ജീവന്‍ അപായപ്പെട്ടാല്‍ ഉത്തരവാദി സുധീരന്‍ –ഗോപപ്രതാപന്‍

തൃശൂര്‍: പൂര്‍വ വൈരികളോ തീവ്രവാദികളോ തന്നെ അപായപ്പെടുത്തിയാല്‍ പൂര്‍ണ ഉത്തരവാദി കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനായിരിക്കുമെന്ന് ഗുരുവായൂര്‍ ബ്ളോക് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്‍റും ചാവക്കാട് തിരുവത്ര എ.സി. ഹനീഫ വധക്കേസില്‍ ആരോപണ വിധേയനുമായ സി.എ. ഗോപപ്രതാപന്‍. തന്‍െറ പൊതുജീവിതവും കുടുംബ ജീവിതവും തകര്‍ക്കാന്‍ ഡി.സി.സി പ്രസിഡന്‍റ് ഒ. അബ്ദുറഹ്മാന്‍കുട്ടി സി.പി.എം നേതൃത്വവുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് കൊലപാതകത്തില്‍ തന്നെ ഉള്‍പ്പെടുത്താനുള്ള ശ്രമം. ഗുരുവായൂര്‍ ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചു വിട്ടതും കെ.പി.സി.സി അംഗം കൂടിയായ തന്നെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതും അവരുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയാണെന്ന് ഗോപപ്രതാപന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അക്രമം തടയാന്‍ ജാഗ്രത കാണിച്ചില്ളെന്നാണ് തനിക്കെതിരായ ആരോപണം. എന്നാല്‍, അതേ കുറ്റം ചെയ്ത ഡി.സി.സി പ്രസിഡന്‍റിനെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ളെന്ന് സുധീരന്‍ വ്യക്തമാക്കണം. അബ്ദുറഹ്മാന്‍കുട്ടിയാണ് ഹനീഫ വധത്തില്‍ ഒന്നാം പ്രതി. നേരത്തെയുണ്ടായ അക്രമങ്ങളുടെ പേരില്‍ ഐ ഗ്രൂപ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുപ്പിച്ച ഡി.സി.സി പ്രസിഡന്‍റിന്‍െറ നടപടി സുധീരന്‍ അച്ചടക്കലംഘനമായി കാണുന്നില്ല. കഴിഞ്ഞ ജൂണ്‍ ഏഴിനുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് നിയോഗിച്ച മൂന്നംഗ കമീഷന്‍ ഒന്നും അന്വേഷിച്ചില്ല. ഹനീഫ മരിച്ചപ്പോള്‍ എവിടെ നിന്നോ എത്തിയ ഏകാംഗ കമീഷന്‍ സുരേഷ്ബാബു സ്വന്തം ഗ്രൂപ്പിന്‍െറ താല്‍പര്യം സംരക്ഷിക്കുന്ന ഏകപക്ഷീയ റിപ്പോര്‍ട്ടാണ് നല്‍കിയത്. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ സുധീരന്‍ മത്സരിക്കാന്‍ ഒരുങ്ങിയപ്പോള്‍ വേണ്ടെന്ന് താന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. അതിന്‍െറ വൈരാഗ്യമാണ് നടപടിക്ക് പിന്നിലെന്നും ഗോപപ്രതാപന്‍ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.