രവീന്ദ്രനാഥൻ പുലാപറ്റ
പാലക്കാട്: അടിയന്തരാവസ്ഥക്ക് അരനൂറ്റാണ്ട് തികയുമ്പോൾ അന്നത്തെ സംഭവങ്ങൾ ഓർത്തെടുക്കുകയാണ് പുലാപറ്റ കരിമ്പനക്കൽ വീട്ടിൽ രവീന്ദ്രനാഥൻ (73). വിദ്യാഭ്യാസത്തിനുശേഷം ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തനങ്ങളുമായി കഴിയുകയായിരുന്ന രവീന്ദ്രനാഥൻ ആദ്യമായി ജയിൽവാസം അനുഭവിക്കുന്നത് അടിയന്തരാവസ്ഥ കാലത്താണ്. സംഘം ചേരാനും സമരം നടത്താനുമെല്ലാം നിരോധനമുണ്ടായിരുന്ന അക്കാലത്ത് ഇതൊന്നുമറിയാതെയാണ് രവീന്ദ്രനാഥന്റെ നേതൃത്വത്തിൽ ഒരുകൂട്ടം ആളുകൾ മണ്ണാർക്കാട്ടെ പൊമ്പ്രയിൽ ജാഥ നടത്തിയത്. അന്ന് പാർട്ടിയുടെ എളുമ്പുലാശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു രവീന്ദ്രനാഥൻ. എളുമ്പുലാശ്ശേരിയിൽ കർഷകന്റെ ഭൂമിയിൽ വിളവിറക്കാൻ ജന്മിയുടെ ആളുകൾ വരുന്നുണ്ടെന്ന് അറിഞ്ഞ് അതിനെതിരെയായിരുന്നു ജാഥ. ജൂലൈ ഏഴിനായിരുന്നു സംഭവം.
200ഓളം പേരാണ് ജാഥയിൽ അണിനിരന്നത്. കണ്ണിയാർകാവിലെത്തിയപ്പോൾ പൊലീസ് വളഞ്ഞു. എന്നാൽ, ജാഥ നിർത്തിയില്ല. പൊലീസും കൂടെ നടന്നു. പൊമ്പ്ര മില്ലുംപടി വരെ ജാഥ നടത്തി. അവിടുന്ന് പിരിച്ചുവിട്ടു. രവീന്ദ്രനാഥൻ ഉൾപ്പെടെ 17 പേർ മാത്രം ബാക്കിയായി. അവരോട് ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷൻ വരെ നടക്കാൻ പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ, സംഘം വിസമ്മതിച്ചു. അന്ന് വാഹനഗതാഗതസൗകര്യം കുറവായതിനാൽ പൊന്നങ്കോട്, മണ്ണാർക്കാട് വഴി വേണം ശ്രീകൃഷ്ണപുരത്തേക്ക് പോകാൻ. വേറെ റോഡ് മാർഗമില്ല. ഒടുവിൽ രാത്രിയോടെ പൊലീസ് വാഹനമെത്തി 17 പേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നിവർന്നുനിൽക്കാനോ ഇരിക്കാനോ പോലും സൗകര്യമില്ലാത്ത ഇടുങ്ങിയ ജയിലറയിൽ ശുചിമുറിയിൽ പോകാൻപോലും സൗകര്യമില്ലാതെ, അടിവസ്ത്രം മാത്രം ധരിച്ചു നിന്നത് രവീന്ദ്രനാഥൻ ഇന്നും വ്യക്തമായി ഓർക്കുന്നു. രാവിലെ വിടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, രാത്രി 12ഓടെ അന്നത്തെ ജില്ല പൊലീസ് മേധാവി മൊയ്തീൻകുഞ്ഞ് സ്ഥലത്തെത്തിയപ്പോഴാണ് വിഷയത്തിന്റെ ഗൗരവം മനസ്സിലായതെന്ന് രവീന്ദ്രനാഥൻ പറയുന്നു.
അടിയന്തരാവസ്ഥക്കാലത്ത് പ്രതിഷേധങ്ങൾക്ക് വിലക്കുണ്ടായിരുന്നത് സംബന്ധിച്ച് തങ്ങൾക്ക് അറിവുണ്ടായിരുന്നില്ലെന്നും ആ ഒരു ദിവസത്തെ ലോക്കപ്പ് ജീവിതം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പിറ്റേന്ന് മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി പെരിന്തൽമണ്ണ ജയിലിലേക്ക് റിമാൻഡ് ചെയ്തു. പിന്നീട് അടിയന്തരാവസ്ഥക്കെതിരെ നാടുനീളെ പ്രതിഷേധങ്ങളുണ്ടായി. അന്നത്തെ മലപ്പുറം എം.എൽ.എ മുസ്തഫ പൂക്കോയ തങ്ങളും ജയിലിൽ ഉണ്ടായിരുന്നതായി രവീന്ദ്രനാഥൻ ഓർക്കുന്നു. ജയിൽ നിറഞ്ഞപ്പോൾ പാലക്കാട്ടുനിന്നുള്ള 17 പേരെയും ചാവക്കാട്ടെ ജയിലിലേക്കു മാറ്റി. ആഴ്ചയിൽ ഒരുദിവസം മാത്രമേ സന്ദർശകരെ അനുവദിച്ചിരുന്നുള്ളൂ. 43 ദിവസം ജയിലിൽ കിടന്നു. പിന്നീട് മാപ്പ് എഴുതിനൽകിയാണ് പുറത്തുവന്നത്. 17 അംഗ സംഘത്തിലെ ആറോളം പേർ മാത്രമാണ് നിലവിൽ ജീവിച്ചിരിക്കുന്നത്. ജയിലിൽനിന്ന് ഇറങ്ങിയശേഷം പുലാപറ്റയിലേക്ക് താമസം മാറി. കോഓപറേറ്റിവ് ബാങ്ക് ജീവനക്കാരനായിരുന്നു. രണ്ടുവട്ടം കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. നിലവിൽ വിശ്രമജീവിതത്തിലാണ്. ഭാര്യ: റിട്ട. അധ്യാപിക പാറുക്കുട്ടി. മക്കൾ: പ്രജീഷ്, ഷബിൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.