ലൈറ്റ് മെട്രോ പദ്ധതി: പൊതുമരാമത്ത് വകുപ്പും പിന്മാറുന്നു

കോട്ടയം: തിരുവനന്തപുരം^കോഴിക്കോട് നഗരങ്ങളിലേക്ക് വിഭാവനം ചെയ്ത ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പും പിന്മാറുന്നു. ഡി.എം.ആര്‍.സിയെയും മെട്രോമാന്‍ ഇ. ശ്രീധരനെയും ഒഴിവാക്കി പദ്ധതി അട്ടിമറിക്കാന്‍ ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന നീക്കത്തിലുള്ള അതൃപ്തിയെ തുടര്‍ന്നാണിത്. പദ്ധതി അനിശ്ചിതമായി നീട്ടാനും ശ്രീധരനെ ഒഴിവാക്കാനും മാസങ്ങളായി ഉദ്യോഗസ്ഥ തലത്തില്‍ നീക്കം ആരംഭിച്ചിരുന്നു.

പദ്ധതി വേഗത്തിലാക്കാന്‍ വകുപ്പ് മന്ത്രി നിര്‍ദേശിച്ചിട്ടും ഫയലുകള്‍ മന്ത്രിസഭാ യോഗത്തിന്‍െറ പരിഗണനക്ക് കൊണ്ടുവരാതെ വെച്ചുതാമസിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിലുള്ള അമര്‍ഷവും പിന്മാറ്റ തീരുമാനത്തിന് പിന്നിലുണ്ടത്രെ. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും ഫയലുകള്‍ മന്ത്രിസഭയുടെ പരിഗണനക്ക് എത്തിച്ചിട്ടില്ളെന്ന പരാതിയും നിലനില്‍ക്കുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പദ്ധതിയുടെ ചുമതലയില്‍നിന്ന് ഒഴിവാകാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്.
ലൈറ്റ് മെട്രോ നടപ്പാക്കാന്‍ പദ്ധതി ആവിഷ്കരിച്ചതും നടപടി വേഗത്തിലാക്കിയതും പൊതുമരാമത്ത് വകുപ്പായിരുന്നു. നിര്‍മാണച്ചുമതല ഡി.എം.ആര്‍.സിയെയും മേല്‍നോട്ടം ശ്രീധരനെയും ഏല്‍പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തത്ത്വത്തില്‍ ധാരണയായിട്ടും കൊച്ചി മെട്രോയില്‍നിന്ന് ശ്രീധരനെ ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ ലോബി നടത്തിയ അതേ തന്ത്രങ്ങള്‍ ഇവിടെയും ആരംഭിച്ചതോടെയാണ് ഇനി പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ളെന്ന നിലപാടില്‍ പൊതുമരാമത്ത് വകുപ്പ് എത്തിയത്. ഇക്കാര്യം മുഖ്യമന്ത്രിയെയും വകുപ്പ് മന്ത്രി അറിയിച്ചതായാണ് വിവരം.
ലൈറ്റ് മെട്രോയുടെ കാര്യത്തില്‍ തല്‍ക്കാലം നടപടികളൊന്നും വേണ്ടെന്ന് മന്ത്രി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും നിര്‍മാണച്ചുമതല സംബന്ധിച്ച് തീരുമാനം എടുക്കാതെ സ്ഥലം ഏറ്റെടുക്കുന്നതിനോടുള്ള വിയോജിപ്പും പൊതുമരാമത്ത് വകുപ്പ് മുഖ്യമന്ത്രിയോട് പറഞ്ഞുകഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അനുമതിക്കായി ഫയലുകള്‍ സമര്‍പ്പിക്കാതെ ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ഡല്‍ഹിയില്‍ പോകുന്നതിലുള്ള നീരസവും പൊതുമരാമത്ത് വകുപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
പദ്ധതിയുടെ ചുമതലയില്‍നിന്ന് ശ്രീധരനെ ഒഴിവാക്കാന്‍ നീക്കം ആരംഭിച്ച ശേഷവും സര്‍ക്കാര്‍ അദ്ദേഹവുമായി പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാര്‍ തീരുമാനം എടുത്താല്‍ ഫണ്ടും വായ്പയും കേന്ദ്രാനുമതിയും നിശ്ചിത സമയത്തിനകം വാങ്ങുമെന്നുവരെ ശ്രീധരന്‍ വ്യക്തമാക്കിയിട്ടും പദ്ധതി അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഉദ്യോഗസ്ഥതലത്തില്‍ നടക്കുന്നത്. 5500 കാടിയോളം ചെലവുവരുന്ന പദ്ധതി അട്ടിമറിക്കുന്നതിന് പിന്നില്‍ വന്‍ അഴിമതിയും ചിലര്‍ ലക്ഷ്യമിടുന്നുണ്ടത്രെ. ഡി.എം.ആര്‍.സിയും ശ്രീധരനും തലപ്പത്തുവന്നാല്‍ ഇതോന്നും നടക്കില്ളെന്ന് വ്യക്തമായതോടെയാണ് പദ്ധതിതന്നെ ഇല്ലാതാക്കാനും അനിശ്ചിതമായി നീട്ടാനും ആസൂത്രിത നീക്കം ആരംഭിച്ചത്.
അതിനിടെ, പദ്ധതി നടക്കില്ളെന്ന സൂചന പുറത്തുവന്നതോടെ കോഴിക്കോട്ടും തിരുവനന്തപുരത്തും ആരംഭിച്ച ലൈറ്റ്മെട്രോയുടെ ഓഫിസുകള്‍ നിര്‍ത്തലാക്കാനും ഡി.എം.ആര്‍.സി തീരുമാനിച്ചു. പദ്ധതിയുടെ വിശദരേഖ കേന്ദ്രസര്‍ക്കാറിന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചതിലെ അപാകതകളും പദ്ധതിയുടെ നിര്‍മാണ-മേല്‍നോട്ട ചുമതല ആര്‍ക്കാണെന്ന് വ്യക്തമാക്കാത്തതും ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഡി.എം.ആര്‍.സി നിഗമനം. ഇക്കാര്യം സംസ്ഥാന സര്‍ക്കാറിനെയും ഡി.എം.ആര്‍.സി അറിയിച്ചിട്ടുണ്ട്. ഓഫിസുകള്‍ അടച്ചുപൂട്ടുന്നതോടെ ശ്രീധരനും ഇതില്‍നിന്ന് ഒഴിവാകുമെന്നാണ് സൂചന. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും അദ്ദേഹം നിലപാട് അറിയിച്ചുകഴിഞ്ഞു. ഓഫിസുകള്‍ പൂട്ടുന്നതോടെ ഡി.എം.ആര്‍.സി കേരളം വിടുമെന്നും തുടര്‍ന്ന് പദ്ധതിയുടെ ചുമതല പൂര്‍ണമായും ഏറ്റെടുക്കാനാവുമെന്നുമാണ് ഉദ്യോഗസ്ഥ ലോബിയുടെ കണക്കുകൂട്ടല്‍. എന്നാല്‍, പൊതുമരാമത്ത് പിന്മാറുന്നതോടെ ലൈറ്റ്മെട്രോയും തുടങ്ങിയേടത്തുതന്നെ നില്‍ക്കുമെന്ന് ഉറപ്പായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.