ഗള്‍ഫ് വിമാന നിരക്ക് പത്തിരട്ടി കൂട്ടി ആകാശക്കൊള്ള

പഴയങ്ങാടി(കണ്ണൂര്‍): ഗള്‍ഫില്‍ വിദ്യാലയങ്ങള്‍ തുറക്കുന്ന സമയം മുതലെടുത്ത് വിമാനക്കമ്പനികള്‍ യാത്രാനിരക്ക് പത്തിരട്ടിയിലധികം വര്‍ധിപ്പിച്ച് യാത്രക്കാരെ വെട്ടിലാക്കി. ആഗസ്റ്റ് രണ്ടാം വാരം മുതല്‍ സെ്പറ്റംബര്‍ രണ്ടാം വാരം വരെയുള്ള കാലയളവിലാണ് വിമാന യാത്രാക്കൂലി സകല കീഴ്വഴക്കങ്ങളും ലംഘിച്ച് കുത്തനെ ഉയര്‍ത്തിയത്. കോഴിക്കോട്-ഗള്‍ഫ് റൂട്ടിലാണ് യാത്രാനിരക്ക് പത്തിരട്ടി വരെ വര്‍ധിപ്പിച്ച് യാത്രക്കാരെ ഏറ്റവും കുടുതല്‍ കൊള്ളയടിക്കുന്നത്.
ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ ആറു വരെയുള്ള തീയതികളില്‍ 20000 രൂപ മുതല്‍ 30000 രൂപ വരെ ഈടാക്കി മാസങ്ങള്‍ക്ക് മുമ്പേ വിമാനക്കമ്പനികള്‍ റിസര്‍വേഷന്‍ തുടങ്ങിയിരുന്നു. ബജറ്റ് എയര്‍ലൈനുകളായ എയര്‍ അറേബ്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്  എന്നിവ ദുബൈ, അബൂദബി, ഷാര്‍ജ എയര്‍പോര്‍ട്ടുകളിലേക്ക് കോഴിക്കോട് നിന്ന് 30000 മുതല്‍ 35000 രൂപ വരെ സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ഈടാക്കുന്നതിന്‍െറ മറപിടിച്ച് മറ്റ് വിമാനക്കമ്പനികള്‍  യാത്രാനിരക്കില്‍ വന്‍ വര്‍ധന നടത്തുകയായിരുന്നു.
 കോഴിക്കോടുനിന്ന് അബൂദബിയിലേക്ക് സെപ്റ്റംബര്‍ നാലിന്  67758 രൂപയുടെ നിരക്ക് നിശ്ചയിച്ചാണ് ഇത്തിഹാദ് എയര്‍ലൈന്‍സ് യാത്രക്കാരെ പിഴിയുന്നത്.  സെപ്റ്റംബര്‍ ആദ്യവാരത്തിലെ ഏതാണ്ടെല്ലാ ദിവസങ്ങളിലും ഇത്തിഹാദ്, ജെറ്റ് എയര്‍വെയ്സ് എന്നിവ ഏതാണ്ട് 41000 മുതല്‍ 55000 രൂപ വരെയാണ് യാത്രാനിരക്ക് ഈടാക്കുന്നത്.
കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നും യു.എ.ഇയിലേക്ക് വന്‍നിരക്കാണ് വിമാനക്കമ്പനികള്‍ യാത്രക്കാരില്‍ നിന്ന്  ഈടാക്കുന്നത്.  താരതമ്യേന കുറഞ്ഞ നിരക്ക് അബൂദബി, ദുബൈ എന്നിവിടങ്ങളിലേക്ക് ഈടാക്കാറുള്ള ജെറ്റ് എയര്‍വെയ്സ് മംഗലാപുരത്തുനിന്നും ഇക്കുറി വന്‍ നിരക്കാണ് ഈടാക്കുന്നത്.
മലബാര്‍ മേഖലയിലുള്ളവര്‍ ആശ്രയിക്കുന്ന മംഗലാപുരത്തുനിന്ന് നിരക്ക് കുത്തനെ ഉയര്‍ത്തിയതോടെ ഈ സീസണില്‍ താരതമ്യേന യാത്രാനിരക്ക് കുറഞ്ഞ ഗോവ എയര്‍പോര്‍ട്ടിനെയാണ്  യാത്രക്കാരില്‍ നല്ളൊരു വിഭാഗം ആശ്രയിക്കുന്നത്.
സൗദിയിലെ വിമാനത്താവളങ്ങളായ  ദമ്മാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സുകളും തങ്ങളുടെ നേരിട്ടുള്ള സര്‍വിസില്‍ യാത്രാനിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ട്. ഇതോടെ കണക്ഷന്‍ സര്‍വിസുകള്‍ നടത്തുന്ന വിമാനക്കമ്പനികള്‍ തങ്ങളുടെ  യാത്രാനിരക്ക് പതിന്മടങ്ങാണ് വര്‍ധിപ്പിച്ചത്.
കുവൈത്ത് സെക്ടറിലേക്ക് സെപ്റ്റംബര്‍ ആദ്യവാരത്തില്‍ മിക്ക വിമാനങ്ങളിലും ടിക്കറ്റുകള്‍ ലഭ്യമല്ലാതായിട്ടുണ്ട്.
കൊച്ചിയില്‍ നിന്ന് കുവൈത്ത് എയര്‍വെയ്സ് 28000 രൂപക്ക് മുകളിലാണ് കുവൈത്തിലേക്ക് ഈടാക്കുന്നത്. പെരുന്നാള്‍ കഴിഞ്ഞുള്ള തിരക്ക് അവസാനിക്കുന്നതിനുമുമ്പേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി കഴിഞ്ഞ് തുറക്കുന്നതും  തിരുവോണം കഴിഞ്ഞുള്ള തിരക്കും ഒന്നിച്ചായതാണ് വിമാനക്കമ്പനികള്‍ക്ക് കൊയ്ത്തായത്. എട്ടും പത്തുമിരട്ടി യാത്രാക്കൂലി വര്‍ധിപ്പിച്ചതോടെ അവധിക്ക് നാട്ടിലത്തെിയ കുടുംബങ്ങളാണ് കൂടുതല്‍ ദുരിതത്തിലായത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.