സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥരുടെ പുറം സഞ്ചാരത്തിന് തടയിടാൻ രണ്ടു കോടിയുടെ പഞ്ചിങ് മെഷീൻ

കോഴിക്കോട്: സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥരുടെ പുറം സഞ്ചാരത്തിന് തടയിടാൻ രണ്ടു കോടിയുടെ ആധുനിക പഞ്ചിങ് മെഷീൻ. ജനുവരിയിൽ പഞ്ചിങ് മെഷീൻ നിലവിൽ വരുമെന്നാണ് അറിയുന്നത്. മെഷീൻ വരുന്നതോടെ ഉദ്യോഗസ്ഥരുടെ അകത്തേക്കുള്ള പ്രവേശനവും പുറത്തേക്കുള്ള പോക്കും സ്വയം നിയന്ത്രിക്കേണ്ടിവരും.

മെട്രോ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്നതിന് സമാനമായ പഞ്ചിങ് മെഷീനാണ് സെക്രട്ടേറിയറ്റിലും സ്ഥാപിക്കുന്നത്. കാർഡും വിരലും ഉപയോഗിച്ച് പഞ്ച് ചെയ്ത് അകത്തേക്ക് കയറണം. പുറത്തിറങ്ങണമെങ്കിൽ വീണ്ടും പഞ്ച് ചെയ്യണം. അരമണിക്കൂറിലധികം പുറത്തു പോവുകയാണെങ്കിലും ഡ്യൂട്ടി അവസാനിച്ചതായിട്ടായിരിക്കും രേഖ.

പഞ്ച് ചെയ്തതിനുശേഷം സ്വകാര്യ ആവശ്യങ്ങൾക്ക് പുറത്തു പോയാലും പിടി വീഴും. രാവിലെ 10.15 മുതൽ വൈകീട്ട് 5.15 വരെയാണ് സെക്രട്ടേറിയറ്റിലെ ഡ്യൂട്ടി സമയം. ഈ സമയത്ത് ഉദ്യോഗസ്ഥർ ഓഫീസിനുള്ളിൽ ഉണ്ടാകണം. പഞ്ചിങ് മെഷീൻ സ്ഥാപിക്കുന്നതിനുള്ള കരാർ കെൽട്രോണിന് നൽകിയിട്ട് ഒരു വർഷമായി എന്നാണ് ജീവനക്കാർ പറയുന്നത്.

മെഷീൻ സ്ഥാപിക്കുന്നത് പരമാവധി താമസിപ്പിക്കുക എന്നതാണ് അസോസിയേഷനുകൾ സ്വീകരിച്ച നടപടി. ചീഫ് സെക്രട്ടറി കണ്ണുരുട്ടിയതോടെ വയറിങ്ങും മറ്റും തുടങ്ങിയിട്ടുണ്ട്. ജനുവരി ഒന്നിന് പഞ്ചിങ് നിലവിൽ വരുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. ഇടതുപക്ഷ അസോസിയേഷൻ പുതിയ പഞ്ചിങ് സംവാധാനത്തിനെതിരെ നോട്ടീസ് ഇറക്കിയിട്ടുണ്ട്.

ഒരു ഇടതുപക്ഷ സംഘടനയുടെ നേതൃത്വം ഉദ്യോഗസ്ഥരെ ഒരുതരത്തിലും ബാധിക്കാത്ത തരത്തിൽ പഞ്ചിങ് നടപ്പാക്കുമെന്നാണ് ഉറപ്പു നൽകിയത്. സന്ദർശകർക്ക് പ്രത്യേക കാർഡ് സെക്രട്ടറിയേറ്റിൽ വിതരണം ചെയ്യും. ആ കാർഡ് കാണിച്ച് സന്ദർശകർക്ക് പഞ്ചിങ് മെഷീനിലൂടെ സെക്രട്ടേറിയറ്റിൽ പ്രവേശിക്കാം. ഇടതു -വലതുപക്ഷ ഭേദമില്ലാതെ യൂനിയൻ നേതാക്കളെല്ലാം പഞ്ചിംഗ് മെഷീൻ സ്ഥാപിക്കുന്നതിന് എതിരാണ്.

നേതാക്കളിൽ പലരും ടൂവീലർ ഒതുക്കി വെച്ച് ഹെൽമെറ്റുമായി വന്ന് പഞ്ച് ചെയ്ത് തിരിച്ചു പോകുന്നവരാണ്. സെക്രട്ടേറിയറ്റിൽ സ്വന്തം സീറ്റിൽ ഇരിക്കാത്തവരുമുണ്ട്. വൈകീട്ടും പഞ്ച് ചെയ്യണമെന്നാണ് നിലവിലെ സ്ഥിതി. ജോലി സമയത്ത് ഓഫീസിനുള്ളിൽ ഉദ്യോഗസ്ഥർ ഉണ്ടായിരിക്കണം എന്ന വ്യവസ്ഥ ഇപ്പോൾ പാലിക്കുന്നില്ല. ഉദ്യോഗസ്ഥർക്ക് മൂക്കുകയറിടാൻ പുതിയ പഞ്ചിങ് മെഷീന് കഴിയുമോ എന്നാണ് അറിയേണ്ടത്. 

Tags:    
News Summary - 2 crore punching machine to prevent the external movement of officials in the Secretariat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.