മുല്ലപ്പെരിയാർ ജലനിരപ്പ് 141.3 അടിയിലേക്ക്

കുമളി: മഴ വീണ്ടും ശക്തമായതോടെ മുല്ലപ്പെരിയാർ ജലനിരപ്പ് 141.3 അടിയിലേക്ക് ഉ‍യർന്നു. അണക്കെട്ടിലേക്ക് സെക്കൻഡിൽ 1950 ഘനയടി ജലമാണ് ഒഴുകിയെത്തുന്നത്. സെക്കൻഡിൽ 511 ഘനയടി ജലമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. അണക്കെട്ടിൽ 7315 ദശലക്ഷം ഘനയടി ജലമാണ് സംഭരിക്കപ്പെട്ടിട്ടുള്ളത്. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുമെന്ന് റിപ്പോർട്ട്.

അണക്കെട്ടിൽ 142 അടി ജലം സംഭരിക്കാനാണ് സുപ്രീംകോടതി തമിഴ്നാടിന് അനുമതി നൽകിയത്. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഉപസമിതി ശനിയാഴ്ച അണക്കെട്ട് സന്ദർശിച്ചിരുന്നു. ഇന്ന് അണക്കെട്ടിൽ വീണ്ടും സന്ദർശനം നടത്തുന്ന സമിതി സ്ഥിതിഗതി വിലയിരുത്താൻ യോഗം ചേരുന്നുണ്ട്.

ഡാമിെൻറ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചാൽ സ്വീകരിക്കേണ്ട നടപടികളും ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്ന കേന്ദ്രങ്ങളിലെ ക്രമീകരണങ്ങളും വകുപ്പ് ഉദ്യോഗസ്ഥരുമായി ശനിയാഴ്ച കലക്ടർ ചർച്ച ചെയ്തു. ഡാമിൽ നിന്ന് വെള്ളം തുറന്നുവിടേണ്ടി വന്നാൽ ആദ്യം ബാധിക്കുന്ന വണ്ടിപ്പെരിയാർ വില്ലേജിലെ കുടുംബങ്ങൾക്ക് ഏറ്റവും അടുത്തുള്ള വള്ളക്കടവ് പള്ളി സ്കൂൾ, വഞ്ചിവയൽ സ്കൂൾ എന്നിവിടങ്ങളിൽ താമസസൗകര്യം ഏർപ്പെടുത്തും.

ഇവിടത്തെ 129 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ഏഴ് വീടുകൾക്ക് ഒരു കൺവീനർ എന്ന നിലയിൽ 19 ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
മാറ്റിപ്പാർപ്പിക്കുന്നവർക്ക് ഭക്ഷണവും അടിസ്ഥാനസൗകര്യവും ഏർപ്പെടുത്താൻ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.  
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.