കേന്ദ്രവും സംസ്ഥാനവും ചതിച്ചു; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കണ്ണീരോണം

തൃശൂര്‍: കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ അവഗണന മൂലം സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഈ ഓണത്തിന് ആനുകൂല്യമില്ല. ഓണം അലവന്‍സ് ഇല്ളെന്ന് മാത്രമല്ല, കൂലിപോലും കിട്ടാത്ത അവസ്ഥയാണ്. കൂലി കുടിശ്ശികയായിട്ട് മാസങ്ങളായി. ഇതിനിടെയാണ് 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് സംസ്ഥാന സര്‍ക്കാറിന്‍െറ 1,000 രൂപ ഉത്സവബത്തയും മുടങ്ങിയത്.
2011-12ലും 2012-13ലും ഓണം അലവന്‍സ് കൃത്യമായി നല്‍കിയെങ്കിലും 2014ല്‍ ഘട്ടങ്ങളായാണ് വിതരണം ചെയ്തത്. എന്നാല്‍, ഈ വര്‍ഷം അലവന്‍സ് നല്‍കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. പൂര്‍ണമായും കേന്ദ്ര വിഹിതമാണ് തൊഴിലുറപ്പ് പദ്ധതിക്ക് വിനിയോഗിക്കുന്നത്.
2011-12 സാമ്പത്തിക വര്‍ഷം 90 തൊഴില്‍ ദിനമെങ്കിലും പൂര്‍ത്തിയാക്കിയവര്‍ക്ക് അലവന്‍സിനൊപ്പം സ്ത്രീ തൊഴിലാളികളുടെ സ്കൂള്‍ -കോളജ് തലങ്ങളില്‍ പഠിക്കുന്ന മക്കള്‍ക്ക് യൂനിഫോം, പുസ്തകം എന്നിവ വാങ്ങാന്‍ 1,000 രൂപ വീതം അനുവദിച്ചു. ഇത് സംസ്ഥാന വിഹിതത്തില്‍ നിന്നായിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും യൂനിഫോം, പുസ്തകം അലവന്‍സ് നല്‍കിയില്ല.
നടപ്പ് സാമ്പത്തികവര്‍ഷം ഇവയൊന്നും നല്‍കുന്നത് പരിഗണനയിലില്ളെന്നാണ് ഗ്രാമവികസന വകുപ്പ് വ്യക്തമാക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് എതിര്‍ത്തതാണ് കാരണം. കഴിഞ്ഞ ബജറ്റില്‍ ഫെസ്റ്റിവല്‍ അലവന്‍സിനൊപ്പം ക്ഷേമപദ്ധതികളും ക്ഷീരമേഖലയുള്‍പ്പെടെ ഇതര മേഖലകളിലേക്ക് തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കുന്നതും കൂലി വര്‍ധനയും പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണെന്നതിനാല്‍ നടപ്പാക്കാന്‍ കേന്ദ്രാനുമതി വേണം. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയൊന്നും എടുത്തില്ല.  
തൊഴിലാളികളുടെ കൂലിയിനത്തില്‍ 108.8 കോടിയാണ് കുടിശ്ശിക. തിരുവനന്തപുരം ജില്ലയിലാണ് കുടിശ്ശിക കൂടുതല്‍ -2775.17 ലക്ഷം. വയനാട് -78.39 ലക്ഷം, കൊല്ലം -703.82 ലക്ഷം, പത്തനംതിട്ട -477.91 ലക്ഷം, ആലപ്പുഴ -1239.61 ലക്ഷം, കോട്ടയം -400.76 ലക്ഷം, ഇടുക്കി -776.26 ലക്ഷം, എറണാകുളം -390.37 ലക്ഷം, തൃശൂര്‍ -304.21 ലക്ഷം, പാലക്കാട് -447.19 ലക്ഷം, മലപ്പുറം -1247.52 ലക്ഷം, കോഴിക്കോട് -1181.16 ലക്ഷം, കണ്ണൂര്‍ -558.64 ലക്ഷം, കാസര്‍കോട് -227.2 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. കേന്ദ്ര വിഹിതം ലഭിക്കുന്ന മുറക്ക് കുടിശ്ശിക തീര്‍ക്കുമെന്നാണ് ഗ്രാമവികസന വകുപ്പ് പറയുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.