ന്യൂഡല്‍ഹി: കേരളത്തിലെ പിന്നാക്ക സമുദായങ്ങളെ ബി.ജെ.പിയിലേക്ക് അടുപ്പിക്കാനുള്ള തന്ത്രത്തിന്‍െറ ഭാഗമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെ പുലയ, വേലന്‍, പരവര്‍ സംഘടനാ നേതാക്കളെ കണ്ടു. കെ.പി.എം.എസ് പ്രസിഡന്‍റ് എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി.വി. ബാബു, വേലന്‍-പരവര്‍ മഹാസഭ ജനറല്‍ സെക്രട്ടറി പി.എ. പ്രസാദ്, കേരള ജനറല്‍ സെക്രട്ടറി പി. ശശികുമാര്‍ എന്നിവരുമായിട്ടാണ് അമിത് ഷാ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനൊപ്പം അശോക റോഡിലെ ബി.ജെ.പി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയത്.
കേരളത്തില്‍ മാറിമാറിവന്ന സര്‍ക്കാറുകള്‍ തങ്ങളുടെ സമുദായങ്ങളുടെ ഉന്നമനത്തിനായി യാതൊന്നും ചെയ്തിട്ടില്ളെന്നും കേന്ദ്ര സര്‍ക്കാറിന്‍െറ സഹായം ആവശ്യമാണെന്നും നേതാക്കള്‍ അമിത് ഷായോട് പറഞ്ഞു. സ്വന്തമായി ഭവനവും ഭൂമിയും ജോലിയും ഇല്ലാതെ പിന്നാക്ക സമുദായങ്ങള്‍ സംസ്ഥാനത്ത് വളരെയധികം വിഷമതകള്‍ അനുഭവിക്കുകയാണ്. അനര്‍ഹരായവര്‍ക്ക് എസ്.സി/എസ്.ടി അവകാശങ്ങള്‍ നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ടെന്നും എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ പറഞ്ഞു.
സി.പി.എമ്മും കോണ്‍ഗ്രസും തങ്ങളോട് അയിത്തം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ബി.ജെ.പിയോട് തങ്ങള്‍ക്ക് ഒരു അയിത്തവുമില്ളെന്നും കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി ടി.വി. ബാബു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ പൂര്‍ണ വിശ്വാസമാണുള്ളത്. മോദിയെ പിന്നാക്ക സമുദായങ്ങളുടെ സംരക്ഷകനായിട്ടാണ് കാണുന്നത്. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നാണ് പ്രതീക്ഷയെന്നും ടി.വി. ബാബു പറഞ്ഞു. പിന്നാക്ക സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന സ്വാശ്രയ സംഘങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കണം. അയ്യങ്കാളി സ്മാരകം ദേശീയ പൈതൃകസ്മാരകമാക്കണമെന്നും നേതാക്കള്‍ അമിത് ഷായോട് അഭ്യര്‍ഥിച്ചു. കേരളത്തിലെ സാമൂഹിക സാഹചര്യങ്ങള്‍ സസൂക്ഷ്മം താന്‍ വീക്ഷിക്കുകയാണെന്നും പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാകുമെന്നും അമിത് ഷാ മറുപടി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.