‘പരിസ്ഥിതിക്കോ തീരദേശ ജനതക്കോ കോട്ടമുണ്ടാക്കുന്ന ഒരു ഒത്തുതീർപ്പിനും സമരസമിതി ഇല്ല’

സമരസമിതി വൈസ് ചെയർമാനും സാമൂഹിക പ്രവർത്തകനുമായ ബി. ഭദ്രനുമായി കവി രതീഷ് പാണ്ടനാട് നടത്തിയ സംഭാഷണത്തിലെ ചില ഭാഗങ്ങൾ...വലിയതോതിലുള്ള കരിമണൽ ഖനനം നടക്കുന്നതിന് ഒരു വർഷം മുമ്പാണല്ലോ പ്രളയമുണ്ടായത്. പ്രളയഭീഷണിയിൽനിന്ന് കുട്ടനാടിനെ കരകയറ്റുക എന്ന പേരിലാണ് മണലെടുപ്പ് തുടങ്ങിയത്. ഇതിൽ എത്രത്തോളം സത്യമുണ്ട്? കാലങ്ങളായി ഡീസിൽറ്റ് ചെയ്യാത്തതിനാൽ സംഭരണശേഷി കുറഞ്ഞ ഡാമുകളാണിവിടെയുള്ളവ. അതോടൊപ്പം ആലപ്പുഴയിലെ കനാലുകൾ നികന്ന് ഒഴുക്ക് നിലച്ച അവസ്ഥയിലുമാണ്. ഇരുപത്തിരണ്ടോളം പൊഴികളുള്ള ആലപ്പുഴ ജില്ലയിൽ തോട്ടപ്പള്ളി പൊഴിമുഖം സ്ഥിതിചെയ്യുന്നത് അപ്പർ കുട്ടനാട്ടിലുമാണ്. ഒരു പൊഴി മുറിച്ചതുകൊണ്ടു...

സമരസമിതി വൈസ് ചെയർമാനും സാമൂഹിക പ്രവർത്തകനുമായ ബി. ഭദ്രനുമായി കവി രതീഷ് പാണ്ടനാട് നടത്തിയ സംഭാഷണത്തിലെ ചില ഭാഗങ്ങൾ...

വലിയതോതിലുള്ള കരിമണൽ ഖനനം നടക്കുന്നതിന് ഒരു വർഷം മുമ്പാണല്ലോ പ്രളയമുണ്ടായത്. പ്രളയഭീഷണിയിൽനിന്ന് കുട്ടനാടിനെ കരകയറ്റുക എന്ന പേരിലാണ് മണലെടുപ്പ് തുടങ്ങിയത്. ഇതിൽ എത്രത്തോളം സത്യമുണ്ട്?

കാലങ്ങളായി ഡീസിൽറ്റ് ചെയ്യാത്തതിനാൽ സംഭരണശേഷി കുറഞ്ഞ ഡാമുകളാണിവിടെയുള്ളവ. അതോടൊപ്പം ആലപ്പുഴയിലെ കനാലുകൾ നികന്ന് ഒഴുക്ക് നിലച്ച അവസ്ഥയിലുമാണ്. ഇരുപത്തിരണ്ടോളം പൊഴികളുള്ള ആലപ്പുഴ ജില്ലയിൽ തോട്ടപ്പള്ളി പൊഴിമുഖം സ്ഥിതിചെയ്യുന്നത് അപ്പർ കുട്ടനാട്ടിലുമാണ്. ഒരു പൊഴി മുറിച്ചതുകൊണ്ടു മാത്രം തീരുന്നതല്ല ജനങ്ങളുടെ ദുരിതമെന്ന് അറിയാത്തവരല്ല കസേരകളിലിരിക്കുന്നത്.

മാത്രമല്ല, ഡച്ച് ഡിസാസ്റ്റർ മാനേജ്മെന്റ് ടാസ്ക് ഫോഴ്സ് കൊടുത്തിട്ടുള്ള റിപ്പോർട്ട്, കേരളത്തിലെ പ്ലാനിങ് ബോർഡ് കൊടുത്തിട്ടുള്ള റിപ്പോർട്ട് എന്നിവയെ സർക്കാർ വേണ്ടത്ര മുഖവിലക്കെടുത്തതുമില്ല. ചെന്നൈ ഐ.ഐ.ടിയുടെയും സ്വാമിനാഥൻ റിസർച് ഫൗണ്ടേഷ​ന്റെയും പഠനങ്ങളെ മുൻനിർത്തിയാണ്, ഖനനം നടത്തുന്നത് പ്രളയദുരന്തനിവാരണത്തിനാണ് എന്ന് കേരള ഗവൺമെന്റ് കോടതിയിൽ വാദിക്കുന്നത്. എന്നാൽ, ഈ രണ്ട് റിപ്പോർട്ടുകളും 2018ലെ പ്രളയവുമായി ബന്ധപ്പെട്ടവയല്ല.

കുട്ടനാടിനെയും പരിസരപ്രദേശങ്ങളെയും ഖനനം എങ്ങനെയാണ് ബാധിക്കുക?

തീര രൂപവത്കരണ പ്രക്രിയയുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലമായ ആലപ്പുഴയുടെ സമ്പൂർണ ജലവിന്യാസ ഭൂപടം നിർമിക്കാനോ പഠിക്കാനോ ഒരു സർക്കാറും ഇതേവരെ ശ്രമിച്ചിട്ടില്ല. വൻതോതിലുള്ള കരിമണൽ ഖനനം തീരശോഷണത്തി​ന്റെ പ്രധാന കാരണമാണ്. ഈ തീരങ്ങളാണ് വേലിയേറ്റങ്ങളിൽ കുട്ടനാടുപോലെ സമുദ്രനിരപ്പിൽനിന്ന് താഴ്ന്ന പ്രദേശങ്ങളിലൊഴുകിയെത്തുന്ന കടൽവെള്ളത്തിലെ ലവണാംശത്തി​ന്റെ അളവ് കുറക്കുന്നത്. അങ്ങനെ സംഭവിക്കാതെ വരുമ്പോൾ, കടൽവെള്ളം കയറി കുട്ടനാട്ടിലെ നെൽകൃഷിയെയും മത്സ്യസമ്പത്തിനെയും ജനങ്ങൾ കുട്ടനാട് ഉപേക്ഷിച്ച് പോകേണ്ട അവസ്ഥ ഉളവാകുകയും ചെയ്യും.

ദേശാടന പക്ഷികളുൾ​െപ്പടെ വിഹരിക്കുന്ന പക്ഷിസങ്കേതമായ പാതിരാമണലടക്കമുള്ള പ്രദേശങ്ങൾ ശൂന്യമാകും. കിഴക്കി​ന്റെ വെനീസെന്ന് ലോകഭൂപടത്തിലിടം പിടിച്ച ആലപ്പുഴ, ഖനനം തുടർന്നാൽ നമ്മുടെ ഓർമകളിൽ ഊന്നാനാളില്ലാത്ത കെട്ടുവള്ളംപോലെ അവശേഷിക്കും. കുട്ടനാട്ടിലെ ജനങ്ങൾ പൊന്ത് പോലെ ഒഴുകിനടക്കുന്ന ഒരു മഹാദുരന്തത്തെ നാം നേരിൽ കാണേണ്ടിവരും. ഖനനം മൂലം തോട്ടപ്പള്ളി തീരത്തെ എഴുനൂറോളം വീടുകൾ ഇപ്പോൾതന്നെ കടലേറി, തകർന്നുപോയിരിക്കുന്നു.

ആയിരം ദിവസങ്ങൾ താണ്ടിയ സമരത്തിൽ കേരളത്തിലെ മുഖ്യധാരാ സാംസ്കാരിക, പരിസ്ഥിതി പ്രവർത്തകരുടെ സാന്നിധ്യം വളരെ കുറവായിരുന്നു. ഇവരുടെ പങ്കാളിത്തം ഈ സമരത്തിൽ എത്രത്തോളമുണ്ടായിട്ടുണ്ട്?

ഭരണകൂടത്തെ ഭയക്കുന്നവരോ അല്ലെങ്കിൽ അവർക്കൊപ്പം നിൽക്കുന്നവരോ ആയ സാംസ്കാരിക-പരിസ്ഥിതി പ്രവർത്തകർ ജനകീയ സമരങ്ങളോട് മുഖംതിരിച്ചു നിൽക്കുന്നതാണ് ഇവിടെ സാധാരണ കണ്ടുവരുന്നത്. കർഷകസമരത്തിലും പൗരത്വ ഭേദഗതി ബില്ലിനെതിരായുള്ള സമരത്തിലും ഇന്ത്യയിലെ സാംസ്കാരിക പ്രമുഖരുടെ പങ്ക് നമ്മൾ കണ്ടതാണല്ലോ. അക്കാദമി അവാർഡുകൾ തരപ്പെടുത്താനോ, സ്ഥാനമാനങ്ങൾ ലഭിക്കാനോ ആഗ്രഹിച്ച് നിൽക്കുന്നവരുടെ ഒരു കൂട്ടമാണ് ഇന്നത്തെ എഴുത്തുകാരിലും കലാകാരന്മാരിലും സാമൂഹിക പ്രവർത്തകരിലും ഭൂരിപക്ഷം. ഇവർക്ക് അവശജനതയുടെ സമരങ്ങൾ അനാവശ്യമായി മാത്രമേ തോന്നൂ.

കോടികൾ കോഴയും മാസപ്പടിയുമുള്ളവർക്ക് സാംസ്കാരിക രംഗത്തുള്ളവരെയും വിലയ്ക്കെടുക്കാൻ പ്രയാസമില്ലല്ലോ. സമരത്തിൽ പങ്കെടുക്കാതിരുന്നാൽ പുസ്തകമിറക്കാൻ സഹായിക്കാമെന്ന് വാഗ്ദാനങ്ങളും, സമരത്തിൽ പങ്കെടുത്ത കവികളെ മറ്റു കവിയരങ്ങുകളിൽനിന്നും ഒഴിവാക്കിയതുമായ എത്രയോ സംഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, ഇതിനെയെല്ലാം തകർത്തെറിയുന്ന ഒരു പുതുനിര ഉയർന്നുവരുന്നതിൽ വലിയ പ്രതീക്ഷ തോന്നുന്നുണ്ട്.

വലിയ മീനിനെ കാണുമ്പോൾ കൊക്ക് കണ്ണടക്കുംപോലെ എന്നൊരു കുട്ടനാടൻ പ്രയോഗമുണ്ട്. സമരത്തോടുള്ള മാധ്യമങ്ങളുടെ സമീപനം അങ്ങനെയായിരുന്നോ?

സമരം ആയിരം ദിവസങ്ങൾ തികയുന്നതിനുള്ളിൽ രണ്ടുതവണ സെക്ര​േട്ടറിയറ്റ് മാർച്ച് നടത്തി. ഒന്നോ രണ്ടോ ചാനലുകൾ അല്ലാതെ ഒരു വാർത്തപോലും ആരും കവർ ചെയ്തില്ല. വാർത്താസമ്മേളനങ്ങൾ നടത്തിയതെല്ലാം ചെറിയ കോളങ്ങളിൽ ഒതുക്കി. സമരത്തി​ന്റെ അഞ്ഞൂറാം ദിനം ആചരിച്ചപ്പോഴും മാധ്യമങ്ങൾ പരിപാടിയുടെ പരിസരത്തു പോലുമെത്തിയില്ല.

മീഡിയവൺപോലുള്ള ചുരുക്കം ചില ചാനലുകൾ ഇന്റർവ്യൂ നടത്തുകയും ചർച്ചകളിൽ ക്ഷണിക്കുകയും, സമരങ്ങൾ വാർത്തയാക്കിയെന്നതുമല്ലാതെ, മറ്റാരും ജനങ്ങളിലേക്ക് സമരത്തെ എത്തിക്കാൻ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. മാധ്യമങ്ങൾക്ക് കോടികൾ ലഭിച്ചു എന്നത് ഇതിൽനിന്നും മനസ്സിലാക്കാവുന്നതാണ്.

മാറിമാറി വന്ന സർക്കാറുകൾ കേരളത്തിലെ ജനകീയ സമരങ്ങ​െള ഒത്തുതീർപ്പെന്ന എലിപ്പത്തായത്തിലാക്കുന്ന നിരവധി സംഭവങ്ങളെ മുൻനിർത്തി കരിമണൽ ഖനന വിരുദ്ധ സമരമുന്നണി മുന്നോട്ടുവെക്കുന്ന വ്യവസ്ഥകൾ എന്തൊക്കെയാണ്?

ഈ അടുത്തകാലത്ത് വിജയിച്ച രണ്ടു സമരങ്ങളാണ് ചെങ്ങറ സമരവും വിളപ്പിൽശാല സമരവും. ഡിമാൻഡുകൾ അംഗീകരിക്കപ്പെട്ട ഈ സമരങ്ങൾ ഞങ്ങൾക്ക് കൂടുൽ കരുത്തുനൽകുന്നു. 2008ലെ പി.എസ്.സി പരീക്ഷയിൽ കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ പരിസ്ഥിതി സമരമേത് എന്നുള്ള ചോദ്യത്തിന് ഉത്തരമായി മാറിയ സമരംകൂടിയാണിത്. ഈ സമരത്തി​ന്റെ മറ്റൊരു പ്രത്യേകത ഭരണ-പ്രതിപക്ഷ പാർട്ടികളുടെ പൂർണമായ പിന്തുണയില്ലാതെയാണ് സമരസമിതി നിലനിൽക്കുന്നത് എന്നതാണ്. ജനങ്ങളെ ഭയപ്പെടുത്തിയോ കള്ളക്കേസുകളിലൂടെയോ അകറ്റിനിർത്താൻ ഇന്നും ശ്രമിക്കുന്ന, സജീവനെന്ന സമരാനുകൂലിയായ യുവാവിന്റെ തിരോധാനത്തിനുപോലും വഴിവെച്ച, ആയിരം ദിവസങ്ങൾ പിന്നിട്ട സമരമാണിത്.

ഒരർഥത്തിൽ ഇതൊരു ജ്ഞാനാർജനസമരം കൂടിയാണ്. ഖനനംകൊണ്ടുണ്ടാകുന്ന ദോഷങ്ങൾ എന്താണെന്ന് മനസ്സിലാക്കാനും മനസ്സിലാക്കിക്കാനും അതിനെ ശാസ്ത്രീയമായി അപഗ്രഥിക്കാനും ഇതിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന് പുറത്തുള്ള വിവിധ യൂനിവേഴ്സിറ്റികളിലും ഈ വിഷയത്തെ പറ്റി ആധികാരികമായി പഠിക്കുന്നതിനുള്ള ചർച്ചകൾ ഉണ്ടായി. ചെന്നൈ ഐ.ഐ.ടിയിൽ നടന്ന വേൾഡ് ഓഷ്യൻ കോൺഗ്രസിൽ ലോകപ്രശസ്ത സമുദ്രശാസ്ത്ര ഗവേഷകനായ ഡോ. എൻ.എൻ. പണിക്കർ ലോകത്തിനു മുന്നിൽ ഇതിനെപ്പറ്റി പ്രതിപാദിക്കുകയും ചെയ്തതോടുകൂടി ഈ വിഷയം ലോകജനശ്രദ്ധ പിടിച്ചുപറ്റുകയുംചെയ്തു.

ഇതു സംബന്ധിച്ച ഏതു കാര്യവുമാകട്ടെ, അത് തീരമായാലും കടലായാലും കായലായാലും മത്സ്യസമ്പത്തായാലും കുട്ടനാടിനെ പറ്റിയായാലും നെൽകൃഷിയെ സംബന്ധിച്ചായാലും സമരസമിതി വ്യക്തമായി പഠിച്ചിട്ടുണ്ട്. പരിസ്ഥിതിക്കോ തീരദേശ ജനതക്കോ കോട്ടമുണ്ടാക്കുന്ന ഒരു ഒത്തുതീർപ്പിനും സമരസമിതി വഴങ്ങുകയില്ല.

Tags:    
News Summary - weekly interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.