ബാങ്ക് അക്കൗണ്ട് സസ്പെൻഡ് ചെയ്തെന്ന വ്യാജസന്ദേശം അയച്ച് അധ്യാപികയുടെ 1.34 ലക്ഷം രൂപ തട്ടി; ബിഹാർ സ്വദേശികൾ അറസ്റ്റിൽ

മാവേലിക്കര: ഓൺലൈൻ തട്ടിപ്പിലൂടെ മാവേലിക്കര സ്വദേശിനിയായ അധ്യാപികയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം അപഹരിച്ച ബിഹാർ സ്വദേശികളായ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ന സായ്മന്ദിർ റീത്ത ബങ്കിപ്പുർ ബൻവർ പൊഖാർ ബഗീച്ച സൂരജ്കുമാർ (23), അമൻകുമാർ (21) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അധ്യാപികയുടെ എസ്.ബി.ഐ ബാങ്ക് അക്കൗണ്ട് സസ്പെൻഡ് ചെയ്തിരിക്കുന്നുവെന്ന വ്യാജസന്ദേശം മൊബൈൽ ഫോണിലേക്ക് അയച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. പാൻകാർഡ് അക്കൗണ്ടുമായി ബന്ധിപ്പിക്കാൻ നിർദേശിച്ച് ലിങ്കും അയച്ചുകൊടുത്തു. ലിങ്കിൽ ക്ലിക്ക് ചെയ്ത് അൽപസമയത്തിനകം അധ്യാപികയുടെ അക്കൗണ്ടിൽനിന്ന് 1,34,986 രൂപ നഷ്ടപ്പെട്ടു.

അധ്യാപികയുടെ പരാതിയിൽ മാവേലിക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. അധ്യാപികയുടെ അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ട പണം റിലയൻസ് റീട്ടെയിൽ ഇന്റർനെറ്റ് പർച്ചേസ് വഴി 1.10 ലക്ഷം രൂപവിലയുള്ള സാംസങ് മൊബൈൽ ഫോൺ വാങ്ങുന്നതിനും ഇന്റർനെറ്റ് ബാങ്കിങ് വഴി പട്നയിലുള്ള അക്കൗണ്ടിലേക്കും ട്രാൻസ്ഫർ ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി. രാജസ്ഥാൻ, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. തുടർന്ന് പട്നയിൽ നടത്തിയ അന്വേഷണമാണ് പ്രതികളെ കണ്ടെത്താൻ സഹായകരമായത്.

കഴിഞ്ഞ നാലിന് പട്ന പിർബാഹോർ പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർന്ന് പട്ന ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് റിമാൻഡ് ഓർഡർ വാങ്ങിയശേഷം പ്രതികളെ മാവേലിക്കരയിൽ എത്തിക്കുകയായിരുന്നു. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മാവേലിക്കര പൊലീസ് ഇൻസ്പെക്ടർ സി. ശ്രീജിത്, എസ്.ഐ സി. പ്രഹ്ലാദൻ, എ.എസ്.ഐ പി.കെ. റിയാസ്, സീനിയർ സി.പി.ഒമാരായ സിനു വർഗീസ്, എൻ.എസ്. സുഭാഷ്, എസ്. ശ്രീജിത്, എസ്. ജവഹർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - 1.34 lakh from a teacher by sending a fake message that her bank account has been suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.