നസീമ രക്ഷപ്പെട്ട സംഭവം: ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്യുന്നു

കോഴിക്കോട്: ചികിത്സയിലിരിക്കെ, കവര്‍ച്ചാകേസ് പ്രതി പരപ്പനങ്ങാടി സ്വദേശിനി നസീമ ( 35) കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ട സംഭവത്തില്‍ ആശുപത്രി ജീവനക്കാരെ പൊലീസ് ചോദ്യംചെയ്തു തുടങ്ങി. സ്വാതന്ത്ര്യദിനതലേന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന 18 ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയതില്‍ നാലുപേര്‍ ബുധനാഴ്ച ഹാജരായി. ആഗസ്റ്റ് 15ന് പുലര്‍ച്ചെ രണ്ടുമണിവരെ നസീമ സെല്ലിലുണ്ടായിരുന്നതായും 4.45ന് നോക്കിയപ്പോഴാണ് ചുമര്‍തുരന്ന്  രക്ഷപ്പെട്ടവിവരം ശ്രദ്ധയില്‍പെട്ടതെന്നും ഇവര്‍ മൊഴിനല്‍കി.

ചുമര്‍തുരക്കാനുപയോഗിച്ച കല്‍മഴു, മുമ്പ് സെല്ലില്‍ റിപ്പയറിങ് നടന്നപ്പോള്‍ നസീമ കൈവശപ്പെടുത്തിയതാവാമെന്നും ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പാണ് ആശുപത്രിയില്‍ റിപ്പയറിങ് നടന്നത്. ഇത്രയും ദിവസം ആരുംകാണാതെ മഴു സൂക്ഷിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ പുറമെ നിന്നാരെങ്കിലും നല്‍കിയതാവാമെന്ന നിഗമനത്തിലാണ് പൊലീസ്. രക്ഷപ്പെടാനുള്ള സഹായത്തിനായി നസീമക്ക് ആരെങ്കിലും  മൊബൈല്‍ഫോണ്‍ നല്‍കിയതായും പൊലീസ് സംശയിക്കുന്നു. കുതിരവട്ടം ടവര്‍ പരിധിയില്‍ ആ ദിവസങ്ങളില്‍ ഉപയോഗിച്ച ഫോണുകളുടെ വിശദാംശം പൊലീസ് പരിശോധിക്കുന്നുണ്ട്.  നസീമയുടെ മുന്‍ ഭര്‍ത്താവ് കോട്ടൂളി മീമ്പാലക്കുന്ന് വില്ലി വില്ലയില്‍ വിന്‍സ്റ്റണ്‍ വില്‍ഫ്രഡ് ബുധനാഴ്ച അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരായി.

നസീമ ആറുവര്‍ഷംമുമ്പ് തന്നെയും കുട്ടിയേയും ഉപേക്ഷിച്ച് വേങ്ങര സ്വദേശി അഹമ്മദ് സ്വാബിറിനൊപ്പം പോയതായും അതിനുശേഷം ബന്ധമില്ളെന്നാണ് ഇയാളുടെ മൊഴി. വിന്‍സ്റ്റണ്‍ ഇപ്പോള്‍ നഗരത്തില്‍ ടാക്സി ഡ്രൈവറായി ജോലിചെയ്യുകയാണ്. നസീമ സെല്ലില്‍നിന്ന് രക്ഷപ്പെട്ട ദിവസം ഇയാള്‍ ദൂരസ്ഥലത്തേക്ക് ട്രിപ്പ് പോയതാണെന്ന് പൊലീസ് കണ്ടത്തെി. മെഡിക്കല്‍ കോളജ് എസ്.ഐ ടി. അശോകന്‍െറ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡാണ് കേസ് അന്വേഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.