10 കോടിയുടെ തൊഴിൽ തട്ടിപ്പ്; ഉന്നത ബന്ധത്തിന് തെളിവ്

ചെട്ടിക്കുളങ്ങര: ദേവസ്വം ബോർഡിലും ബിവറേജസ് കോർപറേഷനിലും ജോലി വാഗ്ദാനം ചെയ്ത് 10 കോടിയിലേറെ കബളിപ്പിച്ച സംഭവത്തിൽ പിടിയിലാകാനുള്ളത് ഇനി ഏഴ് പ്രതികൾ. ഇവർ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. അതിനിടെ പൊലീസ് ശേഖരിച്ച മുഖ്യപ്രതി വിനീഷ് രാജ‍െൻറ ഫോൺ രേഖകളിൽ ഞെട്ടിക്കുന്ന വസ്തുതകൾ ഉള്ളതായി സൂചനയുണ്ട്. ആറുമാസത്തെ രേഖകളാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.

പ്രമുഖരുമായി മുഖ്യപ്രതിക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി വ്യക്തമാണ്. ഉന്നതരോടൊത്തുള്ള ഫോട്ടോകളും വാട്‌സ്ആപ് ചാറ്റുകളും ലഭിച്ചിട്ടുണ്ട്. പിടികൂടാനുള്ളതിൽ ഏതാനും സ്ത്രീകളും ഉൾപ്പെടുന്നു. ഇതിനോടകം 32 കേസുകളാണ് മാവേലിക്കര പൊലീസ് എടുത്തിട്ടുള്ളത്. എൺപതിലധികംപേർ തട്ടിപ്പിന് ഇരയായതായും 10 കോടി ഇവരിൽനിന്ന് തട്ടിയെടുത്തതായുമാണ് നിഗമനം.

പിടിയിലായവരുടെ മൊബൈൽ ഫോണിൽനിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് 12 പ്രതികളുണ്ടെന്ന നിഗമനത്തിൽ അന്വേഷണസംഘം എത്തിയത്. കടവൂർ പത്മാലയത്തിൽ പി. രാജേഷ് (34), പേള പള്ളിയമ്പിൽ വി. അരുൺ (24), കണ്ണമംഗലം വടക്ക് മാങ്കോണത്ത് അനീഷ് (24), ഓലകെട്ടിയമ്പലം ശ്രേഷ്ഠം ഹൗസിൽ എസ്. ആദിത്യൻ (ആദി-22) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി കടവൂർ കല്ലിട്ടകടവിൽ വി. വിനീഷ് രാജൻ (32) കോടതിയിൽ കീഴടങ്ങുകയും ചെയ്തു.

അറസ്റ്റിലായ പ്രതികളിലൊരാൾ നേരത്തേ ദേവസ്വം ബോർഡിൽ താൽക്കാലികമായി ജോലിചെയ്തിരുന്നു. അന്ന് ദേവസ്വം ബോർഡിലെ ചില ഉന്നതരുമായുണ്ടായ പരിചയം ഉപയോഗപ്പെടുത്തിയാണ് തട്ടിപ്പിന് തുടക്കമിട്ടതെന്നാണ് സൂചന. 2017-18 കാലത്ത് മാവേലിക്കര മേഖലയിലെ ക്ഷേത്രത്തിൽ ജോലി ചെയ്തിരുന്ന ഒരു ദേവസ്വം ജീവനക്കാരന് തട്ടിപ്പുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചതിനെത്തുടർന്ന് അക്കാലത്ത് മാവേലിക്കരയിൽ ജോലിചെയ്തിരുന്നവരെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

Tags:    
News Summary - 10 crore employment fraud; Evidence of high correlation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.