പ്രായത്തില്‍ താഴെയാണെങ്കിലും ജ്യേഷ്ഠനെന്നുള്ള വിളിയും വാത്സല്യപൂര്‍വമായ പെരുമാറ്റവും മൂലം പറവൂര്‍ ഭരതന്‍ നിത്യവും എന്‍െറ ഓര്‍മയിലുണ്ടാകും.
നാടകരംഗത്തുനിന്ന് സിനിമയിലത്തെിയവരാണ് ഞാനും ഭരതനും. എന്നാല്‍, നാടകത്തില്‍ ഒരുമിച്ച് അഭിനയിക്കണമെന്ന മോഹം യാഥാര്‍ഥ്യമായില്ല.
സിനിമാ ഷൂട്ടിങ്ങിന്‍െറ ഇടവേളകളിലും മറ്റും നാടകത്തെക്കുറിച്ചാണ് ഞങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നത്. പഴയകാലത്ത് നാടകങ്ങളില്‍ അഭിനേതാക്കളായിരുന്നവരില്‍ ഏറെപ്പേരും അര്‍പ്പണമനോഭാവമുള്ളവരായിരുന്നെന്നും എന്നാല്‍, പുതിയ കാലത്ത് അതങ്ങനെയല്ളെന്നും ഭരതന്‍ പറയാറുണ്ട്. സിനിമയെക്കാളേറെ നാടകത്തെ സ്നേഹിച്ച നടന്‍കൂടിയാണ് അദ്ദേഹം.
അറുപതുകളില്‍ പറവൂര്‍ ടൗണ്‍ഹാളില്‍ ചങ്ങനാശ്ശേരി ഗീഥയുടെ ‘വീഥി’യെന്ന നാടകം അവതരിപ്പിച്ചപ്പോള്‍ ഭരതന്‍ പറവൂരില്‍നിന്ന് കാല്‍നടയായി വന്നാണ് കണ്ടത്. നാടകത്തില്‍ കൊച്ചുകുഞ്ഞ് എന്ന കഥാപാത്രത്തെ ഞാനാണ് അവതരിപ്പിച്ചത്. നാടകം തീര്‍ന്നശേഷം സ്റ്റേജില്‍ കയറിവന്ന ഭരതന്‍ എന്നെ പരിചയപ്പെടുകയും സ്വയം പരിചയപ്പെടുത്തുകയും ചെയ്ത സംഭവം മറക്കാനാകാത്തതാണ്.
വില്ലന്‍ കഥാപാത്രം കാണികളില്‍ വെറുപ്പുളവാക്കിയിരുന്നതിനെ ഭരതന്‍ വിഷമത്തോടെയാണ് കണ്ടിരുന്നത്. കഥാപാത്രത്തിന്‍െറ പൂര്‍ണതക്ക് തന്മയത്വത്തോടെ അഭിനയിക്കുന്നത് സ്വാഭാവികം. എന്നാല്‍, വില്ലന്‍കഥാപാത്രങ്ങള്‍ ആളുകളില്‍ വെറുപ്പുണ്ടാക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു. പില്‍ക്കാലത്ത് ഹാസ്യ കഥാപാത്രങ്ങളിലേക്ക് തിരിഞ്ഞതോടെ ആ മനോവിഷമം മാറിയതായാണ് തോന്നിയിട്ടുള്ളത്.
നാടകത്തില്‍ സഭ്യേതരമായതൊന്നും പാടില്ളെന്നായിരുന്നു ഭരതന്‍െറ നിലപാട്. മുണ്ട് ഉയര്‍ത്തി മടക്കിക്കുത്തുന്നതും മീശ പിരിക്കുന്നതുമൊന്നും ആദ്യകാലത്ത് അനുവദനീയമായിരുന്നില്ല. അങ്ങനെയുള്ളവര്‍ വേദിക്ക് പുറത്താണ്.
ആതിഥ്യമര്യാദയില്‍ അദ്ദേഹം ഏറെ തല്‍പരനായിരുന്നു. ഭരതന്‍െറ വീട്ടിലെ ഓരോ സന്ദര്‍ശന മുഹൂര്‍ത്തവും ഓര്‍മയില്‍ തെളിയുന്നവയാണ്.
എന്തായാലും കലാജീവിതം കൊണ്ട് സാമ്പത്തികമായി നേട്ടമൊന്നും ഉണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
കഥാപാത്രം എന്തായിരുന്നാലും അതുള്‍ക്കൊണ്ട് അഭിനയിക്കുകയും അക്കാര്യം കാണികളെ ബോധ്യപ്പെടുത്തുകയെന്നതും ഭരതന് നിര്‍ബന്ധമായിരുന്നു.
അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന സിനിമയില്‍ 82കാരനായ എന്‍െറ മകനായാണ് ഭരതന്‍ അഭിനയിച്ചത്? നാലര തലമുറകളിലെ മൂത്ത മകനായിരുന്നു എന്‍െറ കഥാപാത്രം. ‘സ്ത്രീ’ എന്ന സീരിയലില്‍ അമ്പലവാസിയായി പറവൂര്‍ ഭരതനും കെ.പി.എ.സി ലളിതയുടെ സഹോദരനായി ഞാനും വേഷമിട്ട നാളുകള്‍ ഇപ്പോഴും ഹൃദ്യമായ ഓര്‍മയാണ്.
തയാറാക്കിയത്: കെ.എസ്. വിജയന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.