ജനസുരക്ഷ പദ്ധതികള്‍ ഏകോപിപ്പിച്ചുള്ള സംവിധാനം ഉടന്‍ -ആഭ്യന്തര മന്ത്രി

കോട്ടയം: ജനസുരക്ഷക്ക് നിലവിലെ വിവിധ പദ്ധതികള്‍ ഏകോപിപ്പിച്ചുള്ള ആധുനിക സംവിധാനത്തിന് ആഭ്യന്തര വകുപ്പ് രൂപം നല്‍കിവരുകയാണെന്ന് മന്ത്രി രമേശ് ചെന്നിത്തല. തത്സമയം പൊലീസിന്‍െറ സഹായം തേടാനായി മണര്‍കാട് പൊലീസ് നടപ്പാക്കുന്ന മൊബൈല്‍ ആപ് പദ്ധതിയുടെ ഉദ്ഘാടനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ജനസുരക്ഷക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. ഇതിന് ഏതറ്റം വരെയും പോവും. കൂടുതല്‍ പൊലീസിനെ നിയമിക്കുകയും ആവശ്യത്തിന് ് വാഹനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. ഇപ്പോള്‍ ജില്ലകളില്‍ നടപ്പാക്കിയ സുരക്ഷ പദ്ധതികള്‍ ഏകോപിപ്പിച്ച് ജനങ്ങള്‍ക്ക് ഏറ്റവും പ്രയോജനകരമാകുന്ന വിധത്തിലുള്ള സംവിധാനം ഉടന്‍ നടപ്പാക്കും. വിദ്യാര്‍ഥികള്‍ വഴിതെറ്റുന്നത് തടയാന്‍ സ്കൂളുകളെ ബന്ധപ്പെടുത്തിയുള്ള ഗുരുകുലം പദ്ധതി അടുത്ത വര്‍ഷത്തോടെ സംസ്ഥാനത്ത് പൂര്‍ണമായും നടപ്പാക്കുമെന്നും രമേശ് പറഞ്ഞു. മണര്‍കാട്ട് മൈ പൊലീസ് ആപ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.
ജനസുരക്ഷയുടെ കാര്യത്തില്‍ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കാതെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മൊബൈല്‍ ആപ് ലോഗോ പ്രകാശനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ഡി.ജി.പി സെന്‍കുമാര്‍, എ.ഡി.ജി.പി കെ. പത്മകുമാര്‍, ജോസ് കെ. മാണി എം.പി, ജില്ലാ പൊലീസ് മേധാവി എം.പി. ദിനേശ്, മണര്‍കാട് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു കെ. കോര, വിജയപുരം പഞ്ചായത്ത് പ്രസിഡന്‍റ് റോയി ജോണ്‍, ജില്ലാ പഞ്ചായത്ത് അംഗം ഫില്‍സണ്‍ മാത്യൂസ്,  റെസിഡന്‍റ്സ് അസോസിയേഷന്‍ അപ്പെക്സ് പ്രസിഡന്‍റ് കെ.എം. രാധാകൃഷ്ണപിള്ള, ഡോ. പുന്നന്‍ കുര്യന്‍ വേങ്കടത്ത്, ഡിവൈ.എസ്.പി വി.യു. കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.