''കാലമിനിയുമുരുളും, വിഷുവരും വർഷം വരും, തിരുവോണം വരും, പിന്നെ- യോരോതളിരിനും പൂവരും, കായ്‍വരും- അപ്പോളാരെന്നുമെന്തെന്നു മാർക്കറിയാം?'' -സഫലമീയാത്ര (എൻ.എൻ. കക്കാട്)മലയാളത്തിന്‍റെ പ്രിയകവി എൻ.എൻ. കക്കാടിന്‍റെ 'സഫലമീയാത്ര'ക്ക് 40 വയസ്സ് പൂർത്തിയാകുന്നു. നാലുപതിറ്റാണ്ടിനുശേഷവും ആ കവിത യൗവനം വെടിഞ്ഞില്ല. കവി വിടവാങ്ങി 35 വർഷം പിന്നിട്ടു, 'സഫലമീയാത്ര' വായനക്കാരിൽനിന്ന് വായനക്കാരിലേക്ക് വൈകാരികത ചോരാതെ യാത്ര തുടരുകയാണ്. സമൂഹ മാധ്യമങ്ങളുടെ പുതിയ കാലത്ത്, പാടിയും ചൊല്ലിയും കവിത സജീവമാണ്. വിഷു, ഓണം, പുതുവർഷം എന്നീ വേളകളിലെല്ലാം ഈ കവിത ഓർക്കാത്തവർ വിരളം. പാരമ്പര്യവഴിയിൽ നിൽക്കുേമ്പാഴും മലയാള കവിതയിൽ...

''കാലമിനിയുമുരുളും,

വിഷുവരും

വർഷം വരും,

തിരുവോണം വരും, പിന്നെ-

യോരോതളിരിനും പൂവരും,

കായ്‍വരും-

അപ്പോളാരെന്നുമെന്തെന്നു

മാർക്കറിയാം?'' -സഫലമീയാത്ര  (എൻ.എൻ. കക്കാട്)

ലയാളത്തിന്‍റെ പ്രിയകവി എൻ.എൻ. കക്കാടിന്‍റെ 'സഫലമീയാത്ര'ക്ക് 40 വയസ്സ് പൂർത്തിയാകുന്നു. നാലുപതിറ്റാണ്ടിനുശേഷവും ആ കവിത യൗവനം വെടിഞ്ഞില്ല. കവി വിടവാങ്ങി 35 വർഷം പിന്നിട്ടു, 'സഫലമീയാത്ര' വായനക്കാരിൽനിന്ന് വായനക്കാരിലേക്ക് വൈകാരികത ചോരാതെ യാത്ര തുടരുകയാണ്. സമൂഹ മാധ്യമങ്ങളുടെ പുതിയ കാലത്ത്, പാടിയും ചൊല്ലിയും കവിത സജീവമാണ്. വിഷു, ഓണം, പുതുവർഷം എന്നീ വേളകളിലെല്ലാം ഈ കവിത ഓർക്കാത്തവർ വിരളം. പാരമ്പര്യവഴിയിൽ നിൽക്കുേമ്പാഴും മലയാള കവിതയിൽ പുതുവഴി വെട്ടിത്തെളിച്ച കവിയാണ് കക്കാട്.

1927 ജൂലൈ 14ന് ജനിച്ച കവി കുട്ടിക്കാലത്തുതന്നെ വേേദതിഹാസങ്ങളിൽ അറിവുനേടി. നാരായണൻ നമ്പൂതിരി എന്നാണ് ശരിയായ പേര്. ശലഭഗീതം, ആയിരത്തിത്തൊള്ളായിരത്തി അറുപത്തിമൂന്ന്, പാതാളത്തിന്‍റെ മുഴക്കം, കവിത, വജ്രകുണ്ഡലം, പകലറുതിക്കുമുമ്പ്, നാടൻ ചിന്തുകൾ, സഫലമീയാത്ര തുടങ്ങിയ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ്, ചെറുകാട് സ്മാരക ശക്തി അവാർഡ്, ആശാൻ പ്രൈസ് ഫോർ പോയട്രി, കുമാരനാശാൻ സ്മാരക അവാർഡ് തുടങ്ങിയവ കവിതകൾക്കുള്ള അംഗീകാരമായി. 1987 ജനുവരി ആറിനു കക്കാട് ജീവിതത്തിൽനിന്നു വിടവാങ്ങി. എന്നാൽ, കവിജന്മത്തിന്‍റെ സഫലമായ യാത്ര തുടരുകതന്നെയാണ്.

തത്ത്വചിന്താപരമായ ജീവിത ദർശനം ഉൾക്കൊള്ളുന്ന 'സഫലമീയാത്ര' 1981ലാണ് എഴുതിയത്. 82ലാണ് അത് പ്രസിദ്ധീകരിച്ചത്. ആദ്യമായി ലോകം കവിതയാണ് കേട്ടത്. അതാകട്ടെ, ആകാശവാണിയിലെ എന്‍റെ കവിത എന്ന പംക്തിയിലൂടെയായിരുന്നു. തുടക്കത്തിൽതന്നെ, കവിത ശ്രദ്ധനേടി. എന്നാൽ, അത് വിപുലമായത് കവിക്ക് രോഗം ബാധിച്ച വാർത്ത പരന്നതോടെയാണ്. ഇതോടെ, കവിജീവിതത്തിന്‍റെ ആത്മാംശം കലർന്ന കവിതയായി ഇതുമാറി. കഴിഞ്ഞ 50 വർഷത്തെ മലയാള കവിതയിൽ 10 കവിത തിരഞ്ഞെടുത്താൽ അതിലൊന്ന് 'സഫലമീയാത്ര'യായിരിക്കുമെന്ന് വിലയിരുത്തിയവർ ഏറെ. 'സഫലമീയാത്ര' എന്ന കവിതയിൽ കവി തന്‍റെ വേദനകൾ, കാഴ്ചപ്പാട് എല്ലാം പങ്കുവെക്കുന്നത് ജീവിതസഖിയോടാണ്. പാലക്കാട് ജില്ലയിലെ കാറൽമണ്ണയിൽ കീഴെ നരിപ്പറ്റ ശങ്കരനാരായണൻ നമ്പൂതിരിയുടെയും നീലി അന്തർജനത്തിന്‍റെയും മകളായി 1935 മാർച്ച് ഒന്നിന് ശ്രീദേവി ജനിച്ചു. 1955 ഏപ്രിൽ 26ന് കക്കാടുമായുള്ള വിവാഹം. പിന്നീട് കോഴിക്കോടായി താമസം. ആദ്യം ദേശാഭിമാനിയിലും പിന്നീട് മാതൃഭൂമിയിലും പ്രൂഫ് റീഡറായി ജോലി ചെയ്തു. ആർദ്രമീ ധനുമാസരാവിൽ, വാമപക്ഷത്ത് ഒരാൾ, ഓർമകളുണ്ടായിരിക്കണം എന്നീ പുസ്തകങ്ങൾ എഴുതി. മൂന്നു പുസ്തകങ്ങളും ആത്മകഥാപരമാണ്. ആർദ്രമീ ധനുമാസരാവിൽ കവിയോടൊത്തുള്ള ജീവിതത്തെകുറിച്ചാണ്.

'സഫലമീയാത്ര' എന്ന കവിതയും രാത്രിയുടെ നിശ്ശബ്ദതയിൽ എഴുതിയതാണ്. പുലർച്ചെ പതിവുപോലെ ആദ്യവായനക്കാരിയായത് ജീവിതസഖി ശ്രീദേവി കക്കാട് തന്നെ. കവിത പിറന്ന് നാലുപതിറ്റാണ്ടിനുശേഷം കവിതയിലെ നായിക ശ്രീദേവി കക്കാട് ഓർമകളിലേക്ക് ചേക്കേറുകയാണ്. കേൾവിക്ക് ഇത്തിരി പ്രയാസങ്ങളുണ്ടെങ്കിലും ചോദിച്ചോളൂ, പറയാമെന്ന് ചെറുചിരിയോടെ പറഞ്ഞുവെക്കുന്നു. കവിയുടെ ഓർമകൾ നിറഞ്ഞുനിൽക്കുന്ന കോഴിക്കോട്ടെ വസതിയിൽ പതിറ്റാണ്ടുകൾക്കപ്പുറം ഇന്നലെയെന്നോണം കൊണ്ടുനടക്കുകയാണ് ഈ അമ്മ.

''പലനിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും

പലമുഖംകൊണ്ടുനാം തമ്മിലെതിരേറ്റും

നൊന്തും പരസ്പരം നോവിച്ചും, മുപതിറ്റാണ്ടുകള്‍

നീണ്ടൊരീയറിയാത്ത വഴികളില്‍

എത്ര കൊഴുത്ത ചവര്‍പ്പു കുടിച്ചുവറ്റിച്ചു നാം ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍!''

അമ്മ, 'സഫലമീയാത്ര'യിലെ നായികയാണ്. ഈ വരികൾ ഓർക്കുന്നുണ്ടോ എന്നു ചോദിക്കുന്നില്ല, ആ കവിത പിറന്ന കാലം ഓർത്തെടുക്കാമോ?

തീർച്ചയായും... ഒരുപാട് കവിതകൾ എഴുതിയ ശേഷമാണ് അദ്ദേഹം 'സഫലമീയാത്ര' എഴുതിയത്. വൈകാരികമായ സ്വഭാവമുള്ളതുകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. നിരവധി അവാർഡുകളും ലഭിച്ചു. ഈ കവിതകൊണ്ട് എന്‍റെ മറ്റ് കവിതകളും ശ്രദ്ധിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തന്‍റെ കവിതകൾ അതുവരെ ശ്രദ്ധിച്ചില്ലെന്ന് അദ്ദേഹത്തിനു വിചാരമുണ്ടായിരിക്കാം. 'വജ്രകുണ്ഡല'മാണ് അദ്ദേഹം തന്‍റെ മാസ്റ്റർ പീസായി കരുതിയത്. 1960കളിൽ പാശ്ചാത്യ മാതൃക പിന്തുടർന്ന്, കവിത എഴുതി എന്ന വിമർശനമുണ്ടായി. ഇന്നിപ്പോ അത്തരം വിമർശനം ഇല്ലല്ലോ. പാതാളത്തിന്‍റെ മുഴക്കം, വജ്രകുണ്ഡലം, കവിത, ആയിരത്തിതൊള്ളായിരത്തി അറുപത്തിമൂന്ന് എന്നിങ്ങനെയുള്ളവ ആ മാതൃകയിലുള്ളവയാണ്. 'വഴിവെട്ടുന്നവരോട്' എന്ന കവിതയോടെ എഴുത്തിൽ അദ്ദേഹത്തിന്‍റെ ശൈലി മാറിയെന്ന് തോന്നുന്നു. വൃത്തത്തിൽ കവിത എഴുതുക അദ്ദേഹത്തിന് പ്രയാസം ഉണ്ടായിരുന്നില്ല. പക്ഷേ, ആധുനിക ജീവിതം ആവിഷ്കരിക്കാൻ ഗദ്യമാണ് നല്ലതെന്ന് തോന്നിയിരിക്കാം. രാത്രിയാണ് കവിത എഴുതുക. എല്ലാവരും ഉറങ്ങി. ശബ്ദം അടങ്ങി. പുലർച്ചെ മൂന്നുമണിവരെയൊക്കെ എഴുതും. രാവിലെ ഞാനാണ് ആദ്യവായന. പിന്നെ, തിരുത്തി, തിരുത്തി മാറ്റം വരുത്തും. തമാശയായി പറയാറുണ്ട്, അറുപത് വരി ആറുവരിയാക്കുകയെന്ന്. എനിക്ക് ഒരു കവിതയിലും ദുർഗ്രഹത തോന്നിയില്ല. കാരണം, എനിക്ക് മനസ്സിലാവാത്തത് ചോദിക്കാറുണ്ടായിരുന്നു. അപ്പോൾ അതിന്‍റെ രാഷ്ട്രീയവും മാനസിക സംഘർഷവും മനസ്സിലാകും. അതിനാൽ, സംശയം തീരെയുണ്ടായിരുന്നില്ല.

'സഫലമീയാത്ര' എഴുതുേമ്പാൾ അസുഖബാധിതനായിരുന്നോ? ഇല്ലെന്നാണ് അറിവ്, എന്തായിരുന്നു ആ രചനക്കു പിന്നിൽ?

81ലാണ് എഴുതിയത്. സ്വന്തം കവിതയായിട്ട് റേഡിയോയിൽ വായിച്ചപ്പോൾ സുഹൃത്തുക്കൾക്കുപോലും അദ്ദേഹത്തിന്‍റെ പ്രയാസം മനസ്സിലായിട്ടില്ല. ശ്വാസംമുട്ടലും ചുമയുമാണ് പ്രധാനമായും അലട്ടിയത്. ആസ്ത്മയാണെന്നാണ് ഡോക്ടർമാർ കരുതിയത്. അതിനാണ് ചികിത്സ നടത്തിയത്. അന്നത്തെ സാഹചര്യത്തിൽ സാഹിത്യതാൽപര്യമുള്ള നിരവധി ഡോക്ടർമാരുമായി ബന്ധമുണ്ട്. ആരുടെ അടുത്ത് ചെന്നും ചികിത്സ തേടാമായിരുന്നു. അക്കാലത്തുതന്നെ, തന്‍റെ രോഗത്തെ കുറിച്ച് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു എന്നുവേണം കരുതാൻ. ഇന്ന്, ചിന്തിക്കുേമ്പാൾ അങ്ങനെതന്നെ തോന്നുന്നു. ഡോക്ടർ രോഗം കണ്ടുപിടിക്കുക. രോഗി മരുന്ന് കൃത്യമായി കഴിക്കുക. പഥ്യം പുലർത്തുക. എന്നിട്ടും ഭേദമില്ലെങ്കിൽ മറ്റെന്തോ ആണെന്ന് കരുതുക എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. അന്ന്, തന്നെ അദ്ദേഹം ഇതു മനസ്സിലാക്കിയിരുന്നു എന്ന് വേണം കരുതാൻ. ആരെയും തന്‍റെ പ്രയാസം ബോധ്യപ്പെടുത്തിയിരുന്നില്ല. എല്ലാ പരിപാടികളിലും സജീവമായിരുന്നു. പ്രയാസം പുറത്ത് പ്രകടമായിരുന്നില്ല. അക്കാലത്ത് ആകാശവാണിയിൽ കാൻസറിനെകുറിച്ചൊരു പ്രോഗ്രാം ചെയ്തിരുന്നു. എന്ത് ചെയ്യുേമ്പാഴും പൂർണമായി മനസ്സിലാക്കുക പതിവാണ്. അങ്ങനെ നിരവധി പുസ്തകങ്ങൾ അതുമായി ബന്ധമുള്ളവ വായിച്ചിരുന്നു.

റേഡിയോയിൽ എന്‍റെ കവിത എന്ന വിഭാഗത്തിൽ അവതരിപ്പിക്കുമ്പോൾ കാൻസർ ഉണ്ടെന്ന് എനിക്കുൾപ്പെടെ ആർക്കും അറിയില്ലായിരുന്നു. 82ലാണ് കവിത പ്രസിദ്ധീകരിച്ചത്. ആ സമയത്ത് കാൻസറാണെന്ന് ബോധ്യപ്പെട്ടിരുന്നു. അപ്പോഴാണ് ഈയൊരു ചിന്തകൂടി കവിതക്കുപിന്നിലുണ്ടെന്ന് ബോധ്യപ്പെടുന്നത്.

വിഷു, ഓണം, പുതുവർഷം എന്നീ വേളയിലെല്ലാം കവിത പൂർണമായി അറിഞ്ഞവരും അറിയാത്തവരും 'സഫലമീയാത്ര'യിലെ വരികൾ ഷെയർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നോ?

(ചിരിക്കുന്നു...) സന്തോഷമേയുള്ളൂ. അറിയാറുണ്ട്. സമൂഹമാധ്യമങ്ങളിൽ നേരിട്ട് ഇടപെടുന്നില്ലെങ്കിലും പലരും പറയാറുണ്ട്. ഒപ്പം, എന്‍റെ കുട്ടി 'സഫലമീയാത്ര' ചൊല്ലി സമ്മാനം ലഭിച്ചു. വായിച്ചു, ഇഷ്ടമായി എന്നിങ്ങനെ കേൾക്കുക പതിവാണ്. അഭിമാനം തോന്നാറുണ്ട്. നേരത്തേ പഠിക്കാനുള്ളപ്പോൾ പലരും വന്നുകണ്ടിരുന്നു.

കവി വലിയ കൃത്യനിഷ്ഠയുള്ളയാളാണ് എന്ന് കേട്ടിരുന്നു. ഓർക്കുന്നുണ്ടോ അത്തരം കാര്യങ്ങൾ?

എല്ലാറ്റിനും കൃത്യനിഷ്ഠയുള്ള ആളാണ്. മുൻപ് ഞങ്ങളുടെ സുഹൃത്ത് ആകാശവാണി കാണാൻ വേണ്ടി വരുന്നുവെന്ന് അറിയിച്ചു. നാല് മണിയോടെ എത്താൻ പറഞ്ഞു. അയാൾ 5.30 ആയി എത്താൻ. അഞ്ച് മണിക്ക് അദ്ദേഹം പോന്നിരുന്നു. ഇതുമാത്രമല്ല. സാഹിത്യപരിപാടിക്കൊക്കെ 10 മണി പറഞ്ഞാൽ രാവിലെ 9.30നു തന്നെ റെഡിയാവും. പക്ഷേ, സംഘാടകരെത്താൻ 11 മണിയാവും. ഇത്തരം സംഭവങ്ങൾ 100 തവണ ആവർത്തിച്ചാലും അദ്ദേഹത്തിന്‍റെ രീതികൾക്ക് മാറ്റമുണ്ടാവുമായിരുന്നില്ല. കവിതയെ കുറിച്ച് വീട്ടിൽ ചർച്ച പതിവില്ല. സംശയങ്ങൾക്ക് ഉത്തരം നൽകും. നാട്ടിൽ പോയാൽ അദ്ദേഹത്തിന്‍റെ കൂട്ടുകാരോടൊത്ത് നടക്കുന്നത് ഏറെ സന്തോഷം നൽകിയതായി തോന്നി. ചെണ്ട, ഓടക്കുഴൽ എന്നിവ കൈകാര്യം ചെയ്യുന്ന ഏറെ സുഹൃത്തുക്കളുണ്ടായിരുന്നു. അവരെ ഏറെ പ്രിയമായിരുന്നു.

കവി കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർഥിയായതും ആകാശവാണിക്കാലവും ഓർമയുണ്ടോ?

പഴയ മലബാർ ഡിസ്ട്രിക് ബോർഡ് തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചു. ജയിച്ചില്ല. കമ്യൂണിസ്റ്റ് സ്വതന്ത്രനായാണ് മത്സരിച്ചത്. അന്ന്, അദ്ദേഹത്തിന്‍റെ ചിന്ത വളരെ പ്രധാനമായിരുന്നു. സജീവ രാഷ്ട്രീയം തെരഞ്ഞെടുക്കണോയെന്ന് ചിന്തിച്ചു. എന്നാൽ, ജീവിക്കാൻ തൊഴിൽ വേണമെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ സജീവ രാഷ്ട്രീയം വേണ്ടെന്ന് ഉറപ്പിച്ചു. ആദ്യം ട്യൂട്ടോറിയൽ അധ്യാപകനായിരുന്നു. സംസ്കൃതവും മലയാളവുമാണ് അദ്ദേഹം പഠിച്ച വിഷയം. പക്ഷേ, ഏത് വിഷയവും പഠിപ്പിക്കും. എല്ലാ വിഷയത്തിലും താൽപര്യമുണ്ടായിരുന്നു. എല്ലാ വിഷയവും പഠിപ്പിക്കുന്നതിനെ കുറിച്ച് ചോദിച്ചാൽ പറയും. വിദ്യാർഥിയും അധ്യാപകനും തമ്മിൽ രണ്ട് മണിക്കൂറിന്‍റെ വ്യത്യാസംമാത്രമാണുള്ളതെന്ന്... അങ്ങനെയാണ് പതിവ്. പഠിപ്പിക്കേണ്ടവയെല്ലാം ഇരുന്ന് പഠിക്കും. പിന്നെ പഠിക്കും. അങ്ങനെയിരിക്കെയാണ് റേഡിയോയിൽ ജോലികിട്ടുന്നത്. വലിയ മാറ്റമായിരുന്നു. അവിടത്തെ അന്തരീക്ഷത്തിൽ ഉറൂബ്, കെ.എ. കൊടുങ്ങല്ലൂർ, അക്കിത്തം, പത്മനാഭൻ നായർ തുടങ്ങിയവരൊക്കെയായിരുന്നു അക്കാലത്ത് ഒപ്പമുണ്ടായിരുന്നത്. ഇന്നത്തെപ്പോലെ റെക്കോഡിങ് സംവിധാനമുണ്ടായിരുന്നില്ല. അന്ന്, രാപ്പകലെന്നില്ലാെത ജോലിയായിരുന്നു. പക്ഷേ, ഏറെ ആഹ്ലാദവാനായിരുന്നു. എം.ടിയെപ്പോലുള്ളവർ ഈ കോഴിക്കോടിന്‍റെ ഭാഗമായുള്ളപ്പോൾ അന്തരീക്ഷം ആകെ മാറുമെന്ന് ഉൗഹിക്കാമല്ലോ...

കവിയെന്നതിലുപരി ജീവിതപങ്കാളി എന്ന നിലയിൽ എങ്ങനെയാണ് വിലയിരുത്തുന്നത്?

ഭാര്യ എന്ന നിലയിലായിരുന്നില്ല, സഹധർമിണി എന്ന കൃത്യമായ അർഥത്തിലായിരുന്നു എന്നെ കണ്ടത്. ഇന്ന്, പറയുേമ്പാൾ അതിശയോക്തിയായി തോന്നാം. ഞങ്ങൾ നമ്പൂതിരിമാരാണ്. അക്കാലത്ത് എന്നെപ്പോലൊരാൾക്ക് പഠിക്കാൻ കഴിയുമായിരുന്നില്ല. അച്ഛൻ പുരോഗമനവാദിയായിരുന്നു. അതുകൊണ്ടാണ് ചെറിയ രീതിയിലെങ്കിലും പഠിക്കാൻ കഴിഞ്ഞത്. ജോലി ചെയ്യാൻ കഴിഞ്ഞത്. ആദ്യം ദേശാഭിമാനിയിലാണ് ജോലി ചെയ്തത്. പിന്നീട് മാതൃഭൂമിയിലും പ്രൂഫ് റീഡറായി. ചീഫ് പ്രൂഫ് റീഡറായി വിരമിച്ചു. ഇതിനിടെ, ആറുവർഷക്കാലം മക്കൾക്കുവേണ്ടി മാറി നിന്നു. ഇപ്പോഴും വായനയുണ്ട്. ചില ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. ഈ 87ാം വയസ്സിലും ഇത്തവണത്തെ വനിതാദിനത്തിലും എഴുതി.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടിയ കാലമാണിത്. അതേകുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

ഏറെ ചിന്തിച്ചിട്ടുണ്ട്. എഴുതിയിട്ടില്ല. പ്രതിവിധി പറയാൻ കഴിയുന്നില്ല. സമൂഹം മെച്ചപ്പെടണം. പൊതുവെ വളരെ നല്ല ആൾക്കാരാണുള്ളത്. ചുരുക്കം ആൾക്കാരാണിത്തരം ചിന്തകളുമായുള്ളത്. പുതിയ കുട്ടികൾ പറയുന്നമാതിരി വിപ്ലവകരമായി പറയാൻ കഴിയില്ല. കാരണം സമചിത്തതയോടെ മാത്രമേ പറയാൻ കഴിയൂ. കുട്ടികളെ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ വളർത്താൻ കഴിഞ്ഞാൽ ഈ പ്രശ്നം ഒഴിവാകും. ശാരീരികമായ വ്യത്യാസം മാത്രമേയുള്ളൂവെന്ന് ചെറുപ്പം മുതൽ ബോധ്യപ്പെടുത്തണം. ദേശപോഷിണി വായനശാലയുടെ ഭാഗമായാണിപ്പോൾ എഴുത്ത് നടക്കുന്നത്. പതിറ്റാണ്ടുകളായുള്ള ബന്ധമാണ് വായനശാലയുമായുള്ളത്. ദേശപോഷിണി മഹിളാ സമാജത്തിന്‍റെ തുടക്കം മുതൽ സെക്രട്ടറിയായും പ്രസിഡന്‍റായും ദീർഘകാലം പ്രവർത്തിച്ചു. കോവിഡ് സാഹചര്യത്തോടെയാണ് പിൻവാങ്ങിയത്. സ്ത്രീകൾക്ക് പൊതുവെ ആത്മവിശ്വാസം കുറവാണ്. സ്ത്രീയുടെ ആത്മവിശ്വാസം തകർക്കുന്നതിൽ പുരുഷനോട്ടത്തിനു പങ്കുണ്ട്. സ്ത്രീയെ വെറും ഉപഭോഗ വസ്തുവായി കാണുന്നത് ഒഴിവാക്കണം. സ്ത്രീ ശക്തി ഉണരുക എന്നതാണ് പോംവഴി. ബാഹ്യസൗന്ദര്യത്തിലുപരി ബുദ്ധിയുടെ സൗന്ദര്യത്തിൽ ഊന്നൽ വേണം. തങ്ങൾ ചെയ്യുന്നത് എന്തെന്നറിയാതെ ശരീരസൗന്ദര്യത്തിൽ മാത്രം ശ്രദ്ധിക്കുന്ന സ്ത്രീകൾക്ക് ഇത്തിരി വെളിച്ചം നൽകിയാൽ ലിംഗസമത്വം സാധ്യമാകുമെന്നാണ് എന്‍റെ വിശ്വാസം.

പ്രൂഫ് റീഡറായാണ് ജോലി ചെയ്തത്, കവിയുടെ ആദ്യവായനക്കാരികൂടിയാണ്. എപ്പോഴെങ്കിലും കവിതയിൽ തിരുത്തുകൾ വേണ്ടിവന്നിരു​േന്നാ?

അയ്യോ ഒരിക്കലുമില്ല. അദ്ദേഹത്തിനു ഒരിക്കലും തെറ്റുവരില്ല. കാരണം, അത്രമാത്രം ബോധ്യമാണ് എല്ലാറ്റിനെ കുറിച്ചും. (കേട്ടുനിന്ന മകൻ ശ്യാം കുമാറും ഒപ്പം കൂടി. അച്ഛനിൽനിന്നും അമ്മക്ക് എന്തെങ്കിലും സഹായം വേണ്ടിവന്നെങ്കിലല്ലാതെ മറിച്ച് ചിന്തിക്കാൻ കഴിയില്ല. കാരണം, അതായിരുന്നു വായന. എന്തും പഠിച്ചെടുക്കും. വായനയെ കുറിച്ച് ചിന്തിക്കാൻപോലും ആവില്ല. ഭാഷയെ കുറിച്ച് കുട്ടിക്കാലത്തുതന്നെ നല്ല അറിവ് നേടിയിരുന്നു).

ആർദ്രമീ ധനുമാസരാവിൽ... എന്ന പുസ്തക രചനയിലേക്ക് നയിച്ച ചിന്ത?

എഴുത്തുകാരിയല്ല, പക്ഷേ വായനയുണ്ട്. വായനശാലയുമായി സഹകരിച്ച് ഏെറക്കാലം പ്രവർത്തിച്ചിട്ടുണ്ട്. വായന, സാംസ്കാരിക പ്രവർത്തനങ്ങൾ, സംവാദങ്ങൾ എന്നിവയിലൊക്കെ താൽപര്യമുണ്ടായിരുന്നു. അദ്ദേഹത്തെ കുറിച്ച് പലപ്പോഴായി എഴുതിയ കുറിപ്പുകളാണ് ആർദ്രമീ ധനുമാസരാവിൽ...എന്ന പുസ്തകമായത്. കവിതയെ കുറിച്ച് ആർക്കും ചർച്ചചെയ്യാം. പലതായി പറയാം. പക്ഷേ, എനിക്കുമാത്രം പറയാനാവുന്ന ചിലതുണ്ട് എന്ന തിരിച്ചറിവിൽനിന്നാണ് പുസ്തകം പിറന്നത്. ഞങ്ങളുടെ ജീവിതത്തെ കുറിച്ച് പറയാൻ എനിക്കല്ലേ കഴിയൂ. ബാല്യകാല ഓർമകൾ, കോളജ് ഓർമകൾ, വിവാഹം തുടങ്ങിയ എല്ലാ അനുഭവങ്ങളും അതിലുണ്ട്...പിന്നെ വാമപക്ഷത്ത് ഒരാൾ എന്ന പുസ്തകം മാതുലനായ വാമനൻ നമ്പൂതിരിയെ കുറിച്ചുള്ളതാണ്.

പുതിയ കവിതകൾ ശ്രദ്ധിക്കാറുണ്ടോ, എന്താണഭിപ്രായം?

വലിയ രീതിയിലല്ലെങ്കിലും ശ്രദ്ധിക്കാറുണ്ട്. ചിന്തിപ്പിക്കുന്ന കവിതകളുണ്ട്. പിന്നെ അഭിപ്രായംപറയാൻ ഞാനാളല്ല. നേരത്തേ ഞാൻ പറഞ്ഞല്ലോ, അദ്ദേഹത്തിനു 1960കളിൽ ഗദ്യകവിത എഴുതുന്നുവെന്ന വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്നത്തരം വിമർശനം ഇല്ല. കാലം അങ്ങനെയാണ്, എഴുത്തിലായാലും ജീവിതത്തിലായാലും പുതുമ തേടിക്കൊണ്ടിരിക്കും. പിന്നെ പൊതുവെ തോന്നാറുള്ളത്, ജീവിതത്തെ ആഴത്തിൽ മനസ്സിലാക്കണമെന്നാണ്, ഉപരിപ്ലവമായ അറിവുകൊണ്ട് കാര്യമില്ല... (ചിരിക്കുന്നു)

Tags:    
News Summary - sreedevi kakkad interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.