പോട്ട ഫെഡറൽ ബാങ്കിൽ മോഷ്ടാവെന്ന് കരുതുന്നയാൾ സ്കൂട്ടറിൽ എത്തുന്ന സി.സി ടി.വി ദൃശ്യം
ചാലക്കുടി: പോട്ടയിലെ ഫെഡറൽ ബാങ്ക് കവർച്ചയിൽ നഷ്ടപ്പെട്ട തുക മറ്റ് കവർച്ചകളുമായി താരതമ്യം ചെയ്യുമ്പോൾ അത്ര വലുതല്ലെങ്കിലും ബാങ്ക് കവർച്ചയിലെ അനായാസത പൊലീസിനെ അമ്പരപ്പിക്കുന്നു. ഉച്ചക്ക് രണ്ടോടെ മോഷ്ടാവ് സ്കൂട്ടറിലെത്തി ബാങ്കിനുള്ളിൽ കടന്ന് കാബിൻ വാതിൽ തകർത്ത് 15 ലക്ഷം രൂപ കൈക്കലാക്കി കേവലം മൂന്ന് മിനിറ്റുകൾക്കുള്ളിൽ രക്ഷപ്പെടുകയായിരുന്നു.
നേരത്തേ ബാങ്കിലെ സാഹചര്യങ്ങൾ നിരീക്ഷിച്ച് മനസ്സിലാക്കിയ വ്യക്തിയായിരിക്കണം മോഷ്ടാവെന്നാണ് പ്രാഥമിക നിഗമനം. ബാങ്ക് ജീവനക്കാർ ഭക്ഷണം കഴിക്കാൻ പിൻവശത്തെ മുറിയിൽ പോകുന്ന സമയം കൃത്യമായി ഇയാൾ കണക്കുകൂട്ടിയിരുന്നു. രണ്ട് മുതൽ 2.30 വരെയാണ് ഉച്ചഭക്ഷണ സമയം. ചാലക്കുടി നഗരത്തിൽ ഫെഡറൽ ബാങ്കിന് വേറെയും രണ്ട് ശാഖകളുള്ളതിനാൽ ഉപഭോക്താക്കളുടെ തിരക്ക് അത്രയൊന്നും പോട്ട ബ്രാഞ്ചിൽ ഉണ്ടാവാറില്ല. ഉച്ചഭക്ഷണ സമയത്ത് പ്യൂൺ അല്ലാതെ ബാങ്കിനകത്ത് ആരുമുണ്ടാവില്ലെന്നും മോഷ്ടാവ് മനസ്സിലാക്കിയിരുന്നു.
കവർച്ചക്ക് മറ്റാരെയും കൂട്ടാതെയാണ് ഇയാളെത്തിയത്. ആരുടെയും ചോര ചിന്താതെയാണ് പണം കവർന്നത്. രക്ഷപ്പെടാൻ മികച്ച ഒരായുധം പോലും ഇയാളുടെ കൈവശമുണ്ടായിരുന്നതായി സൂചനയില്ല. വെറും ഒരു കറിക്കത്തി കാട്ടി ഭയപ്പെടുത്തിയാണ് കവർച്ച നടത്തിയത്.
ബാങ്കിലെ കാഷ് കൗണ്ടറിൽ 47 ലക്ഷം രൂപയുള്ളതിൽ 15 ലക്ഷം രൂപ മാത്രമേ മോഷ്ടാവ് എടുത്തുള്ളൂ. അഞ്ച് ലക്ഷം രൂപ വീതം വരുന്ന മൂന്ന് കെട്ടുകൾ. എല്ലാം എടുക്കാതിരുന്നത് രക്ഷപ്പെടാനുള്ള തിടുക്കത്തിലാകണം. അത്ര മാത്രമേ അയാളുടെ കൈവശമുള്ള ബാഗിൽ വെക്കാനാവൂ എന്നതിനാലുമാവാം. ഇയാൾക്കൊപ്പം സഹായികൾ എവിടെയെങ്കിലും ഉണ്ടായിരുന്നോയെന്ന് അന്വേഷിച്ചുവരുന്നു.
മോഷ്ടാവിന്റെ ദൃശ്യങ്ങൾ ബാങ്കിന്റെ കാമറകളിൽ പതിഞ്ഞിട്ടുണ്ട്. നാല് കാമറകളിൽ നിന്നായാണ് ദൃശ്യങ്ങൾ കിട്ടിയത്. ഒന്ന് മോഷ്ടാവ് ബാങ്കിനു പുറത്ത് വരുന്ന രംഗമാണ്. മറ്റൊന്ന് ജീവനക്കാരനെ മുറിയിലാക്കുന്നതാണ്. പിന്നീട് പണമെടുത്ത ശേഷം രക്ഷപ്പെടുന്നതും. ബാങ്ക് അധികൃതർ ഇത് പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതിൽ ഒന്നിലും മോഷ്ടാവിനെ തിരിച്ചറിയാൻ സാധിക്കില്ല.
ചാലക്കുടി പോട്ടയിലെ ബാങ്കിൽ നടന്നത്...
പ്രതി ഉടൻ പിടിയിലാകും -എസ്.പി
പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ കവർച്ച നടത്തിയയാൾ ഉടൻ പിടിയിലാകുമെന്ന് റൂറൽ എസ്.പി അശോക് കുമാർ. അന്തർ സംസ്ഥാന ബന്ധമുണ്ടോയെന്ന സംശയത്താൽ അത്തരം സ്ഥലങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ വിവരം നൽകിയിട്ടുണ്ട്. ട്രെയിനിൽ രക്ഷപ്പെടാനിടയുണ്ട് എന്നതിനാൽ റെയിൽവേ സ്റ്റേഷനുകളിലും തിരച്ചിൽ നടത്തുന്നു. ബാങ്കിൽ വെച്ച് കവർച്ചക്കാരൻ ഹിന്ദിയിൽ സംസാരിച്ചു എന്നതിനാൽ അന്യ സംസ്ഥാനക്കാരനാകണമെന്നില്ല. എന്തായാലും പ്രദേശത്ത് മുൻപരിചയമുള്ള ആളാണെന്നതിൽ സംശയമില്ല.
അയാൾ വന്ന സ്കൂട്ടറിന്റെ നമ്പർ മറ്റ് സ്ഥലങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടുപിടിക്കാൻ ശ്രമിക്കുന്നുണ്ട്. കാറിലോ മറ്റേതെങ്കിലും വാഹനത്തിലോ വന്നശേഷം സ്കൂട്ടറിലേക്ക് മാറിക്കയറിയതാണോയെന്നും പരിശോധിക്കുന്നുണ്ട്. ദേശീയപാത 544ൽനിന്ന് ബാങ്ക് ഏകദേശം 150 മീറ്റർ മാത്രം അകലെയായതിനാൽ ദേശീയപാതയിലൂടെ രക്ഷപ്പെടാനുള്ള സാധ്യത മനസ്സിലാക്കി അവിടെയും കർശന പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.