ബി.എസ്.എന്‍.എല്‍ പണിമുടക്ക്: സേവനങ്ങള്‍ നിശ്ചലം

തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളികളും ഓഫിസര്‍മാരും ജീവനക്കാരും ഈമാസം 12 മുതല്‍ ആരംഭിച്ച അനിശ്ചിതകാല നിസ്സഹകരണസമരം കേരളത്തില്‍ ബി.എസ്.എന്‍.എല്‍ സര്‍വിസിനെ ഗുരുതരമായി ബാധിച്ചു.  എക്സ്ചേഞ്ചുകളുടെയും ഓഫിസുകളുടെയും കസ്റ്റമര്‍ സര്‍വിസ് സെന്‍ററുകളുടെയും  പ്രവര്‍ത്തനങ്ങള്‍ താറുമാറായി.  
ടെലിഫോണ്‍ തകരാറുകളും ബ്രോഡ്ബാന്‍ഡ് തകരാറുകളും വന്‍തോതില്‍ വര്‍ധിച്ചു.  കേബ്ള്‍ മെയിന്‍റനന്‍സ് ജോലികള്‍ നിശ്ചലമായി.  കസ്റ്റമര്‍ സര്‍വിസ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നില്ല. മൊബൈല്‍ കാര്‍ഡുകളുടെയും റീചാര്‍ജ് കൂപ്പണുകളുടെയും വില്‍പന നടക്കുന്നില്ല.  ഇടക്കാല കൂലി വര്‍ധന നടപ്പാക്കാമെന്നും പ്രതികാര നടപടികള്‍ പിന്‍വലിക്കാമെന്നുമുള്ള മാനേജ്മെന്‍റിന്‍െറ ഉറപ്പ് ലംഘിച്ചതിനാലാണ് തൊഴിലാളികളും ഓഫിസര്‍മാരും ജീവനക്കാരും സമരത്തിന് നിര്‍ബന്ധിതമായത്.
കൂലിവര്‍ധന അംഗീകരിക്കാതെ സമരം പിന്‍വലിക്കില്ളെന്ന നിലപാടാണ് സംഘടനകള്‍ സ്വീകരിച്ചിട്ടുള്ളത്. സമരം ചെയ്യുന്ന തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്യുന്നതിന് ബി.എസ്.എന്‍.എല്‍ ഡയറക്ടറെ (സി.എഫ്.എ) ബി.എസ്.എന്‍.എല്‍ സി.എം.ഡി ചുമതലപ്പെടുത്തിയിരിക്കുകയാണ്. സമരം ചെയ്യുന്ന തൊഴിലാളികളെ ടി.എന്‍. സീമ എം.പി അഭിവാദ്യം ചെയ്തു.  ബി.എസ്.എന്‍.എല്‍ എംപ്ളോയീസ് യൂനിയന്‍ സംസ്ഥാന സെക്രട്ടറി കെ. മോഹനന്‍, എസ്.എന്‍.ഇ.എ ജില്ലാ സെക്രട്ടറി ടി. സന്തോഷ്കുമാര്‍, സി.സി.എല്‍.യു സംസ്ഥാന സെക്രട്ടറി എന്‍.ആര്‍. സോമശേഖരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.