പൊലീസ് തലപ്പത്ത് അഴിച്ചുപണി; ഋഷിരാജ്സിങ്ങിന് ജയിൽ വകുപ്പ്, ലോക്നാഥ് ബെഹ്റ ഫയർഫോഴ്സിൽ

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ അഴിച്ചുപണി വീണ്ടും വിവാദത്തിൽ. ജയിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റയെ ഫയർഫോഴ്സിലും ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ച ഋഷിരാജ് സിങ്ങിനെ ജയിൽ വകുപ്പിലും നിയമിച്ചതാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഫയർഫോഴ്സ് മേധാവി എ.ഡി.ജി.പി അനിൽകാന്തിനെ ഋഷിരാജിനുപകരം ബറ്റാലിയൻ എ.ഡി.ജി.പി ആക്കാനും തീരുമാനമായി.

മാനദണ്ഡങ്ങൾ മറികടന്ന് പൊലീസ് ഉന്നതങ്ങളിൽ സർക്കാർ അടിക്കടി നടത്തുന്ന പരിഷ്കാരത്തിനെതിരെ ഡി.ജി.പി ലോക്നാഥ് ബെഹ്റ പരസ്യമായി രംഗത്തെത്തി. ഡി.ജി.പി റാങ്കിലെ ഉദ്യോഗസ്ഥനെ നിയമിക്കേണ്ട വിജിലൻസ് ഡയറക്ടർ തസ്തിക ഒഴിഞ്ഞുകിടക്കവെ, തന്നെ ഫയർഫോഴ്സിൽ നിയമിച്ചതാണ് ബെഹ്റയെ ചൊടിപ്പിച്ചത്. വിജിലൻസ് ഡയറക്ടർ തസ്തികയിൽ ഡി.ജി.പി റാങ്കിലെ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നാണ് ചട്ടമെങ്കിലും എ.ഡി.ജി.പി എൻ. ശങ്കർറെഡ്ഡിക്കാണ് വിജിലൻസ് ഡയറക്ടറുടെ ചുമതല നൽകിയത്. ഡി.ജി.പി റാങ്കിലുള്ള ഡോ. ജേക്കബ് തോമസ്, ലോക്നാഥ് ബെഹ്റ, ഋഷിരാജ് സിങ് എന്നിവരുടെ പേര് വെട്ടിയാണ് ശങ്കർറെഡ്ഡിയെ കൊണ്ടുവന്നത്. ഇതിൽ തനിക്കുള്ള നീരസം ബെഹ്റ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയെ ധരിപ്പിച്ചു. പ്രതിഷേധ സൂചകമായി അവധിയിൽ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

2015 ജൂണിലാണ് ബെഹ്റയെ ജയിൽ മേധാവിയായി നിയമിക്കുന്നത്. ഇവിടെ നിരവധി പരിഷ്കാരങ്ങൾ അദ്ദേഹത്തിെൻറ ആഭിമുഖ്യത്തിൽ നടപ്പാക്കിവരുകയാണ്. ഇതിനിടെ തന്നെ സ്ഥലംമാറ്റിയാൽ ഏറ്റെടുത്ത പദ്ധതികൾ പാതിവഴിയിലാകുമെന്ന ആശങ്കയും അദ്ദേഹം ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.