ഹനീഫ വധം: മുഖ്യപ്രതിയോടൊപ്പമുള്ള ഐ ഗ്രൂപ്പ് നേതാവിന്‍െറ ഫോട്ടോ പുറത്ത്

ചാവക്കാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി ഹനീഫ കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതിയോടൊപ്പമുള്ള ഐ ഗ്രൂപ്പ് നേതാവിന്‍െറ ഫോട്ടോ പുറത്ത്. ഗുരുവായൂര്‍ ബ്ളോക് കമ്മിറ്റി പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട സി.എ ഗോപപ്രതാപനും അറസ്റ്റിലായ മുഖ്യപ്രതി ഷമീറും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തായത്. ഹനീഫയെ കൊല്ലാന്‍ ഷമീറിനെ നിയോഗിച്ചത് ഗോപപ്രതാപനാണെന്ന് ഹനീഫയുടെ കുടുംബവും നാട്ടുകാരും ആരോപിച്ചിരുന്നു.

അതേസമയം, ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗവും സി.പി.എമ്മും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണെന്ന് ഗോപപ്രതാപന്‍ ആരോപിച്ചു. എ വിഭാഗത്തിന്‍െറ പേരെടുത്ത് പറയാതെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വക്താവ് കൂടിയായ ഗോപപ്രതാപന്‍െറ വിമര്‍ശം. തന്നെ കുറ്റവാളിയായി ചിത്രീകരിക്കാനാണ് നീക്കം. അറസ്റ്റിലായ പ്രതി തന്‍െറ നാട്ടുകാരനാണെന്നും അതിനാല്‍ ഏതെങ്കിലും ചടങ്ങുകളില്‍വെച്ച് തന്നോടൊപ്പം ഫോട്ടോയെടുത്തതാകാമെന്നും അദ്ദേഹം വിശദീകരിച്ചു. അറസ്റ്റിലായ മുഖ്യപ്രതി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് ഗോപപ്രതാപന്‍ ഇന്നലെ സമ്മതിച്ചിരുന്നു.

സംഭവത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ രൂക്ഷമാകുകയാണ്. ഗോപപ്രതാപനെതിരായ കെ.പി.സി.സി നടപടി ഏകപക്ഷീയമാണെന്ന് ഐ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു. ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ഇന്നു വൈകിട്ട് ചാവക്കാട് നടത്താനിരുന്ന പ്രതിഷേധ പ്രകടനം മാറ്റിവച്ചിട്ടുണ്ട്. കെ.പി.സി.സിയുടെ നിര്‍ദേശ പ്രകാരം മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഇടപെട്ടാണ് പ്രകടനം മാറ്റിവെപ്പിച്ചത്.

കൊലപാതകത്തെ തുടര്‍ന്ന് പാര്‍ട്ടി ഗുരുവായൂര്‍ ബ്ളോക് കമ്മിറ്റി പ്രസിഡന്‍റ് ഗോപപ്രതാപനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ പി.എം സുരേഷ് ബാബുവിന്‍െറ പ്രാഥമിക റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലായിരുന്നു നടപടി. ഗുരുവായൂര്‍ ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിടുകയും ചുമതല തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാലിനെ ഏല്‍പിക്കുകയും ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.