അനുമതി നിഷേധിച്ച മൂന്ന് മെഡി. കോളജുകളില്‍ വീണ്ടും പരിശോധന നടത്തണമെന്ന് ഹൈകോടതി

കൊച്ചി: സംസ്ഥാനത്തെ മൂന്ന് മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ കൗണ്‍സില്‍ പ്രതിനിധികള്‍ വീണ്ടും പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈകോടതി ഉത്തരവ്. ഈ അധ്യയനവര്‍ഷം മെഡിക്കല്‍ വിദ്യാഭ്യാസം നടത്താന്‍ അനുമതി നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് അപ്പീല്‍ ഹരജി സമര്‍പ്പിച്ച ഷൊര്‍ണൂര്‍ കൊടപ്പുള്ളി ആര്‍.കെ. ദാസ്, വയനാട് ഡി.എം., പത്തനംതിട്ട കുളനട മൗണ്ട് സിയോണ്‍ എന്നീ മെഡിക്കല്‍ കോളജുകളില്‍ പരിശോധന നടത്താനാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.

 കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഇവര്‍ നല്‍കിയ ഹരജി നേരത്തേ സിംഗ്ള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രതിനിധി സംഘം കോളജില്‍ പരിശോധന നടത്തി നല്‍കുന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഓരോ വര്‍ഷവും അധ്യയനത്തിന് അനുമതി നല്‍കാറ്.

എന്നാല്‍, ഹരജിക്കാരുടെ കോളജുകളില്‍ മൂന്ന് തവണയിലേറെ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടും അനുമതി ലഭിച്ചില്ളെന്നായിരുന്നു ഇവരുടെ വാദം. ആദ്യപരിശോധനയില്‍ തന്നെ എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോളജിന് പോലും അംഗീകാരം നിഷേധിച്ച് പുന$പരിശോധനക്ക് ഉത്തരവിട്ടു. പിന്നീട് നടത്തിയ പരിശോധനയില്‍ ആവശ്യമായ സൗകര്യങ്ങളില്ളെന്ന് ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചു.

അടിസ്ഥാന സൗകര്യങ്ങളുണ്ടായിട്ടും അനുമതി നിഷേധിക്കുകയാണ്. ആദ്യപരിശോധനകളില്‍ കണ്ടത്തെിയ കുറവുകള്‍ നികത്താന്‍ അവസരം നല്‍കിയശേഷം വീണ്ടും പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കാമെങ്കിലും അതിനുള്ള അവസരം നിഷേധിച്ചതായും അപ്പീല്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് മിന്നല്‍ പരിശോധനയോ സാധാരണ പരിശോധനയോ ഒരിക്കല്‍കൂടി നടത്തി കേന്ദ്രസര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.