കോഴിക്കോട്: എന്‍.സി.സി കാഡറ്റ് ധനുഷ് കൃഷ്ണ (18) കോഴിക്കോട് വെസ്റ്റ്ഹില്‍ ബാരക്സിലെ ഫയറിങ് റേഞ്ചില്‍ വെടിയേറ്റു മരിച്ച കേസ് ‘ഇലക്കും മുള്ളിനും കേടില്ലാത്ത’വിധം അവസാനിപ്പിക്കാന്‍ നീക്കം. എന്‍.സി.സി അധികൃതരുടെ വിശദീകരണം വിശ്വസിച്ച്, കുറ്റവാളികളെ രക്ഷപ്പെടുത്താനും ധനുഷ് കൃഷ്ണയുടെ കുടുംബത്തിന് നിയമാനുസൃത നഷ്ടപരിഹാരം ലഭ്യമാക്കുംവിധം ഒത്തുതീര്‍പ്പ് ഉണ്ടാക്കാനുമുള്ള നീക്കം അണിയറയില്‍ തയാറായെന്നാണ് പൊലീസില്‍നിന്ന് ലഭിക്കുന്ന വിവരം. ധനുഷിന്‍െറ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ന്നതാണെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചാല്‍ എന്‍.സി.സി അധികൃതര്‍ക്ക് തലയൂരാനും കാഡറ്റിന്‍െറ കുടുംബത്തിന് മൂന്നര ലക്ഷം രൂപയുടെ  നഷ്ടപരിഹാരം ലഭ്യമാക്കാനും കഴിയും. ഈ വിധം കേസ് ഫ്രെയിം ചെയ്തതായാണ് സൂചന.

നഷ്ടപ്പെട്ട തിര വീണ്ടെടുക്കാതെ ധനുഷിനെ ഫയറിങ് റേഞ്ചില്‍ പ്രവേശിപ്പിച്ച കുറ്റം സൈനികനിയമങ്ങളുടെ ലംഘനം മാത്രമായതിനാല്‍ ബന്ധപ്പെട്ട ഡ്യൂട്ടി ഓഫിസര്‍ക്കെതിരെ നിസ്സാര നടപടിയെടുക്കുന്നതോടെ വിഷയം  കെട്ടടങ്ങും. വെടിയുണ്ട കാണാതായെന്ന എന്‍.സി.സി അധികൃതരുടെ മൊഴിപോലും തിരക്കഥയുടെ ഭാഗമാണെന്ന് പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും, തിരകളുടെ എണ്ണം ബോധ്യപ്പെടുത്തി അതിനെയും അധികൃതര്‍ മറികടന്നു. പെട്ടിക്കണക്കിന് വെടിയുണ്ടകള്‍ കൈകാര്യംചെയ്യുന്ന എന്‍.സി.സിക്ക് ഈ വിധം കണക്കുണ്ടാക്കാന്‍ പ്രയാസമില്ളെന്ന് ഉദ്യോഗസ്ഥര്‍തന്നെ സമ്മതിക്കുന്നു.മൊത്തം കാഡറ്റുകള്‍ക്ക് വിതരണം ചെയ്ത തിരകളില്‍ ഒന്ന് കാണാതായെന്നാണ് എന്‍.സി.സി അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. പിന്നീടത് ധനുഷിനുമേല്‍ ചുമത്തി. കാണാതായതും ധനുഷിന്‍െറ ദേഹത്ത് കൊണ്ടതും ഒരേ തിരയാണെന്നാണ് പുതിയ പ്രചാരണം. 0.22 ഇനത്തില്‍പെട്ട തോക്കില്‍ ഉപയോഗിക്കുന്ന തിരകളെല്ലാം ഒരേ വലുപ്പത്തിലും ആകൃതിയിലും ഉള്ളതാണെന്നിരിക്കെയാണ്, ധനുഷിന്‍െറ ദേഹത്തുനിന്ന് കണ്ടെടുത്തത് കാണാതായ തിരയാണെന്ന് പ്രചരിപ്പിക്കുന്നത്.

സൈനിക അധികാരികളുടെ മൊഴിയില്‍ വൈരുധ്യം ഉണ്ടെങ്കിലും അത് സ്വാഭാവികമാകാം എന്ന നിലപാടിലാണിപ്പോള്‍ പൊലീസ്. ഷൂട്ടിങ് റേഞ്ചിന്‍െറ പിന്നിലെ കസേരയില്‍ ഇരിക്കുകയായിരുന്ന ഡ്യൂട്ടി ഓഫിസറുടെ തൊട്ടുപിറകിലാണ് ധനുഷ് ഇരുന്നത് എന്നാണ് മൊഴി. വലത് നെഞ്ചിലേറ്റ തിര ശ്വാസകോശം മുറിച്ച് നട്ടെല്ലിന്‍െറ ഇടതു ഭാഗത്തത്തെിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആ ദിശയില്‍ ഉണ്ട പായണമെങ്കില്‍ വലതു വശത്തുനിന്ന് വെടിയേല്‍ക്കണം. എന്നാല്‍, തോക്കും തിരയുടെ കാലി കെയ്സും ധനുഷിന്‍െറ ഇടതു ഭാഗത്താണ് കിടന്നിരുന്നത്. അധികൃതര്‍ പറയുന്നതുപോലെ അബദ്ധത്തില്‍ കാലുകൊണ്ട് കാഞ്ചി അമര്‍ന്നതാണെങ്കില്‍ തോക്ക് വലതുഭാഗത്താണ് വീഴേണ്ടതെന്ന് ഷൂട്ടിങ് വിദഗ്ധര്‍ പറയുന്നു. അല്ളെങ്കില്‍, വെടിയേറ്റ ധനുഷ് തോക്ക് തട്ടി ഇടതുവശത്തിടണം. ഇത് സാധ്യമാകില്ളെന്ന് പൊലീസ് വൃത്തങ്ങളും സമ്മതിക്കുന്നു.

കാഡറ്റുകള്‍ ഉപയോഗിച്ച തോക്ക് ഷെഡിലിരുന്ന് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വെടിശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍, ധനുഷിനെ  ഡ്യൂട്ടി ഓഫിസര്‍ എടുത്തുയര്‍ത്തുന്നത് കണ്ടുവെന്നാണ് മറ്റ് കാഡറ്റുകളുടെ ആദ്യമൊഴി. ഇതില്‍നിന്ന് ധനുഷ്, ഡ്യൂട്ടി ഓഫിസറുടെ തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നതായി പൊലീസ് കരുതുന്നു. ഉച്ചക്ക് 1.40ഓടെ വെടിയേറ്റ ധനുഷിനെ രണ്ടു മണിയോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. എന്നാല്‍, നാലു മണിയോടെയാണ് അധികൃതര്‍ വിവരം പൊലീസില്‍ അറിയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.