സംസ്ഥാനത്ത് പ്രസവശസ്ത്രക്രിയ വീണ്ടും വര്‍ധിക്കുന്നു


തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവശസ്ത്രക്രിയകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. മുന്‍വര്‍ഷത്തെക്കാള്‍ അഞ്ച് ശതമാനത്തോളമാണ് വര്‍ധിച്ചത്. 57.2 ശതമാനവുമായി എറണാകുളം ജില്ലയാണ് മുന്നില്‍. സ്വകാര്യ ആശുപത്രികളും ഇക്കാര്യത്തില്‍ മത്സരിക്കുന്നതായാണ് കണക്കുകള്‍. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന പ്രസവശസ്ത്രക്രിയാനിരക്കിലുണ്ടായ വര്‍ധന മുന്നില്‍കണ്ട് മൂന്നുവര്‍ഷം മുമ്പ് സര്‍ക്കാര്‍ ഇടപെട്ടെങ്കിലും ഫലംകണ്ടില്ല. ആരോഗ്യവകുപ്പിന്‍െറ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ആശുപത്രികളും ഡോക്ടര്‍മാരും തയാറാകാത്തതാണ് സിസേറിയനുകളുടെ എണ്ണം ക്രമാതീതമായി കൂടാന്‍ കാരണം.
കുറച്ചുവര്‍ഷങ്ങളായി കേരളത്തില്‍ പ്രസവശസ്ത്രക്രിയകളുടെ എണ്ണം ദേശീയ ശരാശരിയിലും കൂടുതലാണ്. ഇതിനെതുടര്‍ന്ന് അടിയന്തരഘട്ടങ്ങളില്‍ മാത്രം ശസ്ത്രകിയ എന്ന കര്‍ശനനിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയത്. ആശുപത്രികളെ നിരീക്ഷിക്കാനും തീരുമാനിച്ചു. എന്നാല്‍, ഇതെല്ലാം പാഴ്വാക്കായി. സംസ്ഥാനത്തെ മൊത്തം സിസേറിയനുകളുടെ എണ്ണം 39.8 ആണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ 4.49 ശതമാനത്തിന്‍െറ വര്‍ധനയുണ്ടായി. ഈവര്‍ഷം ഇതുവരെയുള്ള കണക്കനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവശസ്ത്രക്രിയകളുടെ എണ്ണത്തില്‍ അഞ്ച് ശതമാനം വര്‍ധന ഉണ്ടായി. സ്വകാര്യ ആശുപത്രികളിലെ വര്‍ധനനിരക്ക് 0.36 ശതമാനമാണ്.
സ്വകാര്യ ആശുപത്രികളില്‍ 45 മുതല്‍ 50 ശതമാനം വരെ സിസേറിയനുകള്‍ നടക്കുന്നെന്നാണ് കണക്ക്. മുന്‍വര്‍ഷങ്ങളിലും എറണാകുളം ജില്ലയായിരുന്നു മുന്നില്‍. ആലുവ ജില്ലാ ആശുപത്രിയിലും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലുമാണ് റെക്കോഡ് സിസേറിയനുകള്‍ നടന്നത്. ആലുവ ജില്ലാ ആശുപത്രിയില്‍ ഇക്കാലയളവില്‍ നടന്ന 1509 പ്രസവങ്ങളില്‍ 1056 ഉം ശസ്ത്രക്രിയ വഴി ആയിരുന്നു.
70 ശതമാനമാണ് ഇവിടത്തെ ശസ്ത്രക്രിയാനിരക്ക്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ 1003ല്‍ 678ഉം സിസേറിയന്‍ വഴിയായിരുന്നു-67.6 ശതമാനം. ഈ രണ്ട് ആശുപത്രികള്‍ ഉള്‍പ്പെടെ 11 ആശുപത്രികളിലെ പ്രസവ ശസ്ത്രക്രിയകളുടെ എണ്ണം 50 ശതമാനത്തിന് മുകളിലാണ്.
49.2 ശതമാനവുമായി കൊല്ലം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. കൊല്ലത്തെയും എറണാകുളത്തെയും ചില സ്വകാര്യ ആശുപത്രികളില്‍ 90 ശതമാനത്തിലേറെയാണ് സിസേറിയന്‍ നിരക്ക്. കണ്ണൂരില്‍ 48.3 ശതമാനവും ആലപ്പുഴയിലും ഇടുക്കിയിലും 47ശതമാനവുമാണ് കണക്ക്. പത്തനംതിട്ടയിലെ സിസേറിയന്‍ 45.8 ശതമാനമാണ്. ഏറ്റവും കുറവ് കാസര്‍കോട് ജില്ലയിലാണ്-23 ശതമാനം. സ്വാഭാവിക പ്രസവത്തിന് കാക്കാതെ നടത്തുന്ന ഇത്തരം സിസേറിയനുകള്‍ സ്ത്രീകളില്‍ വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് കണ്ടത്തെിയിട്ടുണ്ട്.
ജനങ്ങള്‍ക്കിടയില്‍നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നാലേ സിസേറിയന്‍ നിയന്ത്രിക്കാന്‍ കഴിയൂവെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വാദം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം ലഭിച്ച പരാതികളില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. എസ്. ജയശങ്കര്‍ പറഞ്ഞു. രക്ഷാകര്‍ത്താക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഇക്കാര്യത്തിലുള്ള പങ്ക് ഒരുപോലെയാണ്. നിര്‍ബന്ധിത സിസേറിയന്‍ ആണെങ്കില്‍പോലും പരാതിപ്പെടാന്‍ ആളില്ളെങ്കില്‍ നടപടിയെടുക്കാന്‍ പ്രയാസമാണ്. അതാണ് നിയന്ത്രണങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കാനാവാത്തതിന്‍െറ കാരണമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.