തൃശൂർ: ഇന്ധന വില വർധനയും റോഡുകളുടെ തകർച്ചയും മൂലം സംസ്ഥാനത്ത് ഒരു വർഷത്തിനിടെ സർവിസ് അവസാനിപ്പിച്ചത് 1400 ബസുകൾ. 2017 ജൂൺ മുതൽ 18 ജൂൺ 30 വരെ ഗതാഗത വകുപ്പിന് ലഭിച്ച പെർമിറ്റ് സറണ്ടർ അപേക്ഷ പ്രകാരമുള്ള കണക്കാണിത്. ഏഴ് വർഷത്തിനിടെ 21,400 സ്വകാര്യ ബസുകളാണ് ഇപ്രകാരം നിരത്തുകളിൽ നിന്നൊഴിവായത്.
അനുബന്ധ യന്ത്ര സാമഗ്രികളുടെ വിലക്കയറ്റം, നികുതി വർധന എന്നിവയും സർവിസ് നിറുത്തിയതിന് കാരണമാണ്.
എറണാകുളം, തൃശൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ബസ് പെർമിറ്റുകൾ സർക്കാരിനു തിരിച്ചേൽപിച്ചത്. പത്തനംതിട്ട, കണ്ണൂർ ജില്ലകളും ഒപ്പമുണ്ട്. തകർന്ന റോഡുകളിലൂടെയുള്ള യാത്ര സമയനഷ്ടവും, തേയ്മാനവും, ചെലവ് വർധിപ്പിക്കുന്നു. റോഡ് തകർച്ച, ദിവസേനയുള്ള ഡീസൽ വില വർധന എന്നിവക്ക് പുറമെ ഇൻഷൂറൻസ് പ്രീമിയം ഫെയർ വേജസ്, ടയർ, സ്പെയർ പാർട്സ്, ഓയിൽ മുതലായവയിലുണ്ടായ വർധനവും സർവിസിനാവശ്യമായ ചെലവിനത്തിൽ വലിയ ഭാരമുണ്ടാക്കുന്നുണ്ട്.
കൂടാതെ യാത്രക്കാർ ഇരുചക്ര വാഹനങ്ങളടക്കമുള്ള മേഖലയിലേക്ക് മാറിയതും ഇതര സ്വകാര്യ വാഹനങ്ങളുടെ പെരുപ്പവും യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവ് വരുത്തുന്നുണ്ട്. ഇവയെല്ലാം വരുമാനത്തെ ബാധിക്കുന്നതാണ് പെർമിറ്റുകൾ സറണ്ടർ ചെയ്യാൻ കാരണമെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ ട്രഷറർ ഹംസ ഏരിക്കുന്നൻ പറയുന്നു. 2015 ഫെബ്രുവരിയിൽ ഒരു ലിറ്റർ ഡീസലിന് 48 രൂപയായിരുന്നത് മൂന്ന് വർഷം പിന്നിട്ടപ്പോൾ 73 ആയി. 68 ശതമാനം ഇൻഷൂറൻസിലും, 50 ശതമാനം തൊഴിലാളികളുടെ വേതനത്തിലും വർധനവ്. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിൽ സർവിസ് നടത്തുന്ന മൂന്ന് ബസുകളാണ് പെർമിറ്റുകൾ സറണ്ടർ ചെയ്യാൻ ഗതാഗത വകുപ്പിനെ സമീപിച്ചത്.
പത്തനംതിട്ട ജില്ലയിലെ പ്രമുഖ ബസ് സർവിസ് ഉടമ തെൻറ 12 ബസുകൾ വിൽക്കാനായി മറ്റ് ബസുടമകളെ അറിയിച്ചിട്ടുണ്ട്. സ്വകാര്യ ബസ് വ്യവസായത്തെ സംബന്ധിച്ച് പഠിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ ജസ്റ്റിസ് രാമചന്ദ്രൻ കമീഷൻ സർക്കാറിന് നൽകിയ റിപ്പോർട്ടിൽ സംസ്ഥാനത്ത് മുപ്പത്തിനാലായിരത്തോളം സ്വകാര്യ ബസുകൾ ഉണ്ടായിരുന്നത് 2011 ൽ 17,600 ആയി കുറഞ്ഞെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 2017ൽ അത് 14,000 ആയെന്ന് ബസുടമകളുടെ കണക്കും 12,600 എന്ന് ഗതാഗതവകുപ്പിെൻറ പുതിയ കണക്കുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.