തിരുവനന്തപുരം: ജൂലൈ അവസാന ആഴ്ചയിലും ആഗസ്റ്റ് ആദ്യ ദിവസങ്ങളിലുമായി സംസ്ഥാനത്ത് അനുഭവപ്പെട്ട ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ പ്രകൃതിക്ഷോഭം കാർഷിക മേഖലക്ക് ഗുരുതര ആഘാതമാണ് സൃഷ്ടിച്ചതെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്. ജില്ലകളിൽ നിന്ന് ലഭിച്ച വിള അടിസ്ഥാനത്തിലുള്ള ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ പ്രാഥമിക വിലയിരുത്തൽ പ്രകാരം 1,882 ഹെക്ടർ കൃഷിയാണ് നശിച്ചത്. 23,537 കർഷകരെ പ്രകൃതിക്ഷോഭം നേരിട്ട് ബാധിച്ചതായും 67.44 കോടിയുടെ വിളനാശമാണ് കണക്കാക്കുന്നതെന്നും മന്ത്രി അറിയിച്ചു.
പ്രകൃതിക്ഷോഭത്തിന്റെ ആഘാതം സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും കാർഷിക മേഖലയെ ബാധിച്ചു. നെൽകൃഷിക്കും വാഴകൃഷിക്കുമാണ് കൂടുതൽ നാശം. സംസ്ഥാനത്തെ ആകെ സാമ്പത്തിക നഷ്ടത്തിന്റെ ഏകദേശം 80 ശതമാനത്തിലധികവും ഈ രണ്ട് വിളകളിലാണ് രേഖപ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലകളിൽ ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടം ആലപ്പുഴയിലാണ് (13.05 കോടി). വയനാട് (12.96 കോടി), പത്തനംതിട്ട (9.37 കോടി), മലപ്പുറം (7.88 കോടി), എറണാകുളം (4.96 കോടി) എന്നിവയാണ് കൂടുതൽ നാശമുണ്ടായ മറ്റ് ജില്ലകൾ.
5,303 കർഷകർ ബാധിച്ച പത്തനംതിട്ടയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കർഷകർ ദുരിതമനുഭവിച്ച ജില്ല. മലപ്പുറം ജില്ലയിൽ 7.88 കോടിയുടെ നഷ്ടത്തിൽ പ്രധാനമായും വാഴകൃഷിക്കും നെൽകൃഷിക്കുമാണ് കൂടുതൽ ആഘാതമുണ്ടായത്. എറണാകുളം ജില്ലയിൽ 4.96 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയപ്പോൾ നെല്ല്, വാഴ, ജാതി, പച്ചക്കറി എന്നിവ ഉൾപ്പെടെയുള്ള വിളകളിൽ നാശം റിപ്പോർട്ട് ചെയ്തു.
കണ്ണൂർ (3.38 കോടി), കോട്ടയം (3.28 കോടി), ഇടുക്കി (3.27 കോടി), കൊല്ലം (2.94 കോടി), കോഴിക്കോട് (2.74 കോടി) എന്നീ ജില്ലകളിലും ഗണ്യമായ നഷ്ടം രേഖപ്പെടുത്തി. തിരുവനന്തപുരം (1.72 കോടി), കാസർകോട് (1.04 കോടി), തൃശൂർ (69.62 ലക്ഷം), പാലക്കാട് (17.38 ലക്ഷം) എന്നീ ജില്ലകളിലും വിവിധ വിളകൾക്ക് ആഘാതം നേരിട്ടു. പ്രളയബാധിത പ്രദേശങ്ങളിലെ നാശനഷ്ടങ്ങൾ കൃത്യമായി വിലയിരുത്തി അർഹരായ കർഷകർക്ക് സമയബന്ധിതമായി സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൃഷിവകുപ്പ് സ്വീകരിച്ചുവരികയാണെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.