണ് തീരുമാനം. സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാനദണ്ഡങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ ഷട്ടറുകള്‍ തുറക്കുമ്പോള്‍ എത്ര ഘനയടിജലം ഒഴുകിയത്തെുമെന്നറിയാതെ പരിഭ്രാന്തിയിലാണ് അണക്കെട്ടിന്‍െറ താഴ്വാരത്തെ ജനം. അണക്കെട്ട് നിറയുന്ന സാഹചര്യത്തില്‍ ജാഗ്രതാ പാലിക്കാന്‍ കഴിഞ്ഞ ദിവസം തന്നെ ജില്ലാ ഭരണ കൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു.

അണക്കെട്ട് തുറക്കുന്നതിനു 24 മണിക്കൂര്‍ മുമ്പ് അറിയിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ തേനി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രിയില്‍ അണക്കെട്ട് തുറക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.