ഇല്ല നൗഷാദ്, നിങ്ങളെ ഞങ്ങള്‍ മറവിക്ക് കൊടുക്കില്ല...


കോഴിക്കോട്: ഒടുവിലത്തെ ചില്ലതേടി കൂടണയുന്ന കിളികള്‍കണക്കെ മാളിക്കടവിലെ മേപ്പക്കുടി വീടുതേടി നന്മമായാത്ത മനസ്സുകള്‍ എവിടെനിന്നൊക്കെയോ പറന്നത്തെിക്കൊണ്ടിരിക്കുന്നു. സഹജീവി ശ്വാസംകിട്ടാതെ പിടയുമ്പോള്‍ സ്വന്തംജീവനെ കുറിച്ചോര്‍ക്കാതെ മനുഷ്യത്വത്തിന്‍െറ മറുവാക്കായി മരണത്തിലേക്കുമാഞ്ഞ നൗഷാദിനെ മറവിക്ക് വിട്ടുകൊടുക്കില്ളെന്നുറപ്പിച്ചാണ് ഓരോ കാല്‍പ്പാടുകളും ആ വീട്ടുമുറ്റത്തേക്ക് കടന്നുവരുന്നത്.
മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയക്കാരും മാത്രമല്ല, പേരറിയാത്ത ദിക്കുകളില്‍നിന്നുപോലും കേട്ടറിഞ്ഞത്തെുന്ന അപരിചിതരായ സാധാരണക്കാര്‍. അവര്‍ക്ക് നൗഷാദ് ഇപ്പോള്‍ അവരുടെ സ്വന്തമാണ്. നന്മയെ ജാതിതിരിച്ച് അപഹസിക്കുന്നവര്‍ക്ക് മറുപടിയായി നൗഷാദിന്‍െറ വീട്ടുമുറ്റത്തുനിന്ന് വിട്ടുപോരാതെ അവര്‍ നില്‍ക്കുന്നു. കേട്ടറിഞ്ഞ ആ നല്ലമനുഷ്യന്‍െറ വീട്ടുകാരെയെങ്കിലും ഒന്നുകാണാന്‍, ആശ്വസിപ്പിക്കാന്‍. നൗഷാദെന്ന നന്മമരത്തിന്‍െറ ചുവട്ടിലിത്തിരി നേരമിരിക്കാന്‍. നന്മയുടെ കോഴിക്കോടന്‍ ഓട്ടോക്കാരന്‍െറ കുടുംബം ഒറ്റക്കല്ളെന്നുപറയാന്‍.
നവംബര്‍ 26ന് വൈകീട്ട് ആറുമുതല്‍ തുടങ്ങിയതാണ് ഈ ആളൊഴുക്ക്. കക്കോടി ജുമാമസ്ജിദില്‍ പിറ്റേന്ന് രാവിലെ ഖബറടക്കിയശേഷവും വരവ് നിലച്ചില്ല. സ്ഥലം എം.എല്‍.എ എ. പ്രദീപ്കുമാര്‍ ഉള്‍പ്പടെ ഒട്ടുമിക്ക ജനപ്രതിനിധികളും ആദ്യദിവസംതന്നെയത്തെി. പിറ്റേന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഇപ്പോഴുമത്തെുന്ന സന്ദര്‍ശകര്‍.
മന്ത്രിമാരായ രമേശ് ചെന്നിത്തല, ഡോ. എം.കെ. മുനീര്‍, സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍, മുന്‍ മന്ത്രി എളമരം കരീം, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, വ്യവസായപ്രമുഖന്‍ കൊച്ചൗസേപ് ചിറ്റിലപ്പിള്ളി, എം.ഇ.എസ് സംസ്ഥാന പ്രസിഡന്‍റ് ഡോ. പി.എ. ഫസല്‍ ഗഫൂര്‍, ഡോ. ഹുസൈന്‍ മടവൂര്‍, ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ടി.കെ. ഹുസൈന്‍... പട്ടിക തീരുന്നില്ല. എല്ലാ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പലദിവസങ്ങളിലായി വന്നു. കേട്ടറിഞ്ഞ നൗഷാദിന്‍െറ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ അയ്യപ്പഭക്തരും കഴിഞ്ഞദിവസമത്തെി. ഏറെനേരം ചെലവഴിച്ചശേഷമാണ് ഇവര്‍ വീടുവിട്ടതെന്ന് അമ്മാവന്‍ മുഹമ്മദ് ഷാജി പറഞ്ഞു. ദിവസം നൂറോളം പേരെങ്കിലും എത്തുന്നതായും അതിഥികളെ കണക്കിലെടുത്ത് കുടുംബക്കാര്‍ ആരും വീടുവിട്ട് നില്‍ക്കുന്നില്ളെന്നും ഇദ്ദേഹം പറഞ്ഞു.
ബി.കോം ബിരുദധാരിയായ ഭാര്യ സഫ്രീനക്ക് ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 26ന് രാവിലെയാണ് മാന്‍ഹോള്‍ അപകടത്തില്‍ രക്ഷകനായത്തെിയ നൗഷാദും രണ്ടു ആന്ധ്രപ്രദേശ് തൊഴിലാളികളും മരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.