നഗര വികസന പരിപാടികൾക്ക് 1986.32 കോടി രൂപ

തിരുവനന്തപുരം: നഗര വികസന പരിപാടികൾക്ക് 1986.32 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഇത് മുൻവർഷത്തേക്കാൾ 58.88 കോടി രൂപ അധികമാണെന്ന ധനമന്ത്രി വ്യക്തമാക്കി. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്കായി 180 കോടി രൂപ വകയിരുത്തി. ഇത് മുൻ വർഷത്തെ വിഹിതത്തേക്കാൾ 15 കോടി രൂപ അധികമാണ്. ഇതിലൂടെ 60 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുവാൻ ലക്ഷ്യമിടുന്നു.

ഹരിതകേരള മിഷനു കീഴിലുള്ള നഗര മാലിന്യ നിർമാർജ്ജന ശുചിത്വ കേരളം പദ്ധതിക്ക് 20 കോടി രൂപ വകയിരുത്തി. കേരളത്തിലെ നഗരപ്രദേശങ്ങളിലെ ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സ്വീവേജ് സെപ്റ്റേജ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിനും ശുചിത്വവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി നടപ്പാക്കുന്ന ഖരമാലിന്യ പദ്ധതിക്ക് 185 കോടി വകയിരുത്തി.

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട ഡി.പി.ആർ. പൂർത്തീകരണത്തിനും, കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളുടെ പുനരധിവാസം ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി ട്രിഡക്ക് ഏഴ് കോടി രൂപ വകയിരുത്തി.

വിശാല കൊച്ചി വികസന അതോറിറ്റി മുഖേന നടപ്പാക്കുന്ന 100 കിടക്കകളുള്ള ഷീ-ഹോസ്റ്റലിന്റെ നിർമാണമടക്കം വിവിധ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപ വകയിരുത്തുന്നു. നഗരങ്ങളിലെ എല്ലാ ഭവനങ്ങളിലും ജലഭദ്രത ഉറപ്പു വരുത്തുന്നതിനായുള്ള അമൃത് പദ്ധതിയുടെ സംസ്ഥാന വിഹിതമായി 300 കോടി രൂപ വകയിരുത്തി. കേന്ദ്ര വിഹിതമായി 767.74 കോടി രൂപ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

60 ശതമാനം കേന്ദ്ര സഹായത്തോടുകൂടി നടപ്പാക്കുവാൻ ഉദ്ദേശിക്കുന്ന ദീൻദയാൽ അന്ത്യോദയ യോജന ദേശീയ നഗര ഉപജീവന മിഷനുള്ള സംസ്ഥാന വിഹിതമായി 23 കോടി രൂപ വകയിരുത്തി. കേന്ദ്ര വിഹിതമായി 34.50 കോടി രൂപ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. 

പി.എം.എ.വൈ -അർബൻ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 30 കോടി രൂപ വകയിരുത്തി. കേന്ദ്രവിഹിതമായി 90 കോടി രൂപ പ്രതീക്ഷിക്കുന്നു. പി.എം.എ.വൈ. അർബൻ പദ്ധതിക്ക് സംസ്ഥാന വിഹിതമായി 10.36 കോടി രൂപ വകയിരുത്തി. കേന്ദ്രവിഹിതമായി 15.54 കോടി പ്രതീക്ഷിക്കുന്നു.

സ്വച്ച് ഭാരത് മിഷന്റെ (അർബൻ) സംസ്ഥാന വിഹിതമായി 30 കോടി രൂപ വകയിരുത്തി. കേന്ദ്ര വിഹിതമായി 45 കോടി രൂപ പ്രതീക്ഷിക്കുന്നു. ഇതിൽ 18 കോടി രൂപ കോർപ്പറേഷനുകൾക്കും 27 കോടി രൂപ മുനിസിപ്പാലിറ്റികൾക്കും ഉള്ളതാണെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു.

Tags:    
News Summary - 1986.32 crores for urban development programmes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.